കടുത്തുരുത്തി: പരസ്പരം യാത്ര പറഞ്ഞില്ലെങ്കിലും ബാബുവും ജോളിയും മരണത്തിലും ഒന്നിച്ചപ്പോൾ അനാഥരായത് അവർ പൊന്നുപോലെ വളർത്തിയ നാലു പെൺമക്കൾ. കോവിഡ് ബാധിച്ചു അച്ഛനും പിന്നാലെ അമ്മയും മരിച്ചപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ഈ പെൺകുട്ടികൾ. കോവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് ചുമട്ടുതൊഴിലാളിയായ കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു (54) ഇക്കഴിഞ്ഞ രണ്ടിനു മരിച്ചു. ഭർത്താവിന്റെ മരണ വിവരം അറിയാതെ 11 ദിവസത്തിനു ശേഷം ചികിത്സയിലിരുന്ന ഭാര്യ ജോളിയും (50) കോവിഡ് ബാധിച്ചു മരിച്ചു.

അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ ആ നാലു പെൺകുട്ടികൾക്കു തുണ ഭിന്നശേഷിക്കാരിയായ പിതൃസഹോദരി മാത്രം. മൂത്ത മകൾ ചിഞ്ചു (25) ഫിസിയോതെറപ്പിയും രണ്ടാമത്തെ മകൾ ദിയ ബാബു ജനറൽ നഴ്‌സിങ്ങിനും പഠിക്കുന്നു. മൂന്നാമത്തെ മകൾ അഞ്ജു (18) പ്ലസ്ടുവിനും നാലാമത്തെ മകൾ റിയ (14) ഒൻപതാം ക്ലാസിലുമാണ്. നാലു പേർക്കും കോവിഡ് ബാധിച്ചിരുന്നു.

ബാബു മരിക്കുമ്പോൾ ജോളി ആശുപത്രിയിലായിരുന്നു. ബാബുവിന്റെ മരണം അന്നു ജോളിയെ അറിയിച്ചിരുന്നില്ല. പിന്നീടു രോഗം കൂടിയപ്പോൾ ജോളിയെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതിനാൽ അതിനും കഴിഞ്ഞില്ല. ഒടുവിൽ പരസ്പരം യാത്ര പറയാതെ അവർ പിരിഞ്ഞു. നെഗറ്റീവായതിനെത്തുടർന്നു ജോളിയുടെ മൃതദേഹം പള്ളിയിൽ സംസ്‌കാരത്തിനു മുൻപു നാലു പേരെയും കാണിച്ചു.

മൺകട്ട കൊണ്ടു ചുമരു തീർത്ത വീട്ടിലാണ് ഇവർ താമസിക്കുന്നത്. 10 സെന്റും വീടുമാണ് ആകെയുള്ള സ്വത്ത്. ബാബുവിന്റെ സഹോദരി ഷൈബിയും കൂലിവേല ചെയ്യുന്നുണ്ടായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ഈ പെൺകുട്ടികളുടെ പഠനവും ഭാവിജീവിതവും അനിശ്ചിതത്വത്തിലായി.

ജോളിയുടെ അനുജത്തിയും നീണ്ടൂർ സ്വദേശിയുമായ സിന്ധു കഴിഞ്ഞ മാസം 12നു തൊണ്ടയിൽ മീന്മുള്ളു കുടുങ്ങി മരിച്ചിരുന്നു. മനം നൊന്ത് ഇവരുടെ സഹോദരൻ സുനിലും അതേ ദിവസം ജീവനൊടുക്കിയിരുന്നു.