ചേർത്തല: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽനിന്നു വീണ് 11 വർഷമായി കിടപ്പിലായ ലൈന്മാനെ കെഎസ്ഇബി മുഴുവൻ ശമ്പളത്തോടെ സർവീസിൽ തിരിച്ചെടുക്കുന്നു. ഇതോടെ പത്തര വർഷത്തെ കുടിശിക ഒരുമിച്ചു നൽകാനും തീരുമാനമായി. ഭിന്നശേഷി കമ്മിഷണറുടെ ഇടപെടലിനെ തുടർന്നാണ് കൊച്ചു കുട്ടന് നീതി ലഭിച്ചത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 9-ാം വാർഡ് തോപ്പുവെളി കൊച്ചുകുട്ടനാണ് ഇത്തിരി വൈകിയെങ്കിലും നീതി ലഭിച്ചത്. 52കാരനായ കൊച്ചുകുട്ടന് വിരമിക്കുന്നതുവരെ എല്ലാ ആനുകൂല്യത്തോടെ ശമ്പളവും ചികിത്സാ സഹായവും ലഭിക്കും.

2010 ഡിസംബർ 15ന് ആണ് കൊച്ചുകുട്ടന്റെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്. പാണക്കുന്നത്തെ വൈദ്യുതത്തൂണിൽ നിന്നു ഷോക്കേറ്റ് വീണ കൊച്ചുകുട്ടൻ 18 ദിവസം വെന്റിലേറ്ററിലും 2 മാസം ആശുപത്രിയിലും കഴിഞ്ഞശേഷം വീട്ടിലെത്തിയെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത നിലയിലാണ്. ട്യൂബിലൂടെയാണ് ആഹാരം നൽകുന്നത്. ഇതിനിടെ രക്താർബുദം ബാധിച്ചു. സഹായിക്കാൻ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും രംഗത്തുണ്ടായിരുന്നെങ്കിലും ദീർഘനാളത്തെ ചികിത്സ ഭാര്യ ബിന്ദു, മക്കൾ അഭിഷേക്, അർച്ചന എന്നിവർ ഉൾപ്പെടുന്ന കുടുംബത്തെ കടക്കെണിയിലാക്കി.

നാലു വർഷത്തെ ചികിത്സയ്ക്കുശേഷം, കൊച്ചുകുട്ടനു പൂർണ ആരോഗ്യവാനായി തിരിച്ചുവരാനാകില്ലെന്നു ഡോക്ടർമാർ വിധിയെഴുതി. ആദ്യം അവധി നൽകിയെങ്കിലും പിന്നീടതു വേതനമില്ലാത്ത അവധിയായി. ഇതോടെ സഹപ്രവർത്തകർ ഇടപെട്ട് 2015 ൽ ആകസ്മിക വിരമിക്കലായി കണക്കാക്കി പെൻഷൻ അനുവദിച്ചു. എന്നാൽ, ആശ്രിത നിയമനത്തിനുള്ള അപേക്ഷ തള്ളി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൊച്ചുകുട്ടന്റെ ദുരിതം വിവരിച്ച് ഭാര്യ കെഎസ്ഇബി ചെയർമാനു കത്തു നൽകിയെങ്കിലും നടപടി വൈകിയപ്പോൾ ഭിന്നശേഷി കമ്മിഷണർ എസ്‌പി. പഞ്ചാപകേശനു പരാതി നൽകി. കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണ് പ്രത്യേക കേസായി പരിഗണിച്ച് തിരിച്ചെടുക്കാനുള്ള നിർദ്ദേശം കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗീകരിച്ചത്.