ന്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് ഒരു മാസത്തിനിടെ നഷ്ടമായതു പ്രിയപ്പെട്ട നാലു പേരെ. മൂത്ത സഹോദരൻ ഡി. സെൽവം (74) കഴിഞ്ഞ 20നു ഹൃദയാഘാതം കാരണം അന്തരിച്ചു. ഏക സഹോദരി പൂവഴകി (58) ഈ മാസം രണ്ടിനും പിതാവിന്റെ സഹോദരി മരതകം (90) മൂന്നിനും അനുജൻ ഡി. കരുണാകരൻ (62) ബുധനാഴ്ചയുമാണു മരിച്ചത്. കോവിഡ് ബാധിച്ചായിരുന്നു മൂവരുടെയും മരണം.

6 സഹോദരന്മാരുടെ ഏക പെങ്ങൾ പൂവഴകി പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപികയായിരുന്നു. കോവിഡ് ബാധിച്ചു വെല്ലൂർ സിഎംസിയിൽ ചികിത്സയിലിരിക്കെയാണു മരണം. തൊട്ടടുത്ത ദിവസം അമ്മായി മരതകത്തിന്റെ മരണം. സഹോദരങ്ങളിൽ നാലാമനായ കരുണാകരൻ ബുധനാഴ്ച രാത്രി വിടപറഞ്ഞു. കോവിഡ് മുക്തരായ ശേഷം വിശ്രമിക്കുന്ന ഡി. രാജയ്ക്കും ഭാര്യ ആനി രാജയ്ക്കും വലിയ ആഘാതമായിരിക്കുകയാണു കുടുംബാംഗങ്ങളുടെ വേർപാട്.

രാജയും ആനിയും ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണു മൂത്ത സഹോദരനെ അസുഖം ബാധിച്ച് വെല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രാജ ആശുപത്രി മുക്തനായ 20ന് അദ്ദേഹവും ആശുപത്രി വിടാൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. എയിംസിൽ നിന്ന് റഫിമാർഗിലെ ഫ്‌ളാറ്റിലെത്തിയ രാജ കേൾക്കുന്നതു സഹോദരന്റെ മരണവാർത്തയാണ്. ഹൃദയാഘാതമായിരുന്നു. കോവിഡ് സുഖപ്പെട്ട മകൾ അപരാജിതയും ഡൽഹിയിൽ വിശ്രമത്തിലാണ്.