തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവാ-കർണാടക തീരത്ത് നിന്ന് കൂടുതൽ ശക്തി പ്രാപിച്ചു ഗുജറാത്ത് ലക്ഷ്യമാക്കി ടൗട്ടെ യാത്ര തുടങ്ങി. നിലവിൽ, ഗോവ-കർണാടക തീരത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം ശനിയാഴ്ച രാത്രി അറിയിച്ചു. ചുഴലിക്കാറ്റ് കേരള തീരം വിട്ടെങ്കിലും 12 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ്‌ 18 ഉച്ചക്ക്/വൈകിട്ടോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത 118 കി.മീ മുതൽ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ടൗട്ടെ കേരളം വിട്ടെങ്കിലും ചുഴലിക്കാറ്റിറ്റെ പ്രഭാവത്തിലുണ്ടായ മഴയിലും കാറ്റിലും കേരളം ഒന്നടങ്കം വലഞ്ഞു.

അതിശക്തമായ മഴയും കാറ്റും കടലാക്രമണവും എല്ലാം ജനജീവിതം താറുമാറാക്കി. തീരപ്രദേശങ്ങളിലെ വീടുകളിൽ എല്ലാം തന്നെ വെള്ളം കയറി. തീരദേശജില്ലകളിൽ രൂക്ഷമായ കടലാക്രമണം തുടരുകയാണ്. തീരപ്രദേശങ്ങളിലെ ജനങ്ങൾ ഭയചകിതരായാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. നിരവധി വീടുകൾ കടലാക്രമണത്തിൽ നശിച്ചു. തീരപ്രദേശത്ത് കടലാക്രമണം ശക്തമാണ്. എല്ലാ തീരദേശജില്ലകളിലും കടൽകയറ്റം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറെ വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. തീരദേശ റോഡുകൾക്കും വലിയ നാശനഷ്ടം ഉണ്ടായി. ഞായറാഴ്ച രാത്രിവരെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്, ബാക്കി അഞ്ച് ജില്ലകിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തീവ്രമഴയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ കാറ്റും ഉണ്ടായി. അച്ചൻകോവിൽ, മണിമലയാറുകളിൽ പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകി. നീരൊഴുക്ക് വർധിച്ചതിനെ തുടർന്നു പത്തനംതിട്ടയിലെ മൂഴിയർ അണക്കെട്ട് തുറന്നു.

മലയോരമേഖലയിലും തീരപ്രദേശത്തും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ടൗട്ടെ ചുഴലിക്കാറ്റ് വരുന്ന 12 മണിക്കൂറിൽ അതി തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ഗോവ, മഹാരാഷ്ട്ര തീരത്ത് അപകടസാധ്യതാ മുന്നറിയിപ്പ് നൽകി. ഗുജറാത്തിലും ജാഗ്രതാ നിർദ്ദേശമുണ്ട്.

പടിഞ്ഞാറൻതീരത്ത് മത്സ്യബന്ധനവും കപ്പൽഗതാഗതവും നിരോധിച്ചു പാക്കിസ്ഥാൻ, മാലദ്വീപ് എന്നീ അയൽരാജ്യങ്ങൾക്കും കാലാവസ്ഥാ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കൊച്ചി മുതൽ കറാച്ചി വരെയുള്ള പ്രധാന തുറമുഖങ്ങളിലെല്ലാം അതീവജാഗ്രതയിലാണ്. 18ാം തീയതിയോടെ ഗുജറാത്ത് തീരത്തെ പോർബന്ദറിന് സമീപം ടൗട്ടെ കരയിലേക്ക് കടക്കാനാണ് സാധ്യത.