- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മാസം മുൻപ് ചാലക്കുടി പുഴയിൽ പതിച്ച കണ്ടെയ്നർ ലോറി ഉയർത്തി; കരയ്ക്കെത്തിച്ചത് 50 ടണ്ണിന്റെ രണ്ട് ക്രെയിനുകളുപയോഗിച്ച്
ചാലക്കുടി: അഞ്ച് മാസം മുൻപു ദേശിയ പാതയിൽ നിന്നും ചാലക്കുടിപ്പുഴയിൽ പതിച്ച കണ്ടെയ്നർ ലോറി നാലര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തു. ഉരുക്കുവടം ഉപയോഗിച്ചു കണ്ടെയ്‌നർ ലോറിയെ പാലത്തിൽ നിർത്തിയ 50 ടണ്ണിന്റെ 2 ക്രെയിനുകളുമായി ബന്ധിച്ചായിരുന്നു ഉദ്യമം. എറണാകുളത്തെ കൃപ ക്രെയിൻ കമ്പനിയാണ് ലോറി ഉയർത്തിയെടുത്തത്.
പാലത്തിന്റെ തൂണുകളിൽ തട്ടാതെയും പാലത്തിന് കേടുപാടു സംഭവിക്കാതെയും വാഹനം ഉയർത്തിയെടുക്കുക ശ്രമകരമായ ജോലിയായിരുന്നു. ദേശീയ പാതയിൽ ഒരു ട്രാക്കിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിട്ടു ഗതാഗതം നിയന്ത്രിച്ചു. ലോറി പുഴയിൽ കിടന്നാൽ പുഴയുടെ സ്വാഭാവിക ഒഴുക്കു തടസ്സപ്പെടുകയും മഴ ശക്തമായാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടാകുമെന്നതുമായിരുന്നു പ്രധാന ആശങ്ക.
ലോറിയുടെ എൻജിനും ഡീസൽ ടാങ്കും ഉൾപ്പെടെ പുഴയിൽ കിടക്കുന്നതു പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. തൂണുകൾക്കു നടുവിൽ കുടുങ്ങി കിടന്നിരുന്ന ലോറി പാലത്തിന്റെ ബലക്ഷയത്തിനു വഴിയൊരുക്കുമെന്നും ആശങ്കയുണ്ടായിരുന്നു.കഴിഞ്ഞ ഡിസംബർ 3നാണ് ലോറി പുഴയിൽ വീണത്.
ചാലക്കുടി ഡിവൈഎസ്‌പി കെ.എം. ജിജിമോൻ, നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, എസ്എച്ച്ഒമാരായ സൈജു കെ. പോൾ (ചാലക്കുടി), ബി.കെ. അരുൺ, എസ്‌ഐമാരായ എം.എസ്. സാജൻ, എയിൻ ബാബു, സി.വി. ഡേവിസ് എന്നിവർ നേതൃത്വം നൽകി. ആരോമൽ കൊല്ലം, ജോബിൻ ചേർത്തല, രാഖിലാൽ (യുപി), സുജിത് പൊന്നൂക്കര, ഷെറഫ്ഖാൻ (യുപി) എന്നിവരാണു ക്രെയിൻ ഉപയോഗിച്ചു ലോറി ഉയർത്തിയത്.