തൃശൂർ: വാക്‌സിനേഷനിലെ കാലതാമസം കാരണം തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ആയിരക്കണക്കിനു വിദേശ മലയാളികൾ. കോവിഡ് രണ്ടാം തരംഗത്തിനു മുൻപായി അവധിക്കെത്തിയ വിദേശ മലയാളികളാണു തിരികെ പോകാനാവാതെ കുടുങ്ങിയത്. രണ്ട് ഘട്ട വാക്‌സിനേഷനും പൂർത്തിയാക്കിയതിന്റെ രേഖയുണ്ടെങ്കിൽ മാത്രമേ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാനാകൂ. എന്നാൽ ആദ്യ ഡോസ് വാക്‌സിൻ പോലും ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ല.

ആറ് മാസത്തിനുള്ളിൽ മടങ്ങിയില്ലെങ്കിൽ വീസ റദ്ദാകും. പലരും നാലുമാസം കഴിഞ്ഞതോടെ ആശങ്കയിലായി. 18 മുതൽ 40 വരെ പ്രായമായവരിൽ വാക്‌സിനേഷൻ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ആദ്യ ഡോസ് ഇപ്പോൾ എടുത്താൽ മാത്രമേ ആറുമാസം തികയും മുൻപ് രണ്ടാം ഡോസും പൂർത്തീകരിച്ച് വിദേശത്തേക്കു മടങ്ങാനാകൂ. 18-40 പ്രായ പരിധിയിലുള്ള ആയിരക്കണക്കിനു ഗൾഫ് മലയാളികൾ ഇപ്പോൾ നാട്ടിലുണ്ട്. വാക്‌സീൻ റജിസ്‌ട്രേഷനു പോലും ഇതുവരെ പലർക്കും കഴിഞ്ഞിട്ടില്ല.

വിദേശത്തു ജോലി ചെയ്യുന്നതിൽ കൂടുതൽ പേരും ഈ പ്രായപരിധിയിലുള്ളവരാണെങ്കിലും ഇവർക്ക് ഇതുവരെ മുൻഗണന ലഭിച്ചിട്ടില്ല. നാട്ടിലുള്ള വിദേശ മലയാളികൾക്കു പ്രായപരിധി നോക്കാതെ തന്നെ വാക്‌സിനേഷനിൽ മുൻഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം.