തൃപ്പൂണിത്തുറ: ഇന്ധന വിലവർദ്ധനവിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതികരണം ശക്തമാകുന്നു. സോഷ്യൽ മീഡിയായിലൂടെ വിദ്യാർത്ഥികളും യുവാക്കളും ആഹ്വാനം ചെയ്ത സമരമുറ്റം പരിപാടിയിൽ വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. രാജ്യത്ത് വീണ്ടും വീണ്ടും ഇന്ധന വില വർധിക്കുകയാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 29 പൈസയും, ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്.

കോവിഡ് മഹാമാരി ജനജീവിതം തകർത്തിരിക്കുമ്പോഴാണ് ഇന്ധന വിലവർദ്ധനവിലൂടെ ജനങ്ങളെ വീണ്ടും കൊള്ള ചെയ്യുകയാണ്. ആരും പ്രതികരിക്കില്ല എന്നു കണക്കുകൂട്ടിയാണ് ഇത്തരത്തിലുള്ള ഒരു കൊള്ളയ്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നത്.

ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടേയും യുവാക്കളുടേയും മുൻകയ്യിൽ കക്ഷി രാഷ്ട്രീയത്തിന് ഉപരിയായി വികസിച്ചു വന്ന കൂട്ടായ്മയാണ് ' ഇന്ത്യാ എഗനിസ്റ്റ് ഫ്യൂവൽ പ്രൈസ് ഹൈക്ക് ' എന്നത്. ഈ കൂട്ടായ്മയാണ് 'സമരമുറ്റം 'എന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധമുള്ള എല്ലാവരും അവരവരുടെ വീട്ടുമുറ്റത്തെ പ്രതിഷേധ വേദിയാക്കുവാനുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികൾ സംസ്ഥാന അടിസ്ഥാനത്തിൽ നടന്നത്. പ്രത്യേക സംഘടനയുടെ ആഹ്വാനമല്ല എന്നതിനാൽ ഒറ്റക്കോ, കുടുംബങ്ങളുമായോ ഡിമാൻഡ് എഴുതിയ പ്ലാകാർഡ് പിടിച്ചു കൊണ്ടുള്ള ഫോട്ടോ പത്രങ്ങളിലും ചാനലുകളിലും പ്രചരിപ്പിക്കുന്നതും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതും പ്രതികരണ വീഡിയോ ചിത്രീകരിച്ചു കൊണ്ട് പ്രതികരിക്കുന്നതും കുറിപ്പുകൾ എഴുതി പ്രചരിപ്പിക്കുന്നതും മറ്റു പ്രതികരണ രീതികളും സംഘടിപ്പിക്കപ്പെട്ടു. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രതിഷേധം നടന്നത്.

പ്രതികരണം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ #IndiaAgainstFuelPriceHike , #FuelAt50? എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികളും യുവാക്കളും തുടങ്ങിയ ഈ മൂവ്‌മെന്റ് വിവിധ വിഭാഗം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു എന്നതാണ് സമരമുറ്റം പരിപാടിയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയാ പ്രവർത്തനത്തിന് ജില്ലയിൽ നേതൃത്വം നൽകുന്ന സംഘാടകരിൽ ഒരാളായ നിളാ മോഹൻ കുമാർ പറഞ്ഞു.