ഗസ്സ: ഇസ്രയേൽ പിടിച്ചെടുത്ത കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജാറായ്ക്ക് സമീപം ഒരു പൊലീസ് ചെക്ക്പോസ്റ്റിലേക്ക് കാറിടിച്ചുകയറ്റി ആറ് പൊലീസുകാർക്ക് പരിക്കേൽപിച്ച ഡ്രൈവറെ പൊലീസ് തത്ക്ഷണം വെടിവച്ചുകൊന്നു. ഈ പ്രദേശത്ത് അനധികൃതമായി യഹൂദന്മാർ കുടിയേറുന്നു എന്നതാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് ഏറ്റവുമടിസ്ഥാനമായ കാരണം. ഇതുമൂലം ഫലസ്തീൻകാർക്ക് പലർക്കും ഇവിടെനിന്ന് ഒഴിയേണ്ടതായും വരുന്നു. ഇത് കേവലം ഒരു റിയൽ എസ്റ്റേറ്റ് പ്രശ്നം മാത്രമായിട്ടാണ് ഇസ്രയേൽ കാണുന്നത്. മാത്രമല്ല, വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുകയുമാണ്.

വഴി തടഞ്ഞ് പൊലീസ് തീർത്ത ബാരിക്കേഡുകൾ അതിവേഗം പാഞ്ഞുവരുന്ന കാർ തകർക്കുന്ന ദൃശ്യൂം റോയിറ്റർ പുറത്തുവിട്ട വീഡിയോയിൽ ഉണ്ട്. ഇത് മനഃപൂർവ്വമുള്ള ഒരു ആക്രമണം തന്നെയാണ് എന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നു. ഡ്രൈവറെ തത്ക്ഷണം വെടിവെച്ചു കൊല്ലുകയായിരുന്നു. ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ പ്രവർത്തനത്തെ, അതീവ ധീരമായ ഒരു നടപടി എന്നാണ് ഹമാസ് വിശേഷിപ്പിക്കുന്നത്.

ഷേയ്ഖ് ജറയിലെ കുടിയൊഴിപ്പിക്കലുകളിൽ നിന്നാരംഭിച്ച സംഘർഷാവസ്ഥ അൽ അഖ്സാ മോസ്‌കിലെ സംഘർഷത്തിൽ എത്തിയതോടെയാണ് അവിടെ പൊലീസിനെ വിന്യസിച്ചത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ച്ച ഹമാസ് ഇസ്രയേലിനു നേരെ നടത്തിയ റോക്കറ്റാക്രമണത്തോടെയാണ് ഇപ്പോഴത്തെ യുദ്ധസമാനമായ സാഹചര്യം രൂപപ്പെടുന്നത്. തകർത്ത പൊലീസ് ബാരിക്കേഡുകൾ രാത്രിതന്നെ ക്രെയിൻ കൊണ്ടുവന്ന് പുനഃസ്ഥാപിച്ചു.

അതേസമയം, ഗസ്സ്സയിലെ ദൃശ്യങ്ങൾ ആരുടെയും കരളലിയിക്കുന്നവയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നുമ്കുട്ടികളുടെ മൃതദേഹങ്ങൾ എടുത്തുമാറ്റുന്ന കാഴ്‌ച്ച അതീവ ദാരുണമായിരുന്നു.ഇന്നലെയും ഗസ്സ്സയിൽ ഇസ്രയേലിന്റെ ആക്രമണം തുടർന്നു. മറുപടിയായി ഹമാസും റോക്കറ്റ് ആക്രമണം നടത്തുന്നുണ്ട്. ഇതിനിടയിൽ വെസ്റ്റ്ബാങ്കിൽ പണിപൂർത്തിയാക്കാത്ത ഒരു യഹൂദപ്പള്ളി തകർന്ന് വീണതിനെ തുടർന്ന് രണ്ടുപേർ മരണമടയുകയും 150 ഓളം പേർക്ക് പരിക്കേൽകുകയും ചെയ്തതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

യഹൂദന്മാരുടെ ഉത്സവമായ ഷാവോട്ടിനു മുന്നോടിയായ പ്രാർത്ഥനാ ചടങ്ങുകൾ നടക്കുന്ന സമയത്തായിരുന്നു പള്ളി തകർന്നു വീണത്. നൂറുകണക്കിന് വിശ്വാസികളായിരുന്നു അപ്പോൾ പള്ളിക്കകത്തുണ്ടായിരുന്നത്. അതിനിടയിൽ ഇന്നലെ ഹമാസിന്റെ ഉന്നതനേതാവായ യാഹിയ സിൻവറുടെയും അദ്ദേഹത്തിന്റെ സഹോദരന്റെ വസതികൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടു. അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തുന്നതായി ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധി അറിയിച്ചു.

ഇന്നലെ ഗസ്സ്സായി നടന്ന ആക്രമണത്തിൽ വീട് പൂർണ്ണമായും തകരുകയും, അമ്മയും സഹോദരങ്ങളും കൊല്ലപ്പെടുകയും ചെയ്ത ഒരു ആറുവയസ്സുകാരിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. പിന്നീട് തന്റെ പിതാവിന്റെ പക്കലെത്തിച്ച സുസി എന്ന ആറുവയസ്സുകാരി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴു മണിക്കൂറോളമാണ് ഈ പെൺകുട്ടിക്ക് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കേണ്ടിവന്നത്.

ജനസാന്ദ്രത ഏറെയുള്ള ഗസ്സ്സാ മുനമ്പിൽ ഹമാസും മറ്റ് ചില ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളും ചേർന്നാണ് ഇസ്രയേലിനു നേരെ അക്രമം അഴിച്ചുവിടുന്നത്. ഇതുവരെ ഏകദേശം 2,800 റോക്കറ്റുകളാണ് ഇസ്രയേലിനു നേരെ ഇവർ തൊടുത്തുവിട്ടിട്ടുള്ളത്. രണ്ടു കുട്ടികൾ ഉൾപ്പടെ 10 പേർ ഇതുവരെ ഇസ്രയേലിന്റെ ഭാഗത്ത് മരണപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഹമാസിന്റെ ഭാഗത്തെ സാധാരണക്കാർ കൂടുതലായി മരണപ്പെടുന്നത് തീവ്രവാദികൾ അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതിനാലാണെന്ന ആരോപണവും ഉയരുന്നുണ്ട്.