ൽ ജസീറ, അസ്സോസിയേറ്റഡ് പ്രസ്സ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനമായിരുന്ന ഗസ്സ്സയിലെ കെട്ടിടം ബോംബിട്ട നടപടി ഇസ്രയേലിനെതിരെ തിരിച്ചടിക്കുകയാണ്. ഇക്കാര്യത്തിൽ ഒരു വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് വിവിധ മാധ്യമ സംഘടനകൾ. അമേരിക്കയിലും ഈ കെട്ടിടം തകർത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ആക്രമണത്തിനു മുൻപേ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിനാൽ, അവിടെ നിന്നും മാധ്യമപ്രവർത്തകരെയും മറ്റു താമസക്കാരെയും ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായില്ല.

ആളുകളെ ഒഴിപ്പിച്ചതിനു ശേഷ്മായിരുന്നു 12 നിലകെട്ടിടം ഭീമൻ മിസൈലുകൾ വർഷിച്ച് ഇസ്രയേൽ സൈന്യം തകർത്തത്. അമേരിക്കയിലും ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ശക്തിപ്രാപിച്ചതോടെ ഇന്നലെ ജൊ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി നേതന്യാഹുവുമായി സംസാരിച്ചു. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ ബൈഡൻ ഇരു വിഭാഗങ്ങളിലും ഉണ്ടായിരിക്കുന്ന നിരപരാധികളുടെ മരണത്തെ കുറിച്ചുള്ള ആശങ്ക അറിയിക്കുകയും ചെയ്തു.

അതേസമയം വടക്കെ അമേരിക്കയിൽ ആകെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധം അലയടിക്കുകയാണ്. ന്യുയോർക്ക്, ബോസ്റ്റൺ, വാഷിങ്ടൺ, മോൺട്രിയൽ, ഡിയർബോൺ, മിച്ചിഗൻ എന്നീ നഗരങ്ങളിലെല്ലാം നൂറുകണക്കിനു പേരാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്. ബ്രൂക്ക്ലൈനിലെ ബേ റിഡ്ജിൽ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി രണ്ടായിരത്തോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഫലസ്തീൻ പതാകയും, ഗസ്സ്സയെ ഇസ്രയേലിൽ നിന്നു മോചിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ഇവർ പ്രതിഷേധിച്ചത്. ഇവിടത്തെ പ്രതിഷേധത്തിൽ ഫലസ്തീനിയൻ വംശജകൂടിയായ പ്രശസ്ത മോഡൽ ജിഗി ഹാദിദും പങ്കെടുത്തു. പരമ്പരാഗത ഫലസ്തീനിയൻ വസ്ത്രവുമണിഞ്ഞാണ് അവർ പങ്കെടുത്തത്.

അതേസമയം, നശിപ്പിക്കപ്പെട്ട കെട്ടിടം ഹമാസ് ഉപയോഗിച്ചിരുന്നു എന്നതിനുള്ള തെളിവുകൾ അമേരിക്കയ്ക്ക് കൈമാറിയതായി ഇസ്രയേൽ അവകാശപ്പെട്ടു. പ്രസിഡണ്ട് ജോ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിനിടയിൽ നേതന്യാഹു ഈ വിലപ്പെട്ട തെളിവും കൈമാറി എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ, ഈ തെളിവിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ ഇസ്രയേൽ തയ്യാറായില്ല. പ്രസ്തുത കെട്ടിടത്തിൽ ഹമാസിന്റെ പ്രവർത്തനം ഉണ്ടായിരുന്നതായി വളരെ വ്യക്തമായ തെളിവുകളാണ് ലഭിച്ചിട്ടുള്ളതെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും സൈനിക വൃത്തങ്ങളും അറിയിച്ചു.

തുടർച്ചയായ ഏഴാം ദിവസവും ആക്രമണം തുടരുമ്പോൾ അതിനെ ന്യായീകരിച്ചുകൊണ്ട് ബെഞ്ചമിൻ നേതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ സ്വയം പ്രതിരോധിക്കുന്നതിനായാണ് ഇത് നടത്തുന്നത് എന്നാൺ അദ്ദേഹം അവകാശപ്പെടുന്നത്. മാത്രമല്ല, ഇക്കാര്യം അമേരിക്കയെ ബോദ്ധ്യപ്പെടുത്താനായി എന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണത്തിനു പിന്നിൽ ചില രാഷ്ട്രീയ നാടകങ്ങൾ ഉണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.