വംശീയവെറിയുടെ നഗ്‌നമായ പ്രകടനമായി മാറിയ ലണ്ടനിലെ ഒരു പ്രതിഷേധത്തിനെതിരെ രാജ്യമാകെ പ്രതിഷേധംകനക്കുകയാണ്. തുറന്ന കാറിൽ പാൽസ്തീൻ കൊടിയുമേന്തി യഹൂദരുടെ അമ്മമാരേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഫലസ്തീൻ അനുഭാവികൾ നടത്തിയ പ്രതിഷേധ പ്രകടനമാണ് ഇപ്പോൾ ജനരോഷത്തിന് ഇരയായി മാറിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് സംഭവം.

കാറുകൾ തടഞ്ഞുനിർത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റൻ പൊലീസ് അറിയിച്ചു. ഫിൻക്ലി റോഡിലൂടെയായിരുന്നു തുറന്ന കാറുകളിൽ ഇവർ യഹൂദവംശക്കാർക്കെതിരെ അശ്ലീലം കലർന്ന മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനം നടത്തിയത്. ഫലസ്തീന് പിന്തുണ നൽകണമെന്നും യഹൂദസ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ഇവർ വിളിച്ച മുദ്രാവാക്യങ്ങൾ. കാഴ്‌ച്ചക്കാരിൽ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്.

യഹൂദവിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ട് വംശീയ വിദ്വേഷം പരത്താൻ ശ്രമിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ പൊലീസ് നടപടികൾ സ്വീകരിച്ചു എന്ന് പൊലീസ് വക്താവ് അറിയിച്ചു. ഉടൻ തന്നെ മുദ്രാവാക്യം മുഴക്കിയിരുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിലവിൽ അവർ വെസ്റ്റ് ലണ്ടൻ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. വംശീയ വിദ്വേഷം പരത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

എസെക്സ് സിനഗോഗിനടുത്ത് ഒരു മുതിർന്ന യഹൂദപുരോഹിതനെ ആക്രമിച്ചു എന്ന വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. ആക്രമണത്തിന് വിധേയനായ പുരോഗിതനെ കിങ് ജോർജ്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തലയ്കും കണ്ണിനുമാണ് പരിക്കേറ്റിട്ടുള്ളത്. ഇതിനു തൊട്ടുപുറകെ ചിഗ്വെല്ലിൽ ഒരു 30 വയസ്സുകാരനെതിരെയും ആക്രമണമുണ്ടായി.

ആക്രമണ വിധേയനായ വ്യക്തിയുടെ കാറിനു മുന്നിലെത്തിയ രണ്ടു കൗമാരക്കാരനാണ് അസഭ്യവർഷത്തിനു ശേഷം ആക്രമണമഴിച്ചു വിട്ടത്. ഇതിനിടയിൽ ആക്രമണവിധേയനായ വ്യക്തിയുടെ ഫോൺ മോഷ്ടിക്കുകയുംചെയ്തു. 15 നും 18 നും ഇടയിൽ പ്രായമുള്ള ആക്രമണകാരികൾ സംഭവത്തിനുശേഷം ഉടൻ സ്ഥലംവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും ഏഷ്യൻ വംശജരാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അതേസമയം ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഫലസ്തീൻ പ്രശ്നങ്ങളുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നിരുന്നാലും, നിരവധി ഇടങ്ങളിൽ ഫലസ്തീനെ പിന്തുണച്ചുകൊണ്ട് പ്രകടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ ഇതിനും അതുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സംഭവം പുറത്തുവന്നയുടൻ തന്നെ ബ്രിട്ടീഷ് സമൂഹത്തിൽ യഹൂദവിരുദ്ധ വികാരത്തിന് സാന്നിദ്ധ്യമില്ലെന്ന ട്വീറ്റുമായി ബോറിസ് ജോൺസൺ രംഗത്തെത്തി. നടന്ന സംഭവം അത്യന്തം ഹീനവും ലജ്ജാകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രകടനത്തിനെതിരെ ലണ്ടൻ മേയർ സാദിഖ് ഖാനും രംഗത്തെത്തി. വംശീയ വിദ്വേഷത്തിന് ലണ്ടൻ നഗരത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. പൊലീസുമായി നിരന്തരം ഇക്കാര്യത്തിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിന്റെ മറവിൽ നഗരത്തിലും പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, നഗരത്തിൽ പൊലീസ് പട്രോളിങ് കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.