ഗസ്സ: ലക്ഷ്യത്തിലൂന്നിയുള്ള ഇസ്രയേൽ ആക്രമണം വീണ്ടും ഫലം കണ്ടിരിക്കുന്നു. ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന്റെ (പി ഐ ജെ) ഉത്തരമേഖലാ കമാൻഡർ ഹുസ്സാം അബു ഹർബിദ് ഇന്നലത്തെ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായ വാർത്തകൾ പുറത്തുവരുന്നു. ഒരൊറ്റ ആക്രമണത്തിൽ നൂറിലധികം ബോംബുകളാണ് ഇന്നലെ ഗസ്സ്സയിൽ വർഷിച്ചത്. ഇന്നലെ ഉച്ചക്ക് നടന്ന ബോംബാക്രമണത്തിലാണ് ഹുസ്സാം അബു ഹർബിദ് കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

നിലവിലെ സംഘർഷത്തിന് തുടക്കം കുറിച്ച റോക്കറ്റ് ആക്രമണത്തിനു പിന്നിൽ ഹർദിൻ ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ 15 വർഷമായി പി ഐ ജെയുടെ കമാൻഡറായി തുടരുകയാണ് ഇയാൾ. പി ഐ ജെ, ഇയാളുടെ മരണവാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വാർത്ത പുറത്തുവന്നയുടനെ ഗസ്സയിൽ നിന്നു തെക്കൻ ഇസ്രയേലിലെ നഗരങ്ങളെ ലക്ഷ്യമാക്കി കനത്ത റോക്കറ്റ് ആക്രമണം നടന്നു. ഏട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതുവരെ ഈ സംഘർഷത്തിൽ 211 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിൽ 201 പേരും ഫലസ്തീനികളാണ്. 58 കുട്ടികളും 34 വനിതകളും ഇതിൽ ഉൾപ്പെടുന്നു.ഇസ്രയേലിന്റെ ഭാഗത്ത് 10 മരണങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതിൽ ഒരു കുട്ടിയും മലയാളിയായ സൗമ്യയും ഉൾപ്പെടും. 1,200 ഫലസ്തീൻ കാർക്ക് ഗുരുതരമായ പരിക്കേറ്റപ്പോൾ 302 ഇസ്രയേലികളും പരിക്കേറ്റ് ചികിത്സയിലാണ്. ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ബോംബാക്രമണമായിരുന്നു ഞായറാഴ്‌ച്ച രാത്രി നടന്നത്.

ഇസ്രയേലിന്റെ 54 ഫൈറ്റർ ജറ്റുകൾ ഗസ്സ്സയിലെ 35 വിവിധ ലക്ഷയങ്ങളീലേക്ക് 20 മിനിറ്റോളം തുടർച്ചയായി ബോംബുകൾ വർഷിക്കുകയായിരുന്നു. ഫലസ്തീനിന്റെ തന്ത്രപ്രധാനമായ ടണലുകളിൽ ഒമ്പത് മൈൽ ദൂരത്തിലുള്ളവ നശിപ്പിച്ചതായും ഇസ്രയേലി സൈനികവൃത്തങ്ങൾ പറഞ്ഞു. മുതിർന്ന ഹമാസ് നേതാക്കളെ സുരക്ഷിതമായി പാർപ്പിക്കുവാനും ആയുധങ്ങൾ ശേഖരിക്കുവാനുമണ് ഈ ടണലുകൾ ഉപയോഗിച്ചിരുന്നത്.

ഇതിന്റെ തുടർച്ചയായി തിങ്കളാഴ്‌ച്ച രാവിലെയും ഉച്ചയ്ക്കും നടന്ന ആക്രമണത്തിലാണ് ജിഹാദി കമാൻഡർ കൊല്ലപ്പെട്ടത്. ഇസ്രയേലി നഗരങ്ങളായ ബീർഷെബ, ആഷ്‌കെലോൺ എന്നിവിടങ്ങളിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഞായറാഴ്‌ച്ച രാത്രിയിലെ ആക്രമണം നടന്നത്. ഇതിൽ ഒരു റോക്കറ്റ് ഒരു സിനഗോഗ് തകർത്തെങ്കിലും ആളപായമൊന്നുമില്ല. അതിനുശേഷമാണ് ഹമാസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയത്.

ഗസ്സ്സയിലെ ഒരു ഫാക്ടറി ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി ഫലസ്തീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഇസ്രയേൽ ആക്രമണം കനത്ത നാശം വിതച്ചതായി ഗസ്സ്സാ മേയർ പറഞ്ഞു. ആക്രമണം തുടരുകയാണെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും അദ്ദേഹം തുടർന്നു. ഗസ്സ്സാ നഗരത്തിലേക്ക് ആവശ്യമായ വൈദ്യൂതി നൽകുന്ന പവർ സ്റ്റേഷനിലെ ഒരു ടർബൈൻ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രികൾക്ക് പോലും ആവശ്യമായ വൈദ്യൂതി ലഭ്യമാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് അധികൃതർ.

നിലവിൽ 8 മുതൽ 12 മണിക്കൂർ വരെ പവർകട്ട് ഉണ്ട്. പൈപ്പ് വെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള വൈദ്യൂതി ഉദ്പാദിപ്പിക്കുവാനുള്ള ഇന്ധനം മാത്രമാണ് ബാക്കിയുള്ളതെന്ന് പവർ സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചു. കമ്പനിയിലേക്ക് ഇന്ധനം എത്തിക്കുന്ന വിതരണപൈപ്പുകൾ ഇസ്രയേലി ആക്രമണത്തിൽ തകർന്നിരിക്കുകയാണ്. മാത്രമല്ല, തുടർച്ചയായ ബോംബാക്രമണം നടക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് പവർ സ്റ്റേഷനിലേക്ക് പോകാനാവാത്ത സ്ഥിതിയുമാണ്.

അതിനിടയിൽ ഇരുകക്ഷികളും വെടി നിർത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്തെത്തി. ഇതേ ആവശ്യമുന്നയിച്ച് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി നേരിട്ട് ഫോണിൽ വിളിച്ചതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനെതിരെ പ്രതികരിക്കുവാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും അമേരിക്ക സമ്മതിക്കുന്നുണ്ട്.

അതേസമയം, സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയുള്ള പ്രസ്താവന ഇറക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങൾക്ക് തടയിട്ടുകൊണ്ട് അമേരിക്ക മൂന്നാം തവണയും വീറ്റോ അധികാരം ഉപയോഗിച്ചു.