- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കാരിയാക്കാനുള്ള കൂലിപ്പണിക്കാരനായ അച്ഛന്റെ കഷ്ടപ്പാടിന് വിരാമമിട്ട് വീട്ടിൽ തളച്ച് ഭർതൃവീട്ടുകാർ; ശാരീരികമായും മാനസികമായും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതോടെ ഒന്നര വയസ്സുള്ള മകനുമായി സ്വന്തം വീട്ടിലേക്ക് തിരികെ: ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയായി ഉയർന്നു പൊങ്ങിയ നൗജിഷ ഇനി പൊലീസുകാരി
ഉയർന്ന ഡിഗ്രികൾ ഉണ്ടായിട്ടും ജോലിക്ക് പോകണമെന്ന ആഗ്രഹം മനസ്സിലൊതുക്കി ഭർതൃവീടുകളിൽ തളച്ചിടപ്പെട്ട പെൺകുട്ടികൾ നിരവധിയാണ് അവിടെ പീഡന പർവ്വം സഹിക്കുമ്പോഴും തന്റെ കുഞ്ഞിനെയും വീട്ടുകാരെയും ഓർത്ത് പല സ്ത്രീകളും ഇതെല്ലാം നിശബ്ദം സഹിക്കും. എന്നാൽ ഭർത്താവിന്റെ ശാരാരികവും മാനസികവുമായ പീഡനങ്ങൾക്കൊടുവിൽ വീടുപേക്ഷിച്ച നൗജിഷ എന്ന പേരാമ്പ്രക്കാരി പീഡന പർവ്വങ്ങൾക്കിപ്പുറം പൊലീസുകാരിയാവാൻ ഒരുങ്ങുകയാണ്.
കൂലിപ്പണിക്കാരനായ പിതാവ് വളരെ കഷ്ടപ്പെട്ടാണ് നൗജിഷയെ എംസിഎ വരെ പഠിപ്പിച്ചത്. മകൾ ജോലിക്കാരിയാകണമെന്നതായിരുന്നു ആ പിതാവിന്റെ ഏറ്റവും വലിയ മോഹം. പഠനത്തിന് പിന്നാലെ വിവാഹവും നടന്നു. ജോലിക്ക് പോകണമെന്ന് വിവാഹത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നെങ്കിലും ഭർതൃ വീട്ടിലെത്തിയപ്പോൾ ആ വാക്കുകൾ ഒന്നും പാലിക്കപ്പെട്ടില്ല. 31 വർഷത്തെ ജീവിതത്തിൽ ഒരു പാട് അനുഭവിക്കേണ്ടി വന്നപ്പോൾ ഒന്നര വയസ്സുകാരനായ മകനുമായി ഭർതൃവീട്ടിൽ നിന്നും പടിയിറങ്ങി.
2013ലായിരുന്നു നൗജിഷയുടെ വിവാഹം. ശാരീരികമായും മാനസികമായും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് മൂന്ന് വർഷത്തെ വിവാഹ ജീവിതത്തിന് വിരാമമിട്ടത്. വീട്ടിലെത്തിയ നൗജിഷയ്ക്ക് എങ്ങനെയും ഒരു സർക്കാർ ജോലി വാങ്ങണമെന്നതായി വലിയ ആഗ്രഹം. വീടിനടുത്തുള്ള ടോപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ പഠനത്തിനെത്തി. പക്ഷേ കേസും കോടതിയും പലപ്പോഴും ക്‌ളാസുകൾ മുടക്കിയെങ്കിലും ഒന്നര വർഷത്തെ പ്രയത്‌നത്തിന് ഒടുവിൽ കഴിഞ്ഞ ഡിസംബറോടെ 141ആം റാങ്കുമായി നൗജിഷ പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം പടിച്ചു. ഒരുമാസമായി വനിതാ പൊലീസ് ട്രയിനിങ്ങിലാണ് ഈ മിടുക്കി.
താൻ അനുഭവിച്ച കഷ്ടപ്പാടുകളിൽ നിന്നുണ്ടായ വാശിയാണ് നൗജിഷയെ പഠിക്കാൻ പ്രേരിപ്പിച്ചത്. നിരന്തര പരിശ്രമത്തിൽ പല ലിസ്റ്റുകളിലും ഇടം നേടി. പക്ഷേ എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും അവൾക്ക് മറച്ചുവയ്‌ക്കേണ്ടി വന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കേസ് നടക്കുമ്പോൾ തന്റെ പേര് ലിസ്റ്റിലുണ്ടെന്നറിഞ്ഞാൽ ബന്ധം പിരിയുന്നതിൽ നിന്ന് ഭർതൃകുടുംബം പിന്മാറുമോ എന്ന് ഭയന്നായിരുന്നു അത്. 'ജീവിതം അവസാനിപ്പിക്കാൻ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് താൻ എന്ന് നൗജിഷ പറയുന്നു.