വ്യക്തിജീവിതത്തിലെ വികാരഭരിതമായ പല ഭൂതകാല നിമിഷങ്ങളും പണമുണ്ടാക്കുവാനായി ഹാരി ഉപയോഗിക്കുകയാണോ ? ഓപ്രാ വിൻഫ്രിയുമായി ചേർന്ന് ആപ്പിൾ ടി വി+ നു വേണ്ടി ഹാരി നടത്തുന്ന പുതിയ മാനസികാരോഗ്യ സംബ്ന്ധിയായ സീരിയലിന്റെ പുതിയ ട്രയലർ കണ്ടാൽ ആർക്കും ഈ സംശയമുണ്ടാകും. 1997-ൽ, തന്റെ മാതാവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോകുന്നതും നോക്കി, പിതാവിന്റെ കൈപിടിച്ച്, നിറകണ്ണുകളോടെ നിൽക്കുന്ന 13 കാരനായ ഹാരിയുടെ ചിത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ ചാൾസ് രാജകുമാരൻ ഹാരിയോട് സംസാരിക്കുന്ന ഒരു ഭാഗത്ത്, സ്ത്രീ ശബ്ദത്തിലുള്ള വീഡിയോ വോയ്സ് ഓവറിൽ പറയുന്നത് മറ്റുള്ളവരോട് പെരുമാറുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരെ ബഹുമാനിക്കുക എന്നതാണ് എന്നാണ്. കൂടാതെ, ആരോടെങ്കിലും ഒരു സഹായം ആവശ്യപ്പെടുക എന്നത് ദുർബലതയുടെ ലക്ഷണമല്ലെന്നും, പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ അത് ശക്തിയുടെ ചിഹ്നമാണെന്നും ഹാരി പറയുന്നുമുണ്ട്.

വരുന്ന വെള്ളിയാഴ്‌ച്ച സംപ്രേഷണം ചെയ്യാൻ പോകുന്ന ''ദി മീ യു കാൺട് സീ'' എന്ന സീരിയലിന്റെ ട്രയലറാണ് പുറത്തുവന്നിരിക്കുന്നത്. ഹാരിക്ക് പുറമേ മേഗനും ആർച്ചിയും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവുപോലെ രാജകൊട്ടാരത്തിനെതിരെയും, താനും പിതാവ് ചാൾസ് രാജകുമാരനെതിരെയും ഹാരി ശബ്ദം ഉയർത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഹാരിക്കും കുടുംബത്തിനും പുറമെ പ്രശസ്ത ഗായിക ലേഡി ഗാഗ, നടി ഗ്ലെൻ ക്ലോസ്, പിന്നെ ഓപ്ര വിൻഫ്രി എന്നിവരും അവരവരുടെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഫ്വാസി എന്നൊരു സിറിയൻ അഭയാർത്ഥിയും ഇതിൽ പങ്കെടുക്കുന്നുണ്ട്. എന്നിരുന്നാലും ഇതിന്റെ മുഖ്യ ആകർഷണം ഹാരി തന്നെയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഈ ഷോയിൽ ഉണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോൾ പുറത്തിറക്കിയ രണ്ടു മിനിറ്റ് നേരത്തേ പ്രമോ ആർച്ച്വെൽ വെബ്സൈറ്റിലും യൂട്യുബിലും ലഭ്യമാണ്.

അതേസമയം, മാനസികാരോഗ്യത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഹാരിയുടെ വാക്കുകൾ എലിസബത്ത് രാജ്ഞിയുടെയും ചാൾസ് രാജകുമാരന്റെയും മാനസികാരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന കാര്യ ഹാരി ആലോചിക്കണമെന്ന് റോയൽ എഡിറ്റർ കാമില ടോമിനെ പറഞ്ഞു. പൊതുശ്രദ്ധ ആകർഷിക്കുവാനുള്ള ഹാരിയുടെ ശ്രമങ്ങൾ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാകരുത് എന്നും അവർ ഓർമ്മിപ്പിച്ചു. ഹാരിക്ക് തന്റെ കഥ പറയുവാനും എഴുതുവാനും ഉള്ള അവകാശവും അധികരവുമുണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിന്റെ പേരിൽ ചില ചൂഷണങ്ങളും നടക്കുന്നതായി അവർ ആരോപിച്ചു.

ഹാരി സ്വന്തം മാനസികാരോഗ്യത്തെ കുറിച്ച് ആദ്യം സംസാരിക്കണമെന്നുമവർആവശ്യപ്പെട്ടു. ഭർത്താവ് മരിച്ച് അധികനാൾ കഴിഞ്ഞിട്ടില്ലാത്ത ഒരു വയോവൃദ്ധയെ വേദനിപ്പിക്കുന്ന വാക്കുകൾ ആരോഗ്യമുള്ള മനസ്സിൽ നിന്നും വരുമോ എന്നതും പരിശോധിക്കേണ്ട കാര്യമാണെന്നു അവർ പറഞ്ഞു. പോഡ്കാസ്റ്റിൽ ഓരോന്ന് പറയുന്നതിനു മുൻപായി ഇംഗ്ലണ്ടിലുള്ള തന്റെ കുടുംബത്തെ അത് എങ്ങനെ ബാധിക്കും എന്നത് ഹാരി ആലോചിക്കണമായിരുന്നു എന്നും അവർ പറഞ്ഞു.