- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിന്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ്ബിനെ ലൈംഗിക കയ്യേറ്റ കേസിൽ വിചാരണ ചെയ്യാനുള്ള മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; സ്റ്റേ ചെയ്തത് ജൂൺ 30 വരെ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ലൈംഗിക പീഡന കേസിലെ കൂട്ടു പ്രതിയായ എയർ ഇന്ത്യ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ്ബിനെ മാനഭംഗ കേസിൽ വിചാരണ ചെയ്യാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മജിസ്‌ട്രേട്ട് കോടതിയിലെ കേസിന്മേലുള്ള എല്ലാ തുടർ നടപടികളും ജൂൺ 30 വരെ നടപ്പിലാക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ്. വി. ഷെർസി ഉത്തരവിട്ടു.
യുവതിയുടെ പരാതി കളവാണെന്നും മജിസ്‌ട്രേട്ട് കോടതി വസ്തുതകൾ ശരിയായ രീതിയിൽ വിലയിരുത്താതെയാണ് തനിക്കെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ടതെന്നും അതിനാൽ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എയർ ഇന്ത്യ സാറ്റ്‌സ് മുൻ ഓഫീസറെ പീഡിപ്പിച്ചുവെന്ന മാനഭംഗ , പൂവാല ശല്യക്കേസിലാണ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വപ്നയെപോലെ ബിനോയിയെ അനുസരിച്ച് കൂടെ നിന്നാൽ തനിക്കും ലക്ഷങ്ങൾ സമ്പാദിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് ബിനോയി ലൈംഗിക കയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നായിരുന്നു കേസ്. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ സാറ്റ്‌സ് എയർപോർട്ട് സർവീസസ് ലിമിറ്റഡ് കമ്പനി ഓഫീസിൽ പലരേയും ബിനോയിയും സ്വപ്നയും ചേർന്ന് ഇത്തരത്തിൽ പ്രലോഭിപ്പിച്ച് ഓഫീസിൽ ഭീതിജനകമായ കള്ളക്കടത്ത് അധോലോകം സൃഷ്ടിച്ചതായും യുവതി ആരോപണമുന്നയിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് കുറ്റപത്രവും അനുബന്ധ റെക്കോർഡുകളും പരിശോധിച്ചതിൽ പ്രതി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് എ. അനീസ പ്രതി വിചാരണ നേരിടാൻ ഉത്തരവിട്ടത്.
തനിക്കെതിരായ ലൈംഗികാരോപണം അടിസ്ഥാന രഹിതമാകയാൽ തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന ബിനോയ് ജേക്കബ്ബിന്റെ വിടുതൽ ഹർജി തള്ളികൊണ്ടാണ് പ്രതിയെ വിചാരണ ചെയ്യാൻ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. കേസിൽ തുടരന്വേഷണം വേണമെന്ന ബിനോയിയുടെ ഹർജിയും കീഴ് കോടതി തള്ളിയിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജിയും 173 (8) പ്രകാരമുള്ള തുടരന്വേഷണ ഹർജിയുമാണ് മജിസ്‌ട്രേട്ട് എ. അനീസ തള്ളിയത്.
2016 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ബിനോയിയുടെയും സ്വപ്നയുടെയുടെയും ഉന്നത സ്വാധീനത്താൽ മ്യൂസിയം പൊലീസ് കേസ് എഴുതിത്ത്ത്തള്ളാൻ പലകുറി ശ്രമിച്ചെങ്കിലും ഓഫീസർ പരാതിയിലും മൊഴിയിലും ഉറച്ചു നിന്നതോടെ ഗത്യന്തരമില്ലാതെ മ്യൂസിയം പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. 2017 ഫെബ്രുവരി 7 നാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് വിടുതൽ ഹർജിയുമായി പ്രതി രംഗത്തെത്തിയത്. വിടുതൽ ഹർജി തള്ളിയപ്പോഴാണ് തുടരന്വേഷണ ഹർജി സമർപ്പിച്ചത്.
സ്വപ്ന സുരേഷ് എയർ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ബിനോയ് ജേക്കബ്ബുമായി ചേർന്ന് ഗൂഢാലോചന നടത്തി എയർ ഇന്ത്യാ ഓഫീസറും എയർപോർട്ട് ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയുമായിരുന്ന പട്ടം സ്വദേശി എൽ. എസ്. സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി എയർപോർട്ട് അഥോറിറ്റി ഡയറക്ടർക്ക് അയച്ചത്. സിബു വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് കാണിച്ച് 17 വനിതകൾ ഒപ്പിട്ടതായ വ്യാജ പരാതി അയച്ച് സിബുവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി. സിബുവിന്റെ പരാതിയിൽ ബിനോയിയെയും സ്വപ്നയെയും ഒന്നും രണ്ടും പ്രതികളാക്കി വലിയതുറ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണത്തിന് ഒച്ചിന്റെ വേഗതയായിരുന്നു. തുടർന്ന് സിബു ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. സ്വപ്ന നൽകിയത് വ്യാജ പരാതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
എയർ ഇന്ത്യ സാറ്റ്‌സിന് ഗ്രൗണ്ട് ഹാൻഡിലിങ് ജോലികൾ ഏൽപ്പിച്ചതിലെ ക്രമക്കേട് , എയർ ഇന്ത്യയെ നഷ്ടത്തിലാക്കുന്ന വൻ സാമ്പത്തിക തട്ടിപ്പുകൾ , എയർ പോർട്ട് അഥോറിറ്റിക്ക് ലഭിക്കേണ്ട റോയൽറ്റി തുകയിലെ വെട്ടിപ്പ് എന്നിവയെക്കുറിച്ച് സിബു സി ബി ഐ ക്കും സെൻട്രൽ വിജിലൻസ് കമ്മീഷനും ( സി വി സി ) പരാതി നൽകിയിരുന്നു. ഈ വിരോധ കാരണത്താൽ സിബുവിനെ എയർപോർട്ടിൽ നിന്ന് പുറത്താക്കണം എന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും കൂടെയാണ് വ്യാജ പരാതി അയച്ചതെന്നും സ്വപ്നയുടെയും ബിനോയിയുടെയും സ്വാധീനത്തിന് വഴങ്ങിയതിനാലും തെറ്റിദ്ധരിപ്പിച്ചതിനാലുമാണ് ചിലർ ഒപ്പിട്ടതെന്നും ചിലരുടെ ഒപ്പ് വ്യാജമാണെന്നും ജീവനക്കാർ ക്രൈം ബ്രാഞ്ചിനും എയർ ഇന്ത്യയുടെ വകുപ്പുതല ആഭ്യന്തര അച്ചടക്ക അധികാര കമ്മിറ്റി മുമ്പാകെയും മൊഴി നൽകി.
ഡിസിപ്ലിനറി അഥോറിറ്റി മുമ്പാകെ നടന്ന വാച്യാന്വേഷണത്തിൽ ആൾമാറാട്ടം നാടത്തി മൊഴി നൽകിയാണ് സ്വപ്ന സിബുവിനെ കുരുക്കിയത്. ഒരു പരാതിക്കാരിയായ പാർവതി സാബുവായി നീതു മോഹനെന്ന യുവതിയെ ആൾമാറാട്ടം നടത്തി ഹാജരാക്കി മൊഴി നൽകിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 2016 ൽ സ്വപ്നയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഐ. റ്റി.സെക്രട്ടറി എം.ശിവശങ്കർ ഐ. എ. എസ്. സ്വപ്നയെ മുഖ്യമന്ത്രിയുടെ അറിവോടെ ഐ. റ്റി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഓപ്പറേഷൻസ് മനേജരായി 1.16 ലക്ഷം രൂപ മാസ ശമ്പളത്തിൽ നിയമനം തരപ്പെടുത്തി നൽകിയത്. ഇതിനായി സ്വപ്ന ഹാജരാക്കിയത് വ്യാജ ബി.കോം. ഡിഗ്രി സർട്ടിഫിക്കറ്റാണ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതിന് കന്റോൺമെന്റ് പൊലീസ് 2020 ൽ കേസെടുത്തുവെങ്കിലും പ്രതികൾക്ക് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയിലുള്ള സ്വാധീനത്താൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.