- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്‌സ് ബ്രൂസിന്റെ സംസ്ക്കാരം ഇന്ന്; 40കാരനായ ബിനോഷിന്റെ മരണം കോവിഡ് മുക്തനായി തുടർ ചികിത്സയിലിരിക്കെ: മരണമെത്തിയത് കോവിഡ്ബാധ മൂലമുള്ള ന്യുമോണിയയുടെ രൂപത്തിൽ
പത്തനംതിട്ട: സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്‌സ് ബ്രൂസ് അന്തരിച്ചു. 40 വയസ്സായിരുന്നു. കോവിഡ് മുക്തനായി തുടർ ചികിത്സയിലിരിക്കെയാണ് ബിനോഷിന്റെ ആകസ്മിക മരണം. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ബിനോഷ് കോവിഡ്ബാധ മൂലമുള്ള ന്യുമോണിയയെ തുടർന്ന് ഏപ്രിൽ 24 മുതൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
പത്തനംതിട്ട അയിരൂർ സ്വദേശിയായ ബിനോഷിന്റെ മൃതദേഹം നാളെ രാവിലെ 10ന് അയിരൂരിൽ എത്തിക്കും. 12ന് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ സംസ്‌കാരം നടക്കും. അയിരൂർ പഞ്ചായത്ത് മുൻ അംഗം കൈപ്പള്ളിൽ തടത്തിൽ ബ്രൂസ് തടത്തിലിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകനാണ്. ഭാര്യ: പന്തളം കുളത്താപ്പള്ളിൽ ഡോ. റേച്ചൽ മാത്യു. മക്കൾ: തരുൺ നൈനാൻ അലക്‌സ്, നിധി എമ്മാ.
സൈബർ ക്രൈം ഫൊറൻസിക് വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ബിനോഷ് കൊച്ചിയിൽ സൈബർ സുരക്ഷ കൺസൽറ്റൻസി നടത്തി വരികയായിരുന്നു. കോവിഡ് രോഗികളുടെ ഡേറ്റ ശേഖരിക്കുന്നതിൽ സ്പ്രിൻക്ലർ കമ്പനിയെ ഉൾപ്പെടുത്തിയതു മൂലമുള്ള വിവര ചോർച്ച ചോദ്യം ചെയ്തു ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയതിലൂടെ ബിനോഷ് ശ്രദ്ധ നേടിയിരുന്നു.