തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം. ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസ് വിദ്യാർത്ഥികൾക്കു കോവിഡ് സാഹചര്യം പരിഗണിച്ചും അടുത്ത ക്ലാസിലേക്കു സ്ഥാനക്കയറ്റം നൽകാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വർഷാന്ത്യ വിലയിരുത്തൽ പദ്ധതി പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണു നിർദ്ദേശം. നടപടികൾ 25ന് അകം പൂർത്തിയാക്കണം. എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകർ ഫോണിൽ ബന്ധപ്പെട്ട് അക്കാദമിക നിലവാരം സംബന്ധിച്ചു സംസാരിക്കണം. 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇതു പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.

അതേസമയം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനനടപടികൾ ഇന്നു തുടങ്ങും. സമ്പൂർണ പോർട്ടൽ വഴിയോ (www.sampoorna.kite.kerala.gov.in) സ്‌കൂളുമായി ഫോണിൽ ബന്ധപ്പെട്ടോ പ്രവേശനം നേടാം. രേഖകൾ ലോക്ഡൗണിനു ശേഷം എത്തിച്ചാൽ മതി. ആധാർ നമ്പർ ലഭിച്ച കുട്ടികളുടെ നമ്പർ ചേർക്കാം.