കേരള രാഷ്ട്രീയചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കാവൽ മുഖ്യമന്ത്രിയായി റെക്കോർഡ് ഇട്ട് പിണറായി വിജയൻ. മെയ്‌ 3ന് രാജി സമർപ്പിച്ച അദ്ദേഹം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന 20 വരെ 17 ദിവസം കാവൽ മുഖ്യമന്ത്രിയായിരിക്കും.

ഇതുവരെ റെക്കോർഡ് എ.കെ. ആന്റണിക്കായിരുന്നു. തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് 1996 മെയ്‌ 9ന് രാജി സമർപ്പിച്ച അദ്ദേഹം അന്നു മുതൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന 20 വരെ 11 ദിവസം കാവൽ മുഖ്യ മന്ത്രിയായിരുന്നു.

ഫലപ്രഖ്യാപനം വന്ന് 18 ദിവസം കഴിഞ്ഞാണ് പിണറായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ഏറ്റവും വൈകിയത് പട്ടം താണുപിള്ളയുടേതാണ്. 1960 ഫെബ്രുവരി ഒന്നിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പിറ്റേന്നു നടന്നു. സത്യപ്രതിജ്ഞ നടന്നത് ഫെബ്രുവരി 22 നായിരുന്നു. അന്നു കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.

ഏറ്റവും വേഗത്തിൽ സത്യപ്രതിജ്ഞ നടന്നത് 1987ലാണ്. മാർച്ച് 23ന് വോട്ടെടുപ്പ്, പിറ്റേന്ന് വോട്ടെണ്ണൽ. അടുത്ത ദിവസം കരുണാകരൻ മന്ത്രിസഭയുടെ രാജി, 26ന് നായനാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.