- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനിൽ 127 ടൗണുകളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തി; 23 ഇടങ്ങളിൽ വ്യാപകമായി പടരുന്നു; കെന്റ് വകഭേദത്തെ മറികടക്കാനുള്ള വളർച്ചയിൽ ജൂൺ 21 ലെ ഇളവുകൾ വേണ്ടെന്ന് വച്ചേയ്ക്കും; ഇന്ത്യൻ കോവിഡ് വകഭേദം ബ്രിട്ടനെ നിരാശപ്പെടുത്തുമ്പോൾ

ഇംഗ്ലണ്ടിലെ 23 ലോക്കൽ അഥോറിറ്റി ഏരിയകളിൽ കെന്റ് വകഭേദത്തേക്കാളേറെ ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനമായതോടെ ബ്രിട്ടൻ വീണ്ടും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. രാജ്യത്തിന്റെ 40 ശതമാനം ഭാഗങ്ങളിലും അതിവ്യാപനശേഷിയുള്ള ഈ ഇനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ജൂൺ 21 ന് പ്രഖ്യാപിക്കുവാനുള്ള അവസാനഘട്ട ഇളവുകൾ നീട്ടിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.
കോവിഡ് ബാധിച്ചവരിൽ നിന്നുള്ള സാമ്പിളുകളുടെ പരിശോധനയിൽ തെളിഞ്ഞത് മെയ് 8 ന് അവസാനിച്ച ആഴ്‌ച്ചയിൽ ബോൾട്ടൺ, ബ്ലാക്ക്‌ബേൺ തുടങ്ങിയ സ്ഥലങ്ങളിലെ 10 കോവിഡ് രോഗികളിൽ 8 പേർക്ക് ബാധിച്ചിരിക്കുന്നത് ഇന്ത്യൻ വകഭേദമാണെന്നാണ്. അതായത് മൊത്തം രോഗികളിൽ 80 ശതമാനം പേരെ ഈ ഇനം ബാധിച്ചിരിക്കുന്നു. എസ്സെക്സിലെ ഷെംസ്ഫോർഡിലും ലണ്ടനിലെ ക്രോയ്ഡോണിലും ഇതുതന്നെയാണ് സ്ഥിതി.
അതുകൂടാതെ, നോട്ടിങ്ഹാം, വെസ്റ്റ് ലങ്കാഷയർ, സ്റ്റീവനേജ്, ഓഡ്ബി, വിഗ്സ്റ്റൺ, സൗത്ത് നോർത്താംപ്ടൺഷയർ, ബ്രോക്സ്ബേൺ, ബ്രോമ്ലി, ഡാർട്ട്ഫോർദ്, സെവനോക്ക്സ്, കന്റർബറി, റഷ്മൂർ, ഹാർട്ട് എന്നിവിടങ്ങളിൽ പകുതിയിലേറെ രോഗികളിലും ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിലെത്തിയിട്ടും, ലോക്ക്ഡൗൺ ഇളവുകൾ നൽകുന്ന പദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് ബോറിസ് ജോൺസൺ പറയുന്നത്.
എന്നാൽ, അക്കാര്യം ഉറപ്പിച്ചു പറയാതെ, പദ്ധതി മാറ്റിവയ്ക്കാൻ തക്കവണ്ണമുള്ള സംഭവവികാസങ്ങളാണ് ഉണ്ടാകുന്നത് എന്നതിന് തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കാര്യങ്ങൾക്ക് ഏതാനും ദിവസങ്ങൾക്കകം ഒരു വ്യക്തത കൈവരും എന്നും അദ്ദേഹം പറയുന്നു. അതേസമയം ഇന്നലെ ബ്രിട്ടനിൽ 2,412 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണങ്ങളും രേഖപ്പെടുത്തി. ഇത് രണ്ടും കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ കുറവാണ് എന്നത് ആശ്വാസം പകരുന്നുണ്ട്.
ബ്രിട്ടന്റെ വാക്സിൻ പദ്ധതിയും പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോവുകയാണ്. ഇന്നലെ 1,06,733 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞപ്പോൾ 2,59,049 പേർക്കാണ് രണ്ടാം ഡോസ് നൽകിയത്. ഇതോടെ ബ്രിട്ടനിലെ 36.8 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും കിട്ടിക്കഴിഞ്ഞിരിക്കുന്നു. 20.5 മില്ല്യൺ ആളുകൾ രണ്ടു ഡോസുകളും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.
ഇംഗ്ലണ്ടിലെ 40 ശതമാനം ഭാഗങ്ങളിൽ ഇന്ത്യൻ വകഭേദം പടർന്നു പിടിച്ചിരിക്കുന്നു എന്ന ഭീതിജനകമായ റിപ്പോർട്ട് പുറത്തുവന്നതോടെ ലേബർ പാർട്ടി നേതാക്കളും പ്രാദേശിക നേതാക്കളും, ഈ ഇനം വ്യാപിക്കുന്ന സ്ഥലങ്ങളിൽ എല്ലാ പ്രായക്കാർക്കും വാക്സിൻ ഉടനടി ലഭ്യമാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.ഈ ആവശ്യം നേരത്തേ സർക്കാർ നിരാകരിച്ചിരുന്നു. അതേസമയം, വാതിൽപ്പുറ ഇടങ്ങളിലെ ഒത്തുചേരലുകളിൽ റൂൾ ഓഫ് സിക്സ് എടുത്തുകളഞ്ഞത് ഉൾപ്പടെയുള്ള ഇളവുകൾ സ്ഥിതിഗതികൾ വഷളാക്കിയേക്കും എന്നൊരു ഭയവും ഉടലെടുത്തിട്ടുണ്ട്.

