അഗളി: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യൽറ്റി ആശുപത്രിയിലെ നഴ്‌സ് കുഴഞ്ഞ് വീണ് മരിച്ചത് പ്രസവ വാർഡിലെ ജോലിക്കിടെ. കോവിഡ് മൂലമാണ് യുവതിയുടെ മരണം സംഭവിച്ചത്. അഗളി ദോണിഗുണ്ട് പച്ചിലംകാട്ടിൽ ഷിബുവിന്റെ ഭാര്യ രമ്യ (35) ആണു മരിച്ചത്.

ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സായ രമ്യ ആശുപത്രിയിലെ പ്രസവ വാർഡിൽ ജോലിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞു ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം തോന്നി വാർഡിലെ കസേരയിൽ ഇരിക്കുകയും പെട്ടെന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്ന്. മക്കൾ: ആൽബിൻ, മെൽബിൻ.