ളവ് പ്രഖ്യാപിച്ചതോടെ വീട്ടിൽ അടച്ചിരുന്ന ബ്രിട്ടീഷുകാർ കൂട്ടത്തോടെ വിദേശത്തേക്ക്; മടങ്ങി വരുന്നവർ രോഗ വാഹകരാകല്ലെന്ന് ഉറപ്പുവരുത്താൽ ക്വാറന്റൈൻ പൊലീസ്; ദിവസവും 10,000 വീടുകളിൽ എങ്കിലും പൊലീസ് എത്തി പരിശോധിക്കും

വിദേശയാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും, കോവിഡിനെതിരെയുള്ള കരുതൽ സർക്കാർ ഉപേക്ഷിച്ചിട്ടില്ല എന്ന് തെളിയുകയാണ്. വിദേശയാത്ര നടത്തി തിരിച്ചെത്തുന്നവരുടെ വീടുകളിൽ ഏതുനിമിഷവും പൊലീസ് എത്തിയേക്കാം എന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രീതി പട്ടേൽ. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങി ആംബർ ലിസ്റ്റിൽ പേരുള്ള രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങുന്നവർ നിയമപ്രകാരം ആവശ്യമായ 10 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകുന്നുണ്ടോ എന്ന് പരിശോധിക്കുവാനാണിത്.

ഒരു ദിവസം 10,000 വീടുകൾ വരെ സന്ദർശിക്കുവാൻ ഈ ഉദ്യോഗസ്ഥർക്ക് കഴിയും. കഴിഞ്ഞയാഴ്‌ച്ച 30,000 വീടുകൾ സന്ദർശിച്ചതായും അഭ്യന്തര സെക്രട്ടറി വെളിപ്പെടുത്തി. ഹോം ക്വാറന്റൈന് വിധേയരാകേണ്ട സമയത്ത് അരെങ്കിലും വീടിന് പുറത്ത് കാണപ്പെട്ടാൽ 10,000 പൗണ്ട് വരെ പിഴ ഈടാക്കും. വരുന്ന മാസത്തോടെ കോവിഡ് നിയന്ത്രണങ്ങൾ പാടെ നീക്കം ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.

ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ ശരാശരി നിലവാരത്തിലാണ് രോഗവ്യാപനം ഉള്ളത്. തീരെ ഒഴിവാക്കാൻ ആകാത്ത അവസരങ്ങളിൽ മാത്രമേ ഈ രാജ്യങ്ങളിലേക്ക് പോകാവൂ എന്നാണ് സർക്കാർ ഉപദേശം . എന്നാൽ ഈ വാരാന്ത്യത്തിനു മുൻപ് തന്നെ ഏകദേശം 2.7 ലക്ഷം ബ്രിട്ടീഷുകാർ ആംബർ ലിസ്റ്റിലുള്ള വിവിധ രാജ്യങ്ങളിലേക്ക് പറക്കും എന്നാണ് കണക്കുകൾ കാണിക്കുന്നത്. സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കായി പ്രതിദിനം 54,000 യാത്രക്കാർക്ക് വരെ പോകാവുന്ന തരത്തിൽ 1,300 വിമാന സർവ്വീസുകളാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്.

എന്നാൽ, ജൂൺ 21 ന് നിയന്ത്രണങ്ങൾ എല്ലാം അവസാനിക്കാൻ ഇരിക്കെ, ഇത്തരത്തിലുള്ള കടുത്ത നടപടികൾ വിപരീതഫലം ഉളവാക്കിയേക്കും എന്ന് ച്ചിൽ ടോറി എം പിമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കോവിഡിനെതിരെ ഇതുവരെ ബ്രിട്ടൻ കൈവരിച്ച നേട്ടങ്ങളെ കേവലം അശ്രദ്ധകൊണ്ട് ഇല്ലാതെയാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. വിദേശത്തുനിന്നെത്തുന്നവർ രോഗവാഹകരാകില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുള്ളത് അത് പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്ന നിലപാടാണ് ആഭ്യന്തര വകുപ്പിനും.

അതേസമയം, നിലവിൽ ബ്രിട്ടനിൽ വ്യാപനത്തിലുള്ള എല്ലാ ഇനം കൊറോണകളേയും പ്രതിരോധിക്കാൻ വാക്സിനുകൾക്ക് കെൽപുണ്ടെന്ന് ബോറിസ് ജോൺസനും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ഉറപ്പിച്ചു പറയുന്നു. രോഗവ്യാപനം പൂർണ്ണമായും നിയന്ത്രിക്കാൻ വാക്സിൻ പദ്ധതി സഹായിക്കുമെന്നും അവർ പറഞ്ഞു.