മാസിന്റെ ഖാസം ബ്രിഗേഡിന്റെ കാൻഡർ മുഹമ്മദ് ഡൈഫിനെ വധിക്കാനുള്ള ഇസ്രയേലിന്റെ രണ്ട് ശ്രമങ്ങളാണ് കഴിഞ്ഞയാഴ്‌ച്ച പരാജയപ്പെട്ടത്. രണ്ട് വധശ്രമങ്ങളിൽ നിന്നും ഡൈഫ് വിദഗ്ദമായി രക്ഷപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന വൃത്തങ്ങൾ അറിയിച്ചു. ബസ്സ് ബോംബിങ്ഉൾപ്പടെ ഇസ്രയേലിലെ വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഈ 55 കാരൻ. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ പ്രധാനമായും ഇയാളെയായിരുന്നു ഇസ്രയേൽ ഉന്നം വച്ചിരുന്നത്.

ഇതിനു മുൻപ് 2001, 2002, 2006, 2014 എന്നീ കൊല്ലങ്ങളിലും ഇയാളെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചിരുന്നു. ഇതിൽ ഇയാൾക്ക് ഒരു കണ്ണും രണ്ട് കാലുകളും ഒരു കൈയും നഷ്ടപ്പെട്ടു. മാത്രമല്ല, ഇയാളുടെ ഭാര്യയും രണ്ട് മക്കളും മരണപ്പെടുകയും ചെയ്തു. ഇയാൾക്കൊപ്പം മറ്റ് ഏഴ് ഉന്നത ഹമാസ് കമാൻഡർമാരെ കൂടി ഉന്നം വച്ചാണ് ആക്രമണങ്ങൾ അസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഇസ്രയേലീ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ഇതിൽ ഡൈഫ് നയിക്കുന്ന ബ്രിഗേഡ് രൂപീകരിച്ച യാഹ്യ സിൻവാറും ഉൾപ്പെടും.

യാഹ്യായുടെ വീടിനു നേരെ നടത്തിയ ആക്രമണത്തിൽ വീട് പൂർണ്ണമായി തകർന്നു എങ്കിലും ആ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. യാഹ്യയേയും ഡൈഫിനേയും ഇല്ലാതെയാക്കാതെ യുദ്ധം നിർത്തില്ലെന്നാണ് ഇസ്രയേൽ സൈനിക കേന്രങ്ങൾ പറയുന്നത്. സർക്കാരിന്റെ അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ സമ്മർദ്ദം ഏറുന്നുണ്ടെങ്കിലും യുദ്ധത്തിൽ വ്യക്തമായ വിജയം കൈവരിക്കാതെ പിൻവാങ്ങരുത് എന്ന അഭിപ്രായമാണ് പ്രധാനമന്ത്രി നേതന്യാഹുവിനും ഉള്ളത്.

അതേസമയം ഡൈഫിനെ ലക്ഷ്യം വയ്ക്കുന്ന എന്ന റിപ്പോർട്ട് ഹമാസ് നിഷേധിക്കുന്നു. ഇത് ശത്രുക്കളെ മാനസികമായി തളർത്താനുള്ള ഇസ്രയേൽ തന്ത്രം മാത്രമാണെന്ന് പറഞ്ഞ ഹമാസ് വൃത്തങ്ങൽ ഡൈഫ് തന്നെയാണ് ഇപ്പോഴും പോരാട്ടം നയിക്കുന്നതെന്നും വ്യക്തമാക്കി. ഇന്നലെയുൻ വ്യോമാക്രമണം തുടർന്ന ഇസ്രയേലിന്റെ 52 ജറ്റുവിമാനങ്ങൾ ഗസ്സായുടെ ആകാശത്ത് പറന്ന് നടത്തിയ ബോംബുവർഷത്തിൽ ഹമാസിന്റെ ഏഴു മൈലോളം നീളം വരുന്ന ടണലുകൾ നശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

2014-ലെ സംഘർഷ സമയത്ത് ഇസ്രയേൽ സൈനികനായിരുന്ന ഹാഡർ ഗോൾഡിനെ തട്ടിക്കൊണ്ടുപോയി കൊന്ന ടണൽ ഉന്നം വച്ചായിരുന്നു ആക്രമണം നടന്നത്. അതേസമയം വെസ്റ്റ് ബാങ്കിലെ രമള്ളയിലും നബുലസിലും പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ ഇസ്രയേൽ സൈന്യവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. രണ്ട് സൈനികർക്കും മൂന്ന് ഫലസ്തീൻ കാർക്കും വെടിവെപ്പിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.