11 ദിവസത്തെ സംഘർഷത്തിനു വിരാമമിട്ട് ഗസ്സയിൽ വെടിനിർത്താൻ ഇസ്രയേലും ഫലസ്തീനും തീരുമാനിക്കുമ്പോൾ പ്രതീക്ഷയിലാണ് ലോകം. വെടിനിർത്തൽ ഇന്നു നിലവിൽ വരും. ഈജിപ്റ്റ്, ഖത്തർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് വെടിനിർത്തൽ കരാറിന് മധ്യസ്ഥ വഹിച്ചത്. ഈജിപ്ഷ്യൻ മധ്യസ്ഥതയിലുള്ള നിർദ്ദേശത്തിന് സുരക്ഷാ മന്ത്രിസഭ ഏകപക്ഷീയമായി അംഗീകാരം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ ഇസ്രയേൽ-ഫലസ്തീൻ വെടി നിർത്തലിന്റെ ക്രെഡിറ്റ് ഏറ്റെടുത്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിനെ അയൺ ഡോം രക്ഷിച്ചോളുമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേൽ -ഫലസ്തീൻ പ്രശ്നത്തിന് താൽക്കാലിക വിരാമമിട്ട ബൈഡൻ തന്റെ സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. ഓരോ മണിക്കൂറിലും നടത്തിയ ഉന്നത തലത്തിലുള്ള ചർച്ചകൾക്ക് ഒടുവിലാണ് പ്രശ്ന പരിഹാരമായതെന്ന് വൈറ്റ് ഹൗസിലെ ക്രോസ് ഹാളിൽ ഇന്നലെ വൈകിട്ട് നടന്ന പത്രസമ്മേളനത്തിൽ ബൈഡൻ വ്യക്തമാക്കി.

ബെഞ്ചമിൻ നെതന്യാഹുവുമായി നടന്ന ചർച്ചയ്ക്കിടെയാണ് വെടി നിർത്തലിന് വഴിയൊരുങ്ങിയത്. പ്രശ്നം തുടങ്ങിയ ശേഷം നെതന്യാഹുവുമായി ആറു വട്ടം സംഭാഷം നടത്തിയതായും അദ്ദേഹം പറഞ്ഞു. നിലവിലെ ശത്രുത 11 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാനുള്ള നെതന്യാഹുവിന്റെ തൂരുമാനത്തെ അഭിനന്ദിച്ചതായും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ പൂർണ പിന്തുണ ഇസ്രയേലിന് വാഗ്ദാനം ചെയ്യുകയും ഇസ്രയേലിലെ നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഹമാസിൽ നിന്നും മറ്റ് ഗസ്സാ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അമേരിക്ക പൂർണമായും പിന്തുണയ്ക്കുന്നു ബൈഡൻ പറഞ്ഞു.

ഗസ്സയിലെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുമായും മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബൈഡൻ ഉറപ്പ് നൽകി. ഹമാസിനെ അല്ല മറിച്ച് ഫലസ്തീൻ ഭരണകൂടത്തെയാണ് ആക്രമണങ്ങൾക്ക് യുഎസ് പഴിക്കുന്നത്. ഫലസ്തീനികൾക്കും ഇസ്രയലികൾക്കും ഒരു പോലെ സുരക്ഷിതരായും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ തുല്യമായ അവകാശം ഉണ്ട്. അതിന് അമേരിക്കൻ ഭരണകൂടം നിശബ്ദവും ഇടതടവില്ലാത്തതുമായ നയതന്ത്രം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി, അതിനായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരേയും പരിക്കേറ്റവരേയും കുറിച്ച് ഒരു നിമിഷം മൗനമായ ശേഷമാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത കുട്ടികൾ അടക്കം നിരവധി പേരുടെ ജീവനെടുത്തു. ഇസ്രയേലികൾക്കും ഫലസ്തീനികൾക്കും പ്രിയപ്പെട്ടവരെ നഷ്ടമായി. ആ കുടുംബങ്ങളുടെ സഹ്കടത്തിൽ പങ്കുചേരുന്നതായും ബൈഡൻ പറഞ്ഞു. വെടിനിർത്തലിൽ ഈജിപ്റ്റും നിർണായക പങ്കുവഹിച്ചതായും ബൈഡൻ പറഞ്ഞു.

തെരുവിൽ ഇറങ്ങി ആഘോഷിച്ച് ഫലസ്തീനികൾ

11 ദിവസം നീണ്ട സംഘർഷത്തിനൊടുവിൽ വെടിവയ്‌പ്പ് നിർത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതോടെ തെരുവിലിറങ്ങി ആഘോഷിക്കുകയാണ് ഫലസ്തീൻ ജനത. തങ്ങളുടെ സ്വാതന്ത്ര്യം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ജനം. ഗസ്സയുടെ തെരുവിലിറങ്ങി ജനം ആഘോഷിക്കുകയാണ്. ഈജിപ്ഷ്യൻ മധ്യസ്ഥതയിലുള്ള നിർദ്ദേശത്തിന് സുരക്ഷാ മന്ത്രിസഭ ഏകപക്ഷീയമായി അംഗീകാരം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി ഇതിന് പിന്നാലെയാണ് ഗസ്സയുടെ തെരുവുകളിൽ ആഘോഷം തുടങ്ങിയത്.

മെയ് പത്തിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 232 ഫലസ്തീനികളാണ് ജീവൻ വെടിഞ്ഞത്. 65 കുട്ടികളും 39 സ്ത്രീകളും ഇതിൽ പെടുന്നു. 1,900 പേർക്ക് പരിക്കേറ്റു. ഗസ്സയിലെ 160 പോരാളികൾക്കാണ് ജീവൻ നഷ്ടമായി ഇസ്രയേൽ വ്യക്തമാക്കി. ഇസ്രയേലിൽ 12 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പള്ളികളിലെ ലൗഡ്സ്പീക്കറുകളിലും മറ്റും വിജയാഹ്ലാദം മുഴങ്ങി. വെടിനിർത്തൽ കരാർപാലിക്കുന്നുണ്ടോ എന്ന് അറിയാൻ കെയ്റോ രണ്ട് മധ്യസ്ഥരെ അയക്കുമെന്ന് വ്യക്തമാക്കി.

ഗസ്സയിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയത്. ഫോണിൽ ടോർച്ച് തെളിച്ച് സ്ത്രീ പുരുഷ ഭേദമന്യേ അനേകർ തെരുവിലൂടെ വിജയാഹ്ലാദവുമായി നടന്നു നീങ്ങി. തങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഏവരും. പരസ്പരം കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും അവർ സന്തോഷം പങ്കുവെച്ചു. വെടിനിർത്തലിനെ അഭിനന്ദിച്ച് ബ്രിട്ടൻ അടക്കം നിരവധി ലോക രാജ്യങ്ങളും രംഗത്തെത്തി.

ഗസ്സയിലെ വീട്ടിൽ തകർന്ന് വീണ് ഇസ്രയേൽ മിസൈൽ

ഗസ്സയിലെ ഒരു വീട്ടിൽ ഇസ്രയേൽ മിസൈൽ തകർന്ന് വീണു. സ്ഫോടനം ഉണ്ടാക്കാതെ വീട്ടിലെ കട്ടിലിൽ തകർന്നു വീണ മിസൈൽ എക്സ്പ്ലോസീവ് വിദഗ്ദർ വന്നാണ് നീക്കം ചെയ്തത്. ഫലസ്തീനിയൻ ഇന്റീരിയർ മിനിസ്റ്ററിയിലെ ടീം ക്രെയിൻ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെയാണ് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് എന്നയാളുടെ വീട്ടിൽ തകർന്നു വീണ മിസൈലിന്റെ അവശിഷ്ടം നീക്കം ചെയ്തത്. കല്ലുകളും മറ്റ് അവശിഷ്ടങ്ങളും മുറിയിൽ ചിതറി കിടക്കുകയാണ്.

ഗസ്സാ മുനമ്പിലൂടെ ഇസ്രയേൽ മറ്റൊരു വ്യോമാക്രമണം അഴിച്ചു വിട്ടപ്പോൾ അക്രമാസക്തമായ ഏറ്റുമുട്ടലുകള്ഡഹമാസ് കൂടുതൽ റോക്കറ്റുകൾ പ്രയോഗിച്ചു. ഹമാസിന് പരമാവധി നാശനഷ്ടമുണ്ടാക്കാനുള്ള നീക്കത്തിനിടെയാണ് മിസൈൽ ഗസ്സയിലെ വീട്ടിൽ തകർന്നു വീണത്.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് വെടിനിർത്തൽ നിലവിൽ വരുന്നത്. ുലർച്ചെ രണ്ട് മണിക്ക് വെടിനിർത്തലിന്റെ കൗണ്ട്ഡൗണിൽ, ഹമാസ് സമയം പരസ്യമായി സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇസ്രയേൽ അംഗീകരിച്ചിരുന്നില്ല. ഫലസ്തീൻ റോക്കറ്റ് സാൽവോകൾ തുടരുകയും ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ചെയ്തു.പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ചു.ഇതോടെ 11 ദിവസമായി തുടരുന്ന യുദ്ധത്തിനാണ് അവസാനമായിരിക്കുന്നത്.

ഇസ്രയേലും ഹമാസും ശത്രുത അവസാനിപ്പിച്ചതിനെത്തുടർന്ന് ഫലസ്തീനികൾ ഗസ്സയിലെ തെരുവുകളിൽ ആഘോഷങ്ങൾ തുടരുകയാണ്.ഈജിപ്തിനൊപ്പം അമേരിക്കയുടെ കടുത്ത സമർദ്ദത്തെത്തുടർന്ന് കൂടിയാണ് തീരുമാനം.കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.തുടർന്ന് ഗസ്സയിലെ ഖാൻ യുനിസിലും ദെയിർ അൽ ബലാഹിലും ഇസ്രയേൽ നൂറുകണക്കിന് വ്യോമാക്രമണം നടത്തി. വീടുകൾ തകരുകയും ഒരാൾ മരിക്കുകയും ചെയ്തു.

ഇസ്രയേൽ സൈനിക സന്നാഹത്തിൽ കാര്യമായ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.വൈകാതെയാണ് സമാധാനത്തിലേക്കുള്ള പ്രഖ്യാപനവുമുണ്ടായിരിക്കുന്നത്.വെടിനിർത്തൽ നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിന്റെ പേരിൽ ഈജിപ്ഷ്യൻ സർക്കാരിനെ അഭിനന്ദിക്കുന്നതായും ബൈഡൻ പറഞ്ഞു.ഈ വെടിനിർത്തലോടെ സമാധാനപരമായ ഒരു നാളെയെ താൻ പ്രതീക്ഷിക്കുന്നുവെന്നും ബെയ്ഡൻ കൂട്ടിച്ചേർത്തു.

മെയ് 10 ന് ആരംഭിച്ച രക്ത രൂക്ഷമായ സംഘർഷത്തിൽ ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം 65 കുട്ടികളും 39 സ്ത്രീകളും ഉൾപ്പെടെ 232 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,900 ലധികം പേർക്ക് വ്യോമാക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.ഗസ്സയിൽ 160 പോരാളികളെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രയേൽ വ്യക്തമാക്കുന്നത്.

ഇസ്രയേലിൽ മരണസംഖ്യ 12 ആയി. അധികൃതർ നൂറുകണക്കിന് ആളുകൾക്കാണ് റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റത്. അപ്രതീക്ഷിത ആക്രമണം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചത് മൂലം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു.