നിയുമുണങ്ങാത്ത അമ്മയുടെ വേർപാടിന്റെ നൊമ്പരങ്ങൾക്ക് കനം വർദ്ധിപ്പിക്കുന്നതാണ് ഹാരിയേയും വില്യമിനേയും സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന അന്വേഷണ റിപ്പോർട്ട്. 1995-ൽ ബി ബി സിയുടെ പനോരമ അഭിമുഖമാണ് ഡയാനയുടെമരണത്തിലേക്കുള്ള വഴിതെളിച്ചതെന്നും, വ്യാജ അവകാശവാദങ്ങളോടെ ഡയാനയെ ബ്ലാക്ക് മെയിൽ ചെയ്തതാണ്. ഈ അഭിമുഖം തയ്യാറാക്കിയതെന്നുമാണ് അന്വേഷണോദ്യോഗസ്ഥനായ മുൻ ജഡ്ജി ലോർഡ് ഡൈസൺ കണ്ടെത്തിയത്.

മുൻപെങ്ങുമില്ലാത്ത വിധമുള്ള പ്രസ്തുത അഭിമുഖം തന്റെ അച്ഛനും അമ്മയും തമ്മിലുള്ള വിവാഹമോചനത്തിൽ കലാശിച്ചു എന്നുമാത്രമല്ല, മറ്റ് അനവധി ഹൃദയങ്ങളിൽ മായാത്ത മുറിപ്പാടുകളും ഉണ്ടാക്കിയെന്ന് വില്യം രാജകുമാരൻ പറഞ്ഞു. ഒരു വാർത്താ വിതരണ സ്ഥാപനം എന്ന നിലയിൽ ബി ബി സിയെ ഏറ്റവും നാണംകെടുത്തുന്ന ഒന്നാണ് ആ അഭിമുഖമെന്നും വില്യം രാജകുമാരൻ പറഞ്ഞു. തന്റെ അമ്മയുടേ അവസാന വർഷങ്ങളിലെ മാനസിക വിഭ്രാന്തിക്കും ഒറ്റപ്പെടലിനും കാരണമായത് തികച്ചും അധാർമ്മികമായ ആ അഭിമുഖമായിരുന്നു എന്നും വില്യം പറഞ്ഞു.

തന്റെ അമ്മയെ കൊന്നതാണെന്നായിരുന്നു ഹാരിയുടേ പ്രതികരണം. തീർത്തും അധാർമ്മികമായ പത്രപ്രവർത്തനത്തിന്റെ ഇരയാണ് തന്റെ അമ്മയെന്നു പറഞ്ഞ ഹാരി, ചിലരെങ്കിലും ഇതിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയതിലും, മറ്റു ചിലർ അവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചകൾ തുറന്ന് സമ്മതിച്ചതിലും സന്തോഷമുണ്ടെന്നും ഹാരി പറഞ്ഞു. അമ്മയെ നഷ്ടപ്പെട്ട മക്കളുടെ ദുഃഖം ആർക്കെങ്കിലുമൊക്കെ മനസ്സിലാകുന്നുണ്ടായിരിക്കും എന്നും ഹാരി പറഞ്ഞു.

ഇന്നലെയായിരുന്നു ഹാരിക്കും വില്യമിനും ബി ബി സിയിൽ നിന്നും ഉപാധികളില്ലാതെ ക്ഷമ ചോദിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്. ബക്കിങ്ഹാം കൊട്ടാരത്തിലും ചാൾസ് രാജകുമാരന്റെ ഔദ്യോഗിക വസതിയിലും ഇത്തരത്തിലുള്ള കത്തുകൾ ലഭിച്ചതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇന്നലെ ബി ബി സി പനോരമയിൽ പ്രത്യക്ഷപ്പെട്ട ഡയാനയുടെ സഹോദരൻ ഏൾ സ്പെൻസർ തന്റെ സഹോദരിയുടെ മരണത്തിനുത്തരവാദിബി ബി സി ആണെന്ന് ഉറപ്പിച്ചു പറഞ്ഞു.

വാർത്തകൾ സൃഷ്ടിക്കുവാനായി ഏത് വളഞ്ഞ വഴിയും സ്വീകരിക്കുന്ന പത്രപ്രവർത്തകർ, അവരുടെ പ്രവർത്തനം മൂലം തകർന്നടിയുന്ന ജീവിതങ്ങളെ കുറിച്ചുകൂടി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുകൊണ്ടുവന്നതിൽ ലോർഡ് ഡൈസണും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും വില്യം രാജകുമാരൻ നന്ദി രേഖപ്പെടുത്തി. മാത്രമല്ല, അദ്ദേഹത്തിന്റെ റിപ്പോർട്ട് ബി ബി സി പൂർണ്ണമായും സ്വീകരിച്ചതിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

അതേസമയം 1995-ൽ ഇക്കാര്യം ഒരു ആരോപണമായി ഉയർന്നുവന്നപ്പോൾ തന്നെ ബി ബി സി ഇത്തരത്തിൽ ഒരു അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കിൽ ഒരുപക്ഷെ തനിക്ക് തന്റെ അമ്മയെ നഷ്ടപ്പെടുകയില്ലായിരുന്നു എന്നും വില്യം പറഞ്ഞു. അങ്ങനെയെങ്കിൽ, താൻ ചതിക്കപ്പെട്ടവിവരം ഡയാന മനസ്സിലാക്കുമായിരുന്നു എന്നും വില്യം കൂട്ടിച്ചേർത്തു. ഒരു ചതിയനായ പത്രപ്രവർത്തകൻ മാത്രമല്ല, ബി ബി സിയുടെ അധികൃതരും തന്റെ അമ്മയെ ചതിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതം മുഴുവൻ സേവനത്തിനായി ഉഴിഞ്ഞുവച്ച ഒരു മഹത്തരമായ ജീവിതമായിരുന്നുതങ്ങളുടെ അമ്മയുടെതെന്ന് ഹാരിയും പറഞ്ഞു. ഒരു വൻചതിയിലൂടെ അത് അവസാനിപ്പിക്കുകയായിരുന്നു. താൻ വഴിയാണ് മാർട്ടിൻ ബഷീർ ഡയാനയുമായി പരിചയപ്പെട്ടത് എന്നതിൽ താൻ അതിയായ മനോവിഷമം അനുഭവിക്കുന്നു എന്നുപറഞ്ഞ സ്പെൻസർ, താനും ചതിക്കപ്പെടുകയായിരുന്നു എന്നും പറഞ്ഞു. കേവലം സാമ്പത്തിക ലാഭം മാത്രം നോക്കി, ഇത്തരത്തിലുള്ള വിവാദ വാർത്തകൾ പടച്ചുവിടുന്ന പരിപാടി ബി ബി സി അവസാനിപ്പിക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്നും ശക്തിയായി ഉയർന്നു വരുന്നുണ്ട്.