കാഞ്ഞങ്ങാട്: മമത്തിക്ക് പൊന്നും വില. കിലോയ്ക്ക് 400 രൂപയാണ് ഇന്നലെ വില. ദിവസങ്ങൾ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ് ഈ തീവില. ഇന്നലെ മത്തി ഒന്നിന്റെ വില 20 രൂപ വരെയായി. 100 രൂപയ്ക്ക് ഇന്നലെ 5 മത്തിയാണ് വിറ്റത്.

കടൽക്ഷോഭവും ലോക്ഡൗണും കാരണം ദിവസങ്ങളായി മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഇതര സംസ്ഥാനത്ത് നിന്നു വരുന്ന മത്തിക്ക് വില കുത്തനെ കൂടുകയായിരുന്നു. മീനിന് വില കൂടിയതോടെ ദുരിതത്തിലായത് മീൻ നടന്നു വിൽക്കുന്ന തൊഴിലാളികളാണ്. വില കുത്തനെ കൂടിയതിനാൽ ആർക്കും മീൻ വേണ്ടാതായി.

മീൻ വില കുത്തനെ കൂടിയപ്പോൾ കോഴി ഇറച്ചി വില കുത്തനെ കുറഞ്ഞു. ഇന്നലെ കോഴി ഇറച്ചി വില കിലോയ്ക്ക് 95 രൂപയായിരുന്നു. ഇതിലും കുറച്ച് വില നൽകിയ വ്യാപാരികളും ഉണ്ട്. 130 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ കുത്തനെ കുറഞ്ഞത്. അതേ സമയം കോഴി തീറ്റയ്ക്ക് വില കുത്തനെ കൂടിയത് കോഴി ഫാം നടത്തുന്നവരെ കാര്യമായി ബാധിച്ചു. 1500 രൂപ ഉണ്ടായിരുന്ന കോഴിത്തീറ്റയുടെ വില ഇപ്പോൾ 2000 രൂപ വരെ എത്തിയെന്ന് കോഴി ഫാം നടത്തുന്ന അമ്പലത്തറയിലെ കൃഷ്ണൻ കല്ലംഞ്ചിറ പറയുന്നു. 55 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില ഇതേ സമയം 16 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.