കൊൽക്കത്ത: ദീദി എനിക്ക് നിങ്ങളെ പിരിഞ്ഞ് ജീവിക്കാനാവില്ല. എന്നെ ദയവായി തിരിച്ചെടുക്കൂ. മമതാ ബാനർജിയുടെ കാലിൽ പിടിച്ചു കരഞ്ഞ് അപേക്ഷിച്ച് ബിജെപിയിലേക്ക് പോയ തൃണമൂൽ കോൺഗ്രസിലെ വനിതാ നേതാവ്. ബംഗാൾ തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ സോനാലി ഗുഹയാണ് മമതയ്ക്ക് മുന്നിൽ അപേക്ഷയുമായി എത്തിയിരിക്കുന്നത്.

''ദീദി, എനിക്കു നിങ്ങളെ പിരിഞ്ഞു ജീവിക്കാനാവില്ല. ബിജെപിയിലേക്കു പോകാൻ വൈകാരികമായെടുത്ത തീരുമാനമാണ്. പ്ലീസ്, എനിക്ക് തൃണമൂലിൽ മടങ്ങിയെത്തണം''. ബംഗാൾ തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ സോനാലി ഗുഹ മുഖ്യമന്ത്രി മമത ബാനർജിക്ക് എഴുതി. കത്ത് സമൂഹ മാധ്യമങ്ങളിലും സോനാലി പങ്കുവച്ചു.

തൃണമൂൽ വിട്ടത് തെറ്റായെന്ന് ബോധ്യമായെന്നും ഹൃദയ വേദനയോടെയാണ് കത്തെഴുതുന്നതെന്നും സോനാലി വിലപിക്കുന്നു. ബംഗാൾ രാഷ്ട്രീയത്തിൽ മമതയുടെ നിഴലായി നടന്ന നേതാവായിരുന്നു സോനാലി. നാല് തവണ തൃണമൂൽ എംഎൽഎ ആയിരുന്ന സോനാലി ഗുഹ മുൻ ഡപ്യൂട്ടി സ്പീക്കറുമാണ്. ഇത്തവണ സീറ്റ് നൽകാതിരുന്നപ്പോഴാണ് അവസാന നിമിഷം ബിജെപിയിൽ ചേർന്നത്. എന്നാൽ ബിജെപിയും ടിക്കറ്റ് നൽകിയില്ല.

അതേസമയം, സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ കുമാർ അധികാരി, സഹോദരൻ ദിബ്യേന്ദു അധികാരി എന്നിവർക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇരുവരും പാർലമെന്റ് അംഗങ്ങളാണ്. തൃണമൂൽ ടിക്കറ്റിലാണ് ജയിച്ചതെങ്കിലും ഇരുവരും പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്.