ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സജീവ അഗ്നി പർവ്വതമായ നിയാർ ഗോംഗോ പൊട്ടിത്തെറിച്ചു. അന്തരീക്ഷം മുഴുവൻ ചുവന്ന പുകയാൽ നിറഞ്ഞതോടെ ജനം പേടിച്ചരണ്ട് അയൽ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തു. ഭയചകിതരായ ജനം കിടക്കയും മറ്റ് സാധനങ്ങളുമായി അതിർത്തി കടന്ന് അതിർത്തി കടക്കുക ആയിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഫോൺ ബന്ധം തടസ്സപ്പെടുകയും ചെയ്തതോടയാണ് ഗോമയിൽ നിന്നും ജനം ഭയപ്പെട്ടോടിയത്.

രാത്രി ഏഴ് മണിയോടെയായിരുന്നു അഗ്നി പർവ്വത സ്‌ഫോടനം. അതേസമയം പേടിക്കേണ്ടതില്ലെന്നും ഗോമാ സിറ്റി അപകടാവസ്ഥയിൽ അല്ലെന്നും വോൾക്കാനോളജിസ്റ്റുകൾ വ്യക്തമാക്കി. യുഎൻ ഹെലികോപ്റ്റർ നടത്തിയ നിരീക്ഷണത്തിൽ ഗോമാ സിറ്റി അപകടത്തിലല്ലെന്നും ലാവ ഗോമാ സിറ്റിയിലേക്കോ ജനവാസ മേഖലയിലേക്കോ ഒഴുകുന്നില്ലെന്നും കണ്ടെത്തി. രാജ്യത്തെ വിരുങ്കാ നാഷണൽ പാർക്കിലാണ് ഈ അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്നത്.

വോൾക്കാനോ സ്‌ഫോടനം ഉണ്ടായപ്പോൾ ആകാശം ചുവന്ന നിറമായി മാറിയതായി ജനം പറയുന്നു. സൾഫറിന്റെ ഗന്ധം നിറഞ്ഞതായും കിലോമീറ്ററുകൾ അകലെ നിന്നു പോലും ഭീമമായ തീ അഗ്നി പർവ്വതത്തിൽ നിന്നും പുറത്തേക്ക് വരുന്നത് കാണാമായിരുന്നെന്നും ജനം പറഞ്ഞു. ഇതോടെ ജനം ഭയചകിതരായി. ഇതോടെ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ജനം റുവാണ്ടയിലേക്ക് പലായനം ചെയ്യുക ആയിരുന്നു.