വസാനം ആ ആശങ്കയ്ക്കും അറുതിവന്നിരിക്കുന്നു. നിലവിലെ വാക്സിനുകൾ കൊറോണയുടെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് സംശയത്തിനതീതമായി ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുകയാണ്. ലോക പ്രസിദ്ധമായ പോർട്ടോൺ ഡൗൺ റിസർച്ച് സെന്ററിലെ ഗവേഷകരാണ് പുതിയ വകഭേദത്തിന്റെ കാര്യത്തിലും, രോഗം പടരാതിരിക്കാനും, ഗുരുതരമാകാതിരിക്കാനുംനിലവിലെ വാക്സിനുകൾ ഫലപ്രദമാണെന്ന് തെളിയിച്ചത്. ഈ പുതിയ വകഭേദത്തിനു സംഭവിച്ച ജനിതകമാറ്റം വാക്സിനെ പ്രതിരോധിക്കുന്നതിൽ വളരെ തുച്ഛമായ അളവിലുള്ള കഴിവ് മാത്രമെ നൽകിയിട്ടുള്ളു എന്നാണ് പഠനത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

അതേസമയം ഇന്ന് 60 മില്ല്യൺ ജനങ്ങൾക്ക് ആദ്യത്തേതും രണ്ടാമത്തേതും ഡോസുകൾ നൽകുക എന്ന നാഴികക്കല്ലിലേക്ക് ബ്രിട്ടൻ എത്തിച്ചേരും. ഇന്നലത്തോടെ ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ 71.6 ശതമാനം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 41.9 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വകഭേദത്തെ ചെറുക്കാനും ഈ വാക്സിൻ ഫലവത്താണെന്ന റിപ്പോർട്ട് വന്നതോടെ നേരത്തേ നിശ്ചയിച്ചതുപോലെ ജൂൺ 21 ന് ബ്രിട്ടൻ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

കെന്റ് വകഭേദത്തേക്കാൾ 50 ശതമാനം അധിക വ്യാപന ശേഷിയുള്ളതാണ് ഇന്ത്യൻ വകഭേദം എന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. എന്നാൽ, നിയന്ത്രിക്കാവുന്ന രീതിയിൽ, 20 മുതൽ 30 ശതമാനം വരെ മാത്രം അധികവ്യാപനശേഷിയേ ഇതിനുള്ളു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. കെന്റ് വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ 93 ശതമാനം കാര്യക്ഷമത പ്രദർശിപ്പിച്ചപ്പോൾ ഇന്ത്യൻ വകഭേദത്തിനെതിരെ 88 ശതമാനം കാര്യക്ഷമതയുണ്ടെന്നും അവർ പറയുന്നു.അസ്ട്രാസെനെക വാക്സിൻ കെന്റ് വകഭേദത്തിനെതിരെ 66 ശതമാനം ഫലവത്തായിരുന്നെങ്കിൽ ഇന്ത്യൻ വകഭേദത്തിനെതിരെ 60 ശതമാനം ഫലവത്താണ്.

അസ്ട്രാസെനെകയുടെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള ഫൈസറിന്റേതിനേക്കാൾ കൂടുതലാണ് അതുകൊണ്ട് അത് പൂർണ്ണ ക്ഷമതയിൽ എത്തുന്നത് വൈകുന്നതിനാലാകാം ഇത്തരത്തിലുള്ള വ്യത്യാസം വന്നത് എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഏതായാലും, നിലവിലെ വാക്സിനുകളെല്ലാം തന്നെ ഇന്ത്യൻ വകഭേദത്തെ ചെറുക്കുവാൻ പ്രാപ്തരാണെന്ന അറിവ് വളരെയധികം ആശ്വാസം പകരുന്ന ഒന്നാണ്.

ബ്രിട്ടനിൽ രോഗവ്യാപനം വർദ്ധിക്കുമ്പോഴും മരണനിരക്ക് കുറയുന്നു

ഇന്നലെയും ബ്രിട്ടനിലെ രോഗവ്യാപനതോതിൽ വലിയ വർദ്ധനവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വർദ്ധനവാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ദൃശ്യമായത്. ഇന്നലെ 2,694 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ച ഇത് 2,027 പേർക്ക് മാത്രമായിരുന്നു. അതേസമയം കോവിഡ് മൂലം ഇന്നലെ മരണമടഞ്ഞവരുടെ എണ്ണം 6 ആയി. കഴിഞ്ഞയാഴ്‌ച്ച ഇത് 7 ആയിരുന്നു.

വൈറസിന്റെ വ്യാപനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ആർ നിരക്ക് 0.9 ആയി ഉയർന്നു എന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. അതേസമയം, അതിവേഗം വ്യാപിക്കുന്ന ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ രോഗപരിശോധന സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ ആറ് ബറോകളിലാണ് ഇപ്പോൾ ഈ ഇനത്തിന്റെ സാന്നിദ്ധ്യം കൂടുതലായുള്ളത്. ബെഡ്ഫോർഡ്, ബേൺലി, കിർക്ലീസ്, ലെസ്റ്റർ, നോർത്ത് ടൈനിസൈഡ് എന്നിവിടങ്ങളിൽ വാക്സിൻ പദ്ധതിക്ക് വേഗത വർദ്ധിപ്പിച്ചിട്ടുമുണ്ട്.