വിമർശകരുടെ വായ അടപ്പിക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് ബെലാറസിലെ ഏകാധിപതിയായ പ്രസിഡണ്ട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. തന്നെ ഏറെ വിമർശിച്ച ഒരു പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്യുവാൻ കൈവിട്ട കളിയാണ് അദ്ദേഹം കളിച്ചിരിക്കുന്നത് . ഗ്രീസിലെ ഏഥൻസിൽ നിന്നും ലിത്വാനിയയിലേക്ക് പറന്ന റെയ്ൻഎയർ വിമാനത്തെ ഫൈറ്റർ ജറ്റ് അയച്ച് ഹൈജാക്ക് ചെയ്ത് ബെലാറസിലെ മിൻസ്‌കിൽ ഇറക്കുകയായിരുന്നു. തുടർന്ന് അതിൽ സഞ്ചരിച്ചിരുന്ന പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്തു. ഒരു കേസിൽ വധശിക്ഷ വിധിക്കപ്പെട്ടയാളാണ് ഈ പത്രപ്രവർത്തകൻ.

ഏഥൻസിൽ നിന്നും ലിത്വാനിയയിലെ വിൽനിയസിലേക്ക് പോവുകയായിരുന്ന റെയ്ൻഎയറിന്റെ എഫ് ആർ 4978 എന്ന വിമാനത്തിനാണ് അസാധാരണമായ അനുഭവമുണ്ടാകുന്നത്. 171 യാത്രക്കാരുമായി പോയ വിമാനത്തെ അതിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം അയച്ച് ബെലാറസിൽ അടിയന്തരമായി ഇറക്കുവാൻ പ്രേരിപ്പിക്കുകയായിരുന്നു. മാത്രമല്ല, ഒരു മിഗ്-29 വിമാനം അയച്ച് റെയ്ൻഎയർ വിമാനത്തിന് മർഗ്ഗതടസ്സം സൃഷ്ടിക്കുകയും ചെയ്തു.

തുടർന്ന് അതിൽ യാത്ര ചെയ്യുകയായിരുന്ന റൊമൻ പ്രൊട്ടാസെവിച്ച് എന്ന പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുട്ടിന്റെ കളിപ്പാവയായ ബെലാറസ് ഏകാധിപതി അലക്സാൻഡർ ലുക്കാഷെങ്കോവിന്റെ കടുത്ത വിമർശകനായ പ്രോട്ടാസെവിച്ച് പോളണ്ട് ആസ്ഥാനമായി നെക്സ്റ്റാ എന്നൊരു വാർത്താ ഏജൻസി നടത്തുന്നുണ്ട്. ബെലാറസ് ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് അമിത പ്രാധാന്യം നൽകി ടെലെഗ്രാം മെസഞ്ചറിലൂടെ പ്രചരിപ്പിക്കുകവഴി രാജ്യത്തിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും, കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.

തളിയിക്കപ്പെട്ടാൽ മരണശിക്ഷവരെ ലഭിച്ചേക്കാവുന്ന ഈ കുറ്റം പക്ഷെ പ്രോട്ടസെവിച്ച് നിഷേധിച്ചിട്ടുണ്ട്. ബ്രിട്ടൻ, അമേരിക്ക, അയർലൻഡ്, ജർമ്മനി, ലിത്വാനിയ, ലാറ്റ്‌വിയ, എസ്റ്റോണിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാഷ്ട്രങ്ങൾ ഇന്നലെ ഈ സംഭവം നടന്ന ഉടൻ തന്നെഭരണകൂട ഭീകരതയെ വിമർശിച്ച്രംഗത്തെത്തിയിട്ടുണ്ട്. 26 കാരനായ പ്രൊട്ടസെവിച്ചിനെ മോചിപ്പിച്ചില്ലെങ്കിൽ നിലവിൽ ലുക്കാഷെങ്കോയുടെ ഭരണകൂടത്തിനെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പും ഈ രാജ്യങ്ങൾ നൽകിയിട്ടുണ്ട്.

മിൻസ്‌കിലെ വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിൽ നിന്നും യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുനു. തുടർന്ന് വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും മുന്നറിയിപ്പ് നൽകിയതുമാതിരി ബോംബുകളൊന്നും കണ്ടെത്തിയില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ തിരിച്ചുകയറ്റി. പ്രറ്റസൈവിച്ചിന്റെ പെൺ സുഹൃത്ത് ഉൾപ്പടെ നാലുപേർ തിരികെ വിമാനത്തിൽ കയറിയില്ല എന്നാണ് അധികൃതർ അറിയിച്ചത്.

ഈ മറ്റു നാലുപേർ ആരൊക്കെയെന്ന് ബെലാറസ് വ്യക്തമാക്കിയിട്ടില്ല. ലിത്വാനിയ ഇക്കാര്യം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.