ഗുവാഹത്തി: അസമിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടന ദിമാസ നാഷനൽ ലിബറേഷൻ ആർമി (ഡിഎൻഎൽഎ) അംഗങ്ങളായ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

രഹസ്യ വിവരത്തെ തുടർന്ന് പൊലീസും അസം റൈഫിൾസും ചേർന്ന് ഇന്നലെ പുലർച്ചെ നടത്തിയ നീക്കത്തിനൊടുവിലായിരുന്നു നാഗാലാൻഡ് അതിർത്തിയോടു ചേർന്ന കർബി അംഗ്ലോങ് ജില്ലയിലുണ്ടായ ഏറ്റുമുട്ടൽ. എകെ 47 തോക്കുകളും വെടിയുണ്ടകളുമുൾപ്പെടെ ആയുധശേഖരം കണ്ടെടുത്തു. കഴിഞ്ഞയാഴ്ച ദോജിഫാങ് മേഖലയിൽ പുരോഹിതൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഈ മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു.