- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞിനു ജന്മം നൽകിയ കാമുകിയെ കൈവിടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി; കോവിഡ് ഒരു വർഷത്തിനകം തീരുമെന്ന പ്രതീക്ഷയിൽ ബോറിസ് ജോൺസൺ അടുത്ത വർഷം ജൂലായിൽ മിന്നുകെട്ട് തീരുമാനിച്ച് ക്ഷണം തുടങ്ങി
ദീർഘകാലത്തെ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്. നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന ആദ്യത്തെ അവിവാഹിതരായ പങ്കാളികളാണ് 56 കാരനായ ബോറിസ് ജോൺസനും 33 കാരിയായ കാരി സിമ്മണ്ട്സും. ഇവർ തമ്മിലുള്ള ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഇപ്പോൾ 2022 ജൂലായ് 30 ന് ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ് എന്നുമാത്രമല്ല, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിവാഹത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തും ലഭിച്ചിരിക്കുന്നു.
2019-ൽ ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നു എങ്കിലും പിന്നീട് കോവിഡ് പ്രതിസന്ധിമൂലം അത് നീട്ടിവയ്ക്കുകയായിരുന്നു. വിവാഹം എവിടെവച്ചായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ലെങ്കിലും അത് അടുത്ത വർഷം തന്നെ നടക്കുമെന്ന് ഇവരുടെ സുഹൃത്തുക്കൾ ഉറപ്പിച്ചു പറയുന്നു. ജോൺസന്റെ ബക്കിങ്ഹാംഷയറിലുള്ള വലിയ ബംഗ്ലാവിലായിരിക്കും വിവാഹം നടക്കുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പൊർട്ടുകൾ ഉണ്ട്. കാരി ജോലിചെയ്യുന്ന കെന്റിലെ പോർട്ട് ലിമ്പ്നേ സഫാരി പാർക്കിലായിരിക്കും വിവാഹം നടക്കുക എന്ന് മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.
2019-ലെ പൊതുതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി നല്ലൊരു വിജയം നേടിയതിനു ശേഷം കരീബിയൻ ദ്വീപിലെ മസ്റ്റിക്യുവിലെ ഒരു ഒഴിവുകാല യാത്രയിലാണ് ബോറിസ് ജോൺസൻ കാരി സിമ്മണ്ട്സിനോട് ആദ്യമായി പ്രണയഭ്യർത്ഥന നടത്തുന്നത്. പ്രധാനമന്ത്രിയായതിനു ശേഷം ഔദ്യോഗിക വസതിയായ നമ്പർ 10 ലെ രണ്ടുമുടി വീട്ടിൽ താമസിക്കാതെ നമ്പർ 11 ലെ നാല് കിടപ്പുമുറികളുള്ള വലിയ ഫ്ളാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. നിയമപരമായി വിവാഹിതരാകാതെ കാരി സിമ്മണ്ട്സിന് എല്ലാ അർത്ഥത്തിലും ബ്രിട്ടന്റെ പ്രഥമ വനിതയാകാൻ കഴിയില്ലെന്ന അഭിപ്രായം ഇടക്കാലത്ത് ഉയർന്നുവന്നിരുന്നു.
സിമ്മണ്ട്സ് ഗർഭിണീയായിരിക്കെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. ഇതിനു മുൻപ് രണ്ടു തവണ വിവാഹിതനായ വ്യക്തിയാണ് ബോറിസ് ജോൺസൺ. രണ്ടാമത്തെ ഭാര്യയായ മറീന വീലറുമായുള്ള വിവാഹമോചനം നടന്നതും അതേ മാസം തന്നെയായിരുന്നു. ഇവരിൽ ബോറിസ് ജോൺസണ് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. കഴിഞ്ഞവർഷം ഏപ്രിലിലായിരുന്നു ബോറിസ് ജോൺസന്റെയും കാരി സിമ്മണ്ട്സിന്റെയും മകനായ വിൽഫ്രെഡിന്റെ ജനനം.