കണ്ണൂർ: കോവിഡിനെ അതിവേഗം നേരിടാൻ കണ്ണുർ സർവകലാശാലയുടെ കേരള സേഫെന്ന പേരിൽ മൊബൈൽ ആപ്‌ളിക്കേഷൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കണ്ണൂർ സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിച്ച മൊബൈൽ അപ്ലിക്കേഷൻ കേരള- സേയ്ഫ് നാടിന് സമർപ്പിച്ചു.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും സന്നദ്ധ സേവന പ്രവർത്തകരുടെ പേരും ഫോൺ നമ്പറും മരുന്നുകളുടെ ലഭ്യത, ആബുലൻസ് സർവീസ്, കോവിഡ് ചികിത്സ കേന്ദ്രങ്ങൾ ഡോക്ടർമാരുടെ പൂർണ വിവരങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും.

ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. കോവിഡ് പ്രതിരോധരംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സമാന്തര സോഫ്റ്റ് വെയർ രംഗത്ത് കണ്ണൂർ സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കേരള സേഫ് മൊബൈൽ ആപ്‌ളിക്കേഷനെന്നും ശിവദാസ് പറഞ്ഞു.

കണ്ണൂർ സർവകലാശാല വി സി ഡോ.ഗോപിനാഥ് രവീന്ദ്രൻ, മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, അംഗങ്ങളായ എൻ.പി ശ്രീധരൻ, വി.കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ആപ്‌ളിക്കേഷൻ ഡവലപ്പർ അജിത്ത് കുമാർ പദ്ധതി വിശദീകരിച്ചു.