- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം ചാട്ടവാറടി ഏൽക്കുക; ചങ്ങലയിൽ ബന്ധിക്കപ്പെടുക; ഒരു ചെറിയ ടിന്നിലെ വെള്ളത്തിൽ തുണിയലക്കുക; മദർ തെരേസയുടെ മിഷിണറീസ് ഓഫ് ചാരിറ്റിയിൽ സ്വയം ഏൽക്കേണ്ടി വരുന്ന പീഡനങ്ങൾ ഇങ്ങനെ; മഠത്തിൽനിന്നും പുറത്തുപോയ വെള്ളക്കാരായ മൂന്ന് കന്യാസ്ത്രീകളുടെ വെളിപ്പെടുത്തൽ
മാതൃസ്നേഹത്തിന്റെ മകുടോദാഹരണമായാണ് ലോകം മദർ തെരേസയെ കാണുന്നത്. എന്നാൽ അവരുടെ പിൻഗാമിയായി, അവർ സ്ഥാപിച്ച മിഷിണറീസ് ഓഫ് ചാരിറ്റിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ കനത്ത പീഡനങ്ങൾ സ്വയം ഏറ്റുവാങ്ങേണ്ടതായുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട ജീവിതം നയിക്കണമെന്നു മാത്രമല്ല, സ്വയം ചാട്ടവാറടി ഏൽക്കുകയും, മുൾചങ്ങലകൾ അണിയുകയും ഒക്കെ വേണമത്രെ!
മിഷണിറിയിൽ നിന്നും പുറത്തെത്തിയ മുൻ കന്യാസ്ത്രീകളുടെതാണ് ഈ വെളിപ്പെടുത്തൽ. 1997-ൽ ഔദ്യോഗികമായി മിഷിണറിയുമായുള്ള ബന്ധം വേർപെടുത്തുന്നതുവരെ 20 വർഷക്കാലം അതിൽ പ്രവർത്തിച്ച സ്ത്രീയാണ് മേരി ജോൺസൺ. ഇവർ എഴുതിയ ആത്മാനുഭവങ്ങൾ പോഡ്കാസ്റ്റായി വന്നതോടെയാണ് ഈ വിവരങ്ങൾ ലോകം അറിയുന്നത്. മെഷിണറിയിൽ പല രഹസ്യ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെന്ന് ഇവർ പറയുന്നു. പുതിയതായി ചേരുന്ന സ്ത്രീകളുടെ തലമുടി മുഴുവനായും വടിച്ചെടുക്കുകയും അത് കത്തിക്കുകയും ചെയ്യും.
ഒരു മെഷിണറി എന്നതിനേക്കാൾ ഉപരി ഒരു പ്രത്യേക കൾട്ട് ആണ് മെഷിണറീസ് ഓഫ് ചാരിറ്റി എന്നാണ് ഇവർ പറയുന്നത്. എന്നാൽ, ലോകം മെഷിണറീസ് ഓഫ് ചാരിറ്റിയെ അറിയുന്നത് കത്തോലിക്ക സഭയുടെ ഭാഗമായിട്ടായതിനാൽ ഇതിനെ ആരും ഒരു കൾട്ട് എന്ന് വിളിക്കുന്നില്ലെന്ന് മാത്രം, അവർ തുടരുന്നു. ഇതിൽ ചേരുന്നവരെല്ലാവരും തന്നെ ദാരിദ്ര്യം, ബ്രഹ്മചാര്യം അതുപോലെ അനുസരണ എന്നീ കാര്യങ്ങളിൽ ദൃഢപ്രതിജ്ഞ എടുക്കണം. മാത്രമല്ല, ജീവിതം മുഴുവൻ സ്വമനസ്സാലെ പാവങ്ങളുടെ സേവനത്തിനായി മാറ്റിവയ്ക്കുവാനും തീരുമാനിക്കണം. എന്നാൽ, ഇതിനുള്ളിലുള്ളവർ തമ്മിലുള്ള സൗഹൃദങ്ങൾ പോലും വിലക്കപ്പെട്ടിരിക്കുകയാണെന്നും മേരി പറയുന്നു.
മെഷിണറി അംഗങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വന്തം വീട്ടിൽ നിന്നുള്ള ഫോൺ വിളികൾ സ്വീകരിക്കാൻ അനുവാദമില്ല. മാത്രമല്ല, 10 വർഷത്തിൽ ഒരിക്കൽ മാത്രമാണ് അവർക്ക് സ്വന്തം വീട് സന്ദർശിക്കുവാനുള്ള അനുവാദമുള്ളത്. ടൈം മാഗസിനിൽമദർ തെരേസയെ കുറിച്ചുവന്ന ഒരു ലേഖനത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ടെക്സാസ് സ്വദേശിയായ മേരി 1977-ൽ മെഷിണറി ഓഫ് ചാരിറ്റിയിൽ ചേരുന്നത്. അന്ന് അവർക്ക് 19 വയസ്സായിരുന്നു പ്രായം. സിസ്റ്റർ ഡോനാറ്റ എന്ന പേര് സ്വീകരിച്ച അവർ അസിസ്റ്റന്റ് സൂപ്പർവൈസർ വരെ ആയി.
അംഗങ്ങളിൽ കർശനമായ ബ്രഹ്മചാര്യം നടപ്പിലാക്കുന്ന കാര്യത്തിൽ ചിത്തഭ്രമം പിടിപെട്ട ഒരു മാനസികാവസ്ഥയിലായിരുന്നു മദർ തെരേസ എന്ന് അവർ പറയുന്നു. അംഗങ്ങൾ പോലും പരസ്പരം സ്പർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കുവാൻ നിർബന്ധിച്ചിരുന്നു. അതുപോലെ, ഇവർ ശുശ്രൂഷിച്ചിരുന്ന നിരാലംബരേയും, തീരെ നിവർത്തിയില്ലാത്ത സന്ദർഭങ്ങളിൽ മാത്രമായിരുന്നു സ്പർശിക്കുവാനുള്ള അനുവാദം ഉണ്ടായിരുന്നത്.
അതുപോലെ മെഷിണറി അംഗങ്ങൾക്ക് സുഹൃത്തുക്കൾ ഉണ്ടാകരുത് എന്നത് കർശനമായ ഒരു നിയമമാണെന്നും ഇവർ പറയുന്നു. അംഗങ്ങൾ തമ്മിൽ പോലും പരിധിയിലധികം സംസാരിക്കാനോ ബന്ധം പുലർത്താനോ അനുവദിച്ചിരുന്നില്ല. മഠത്തിൽ പാലിക്കേണ്ട ത്യാഗങ്ങൾ വളരെ കർശനമായിരുന്നു. കുളിക്കുന്നത് പോലും അനാവശ്യമായ ഒരു ആഡംബരമായായിരുന്നു കണ്ടിരുന്നത് എന്നും അവർ പറയുന്നു. ഒരിക്കൽ, ആഡംബരം ഒഴിവാക്കുവാൻ ചൂടുവെള്ളം ഉപേക്ഷിച്ച് പച്ചവെള്ളത്തിൽ കുളിച്ചതിന് വഴക്ക് കേൾക്കേണ്ടി വന്ന സന്ദർഭവും ഇവർ വിവരിക്കുന്നുണ്ട്.
പരിശീലനത്തിനൊടുവിൽ തനിക്ക് സന്യാസിനി പട്ടം ലഭിച്ചപ്പോൾ മുടി മുഴുവനും വടിച്ചെടുത്ത് അഗ്‌നിക്കിരയാക്കി മറ്റ് കന്യാസ്ത്രീകൾ കൂട്ടം ചേർന്ന് പാട്ടുപാടിയ കഥയും ഇവർ പറയുന്നു. ഇത്തരത്തിൽ മുടി മുറിക്കുന്നത് ദൈവത്തിനോടുള്ള കടുത്ത ആരാധനയുടെ പ്രതിബിംബമാണെന്നായിരുന്നു മദർ തെരേസ പറഞ്ഞിരുന്നത് എന്നും അവർ പറയുന്നു. മുടി മുറിക്കുന്നതു പോലെ മറ്റൊരു ആചാരമാണ് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സ്വയം ചാട്ടവാറടി ഏൽക്കുക എന്നത്. ഈ സ്വയം പീഡനം ഒരുതരം തപസ്യയാണെന്നാണ് മദർ തെരേസ പറഞ്ഞിരുന്നത് എന്നും ഇവർ പറയുന്നു. ഞായറാഴ്‌ച്ചയും ഉത്സവ ദിവസങ്ങളും ഒഴിച്ചുള്ള ദിവസങ്ങളിലെല്ലാം ഇത് ചെയ്യണമായിരുന്നു.
ആദ്യം ദിവസേന 15 അടിവീതമാണ് അനുഭവിച്ചിരുന്നത്. പിന്നീട് അത് ക്രമേണ ഉയർന്ന് 50 അടി വരെയായി. ഇത്തരത്തിൽ സ്വയം പീഡിപ്പിക്കുന്നതിലൂടെ ഒരു പാപിയാണെന്ന് സ്വയം സമ്മതിക്കുകയും ഉള്ളിലുള്ള അഹം ബോധം ഇല്ലാതെയാവുകയും ചെയ്യും എന്നായിരുന്നു മെഷിണറി അധികൃതർ പഠിപ്പിച്ചിരുന്നത്. അടക്കിപ്പിടിച്ച ലൈംഗിക മോഹങ്ങൾ വൈകൃതങ്ങളായി പുറത്തുവരുന്നതിന്റെ ഭാഗവുമാകാം ഈ ആചാരം എന്നും അവർ പറയുന്നു.
1973-ൽ ആസ്ട്രേലിയയിൽ മെഷിണറീസ് ഓഫ് ചാരിറ്റിയിൽ ചേർന്ന് പിന്നീട് അവിടെനിന്നും പുറത്തുപോയ കൊളെറ്റെ ലിവർമോറും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവച്ച്കൊണ്ട് ആത്മകഥയെഴുതിയിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളുമായുള്ള ബന്ധം പാടെ വിഛേദിക്കപ്പെടും എന്നാണ് അവർ പറയുന്നത്. ഒരിക്കൽ തന്റെ സഹോദരൻ ആശുപത്രിയിലാണെന്ന് കാണിച്ച് അമ്മ എഴുതിയ കത്ത് പോലും തന്നെ കാണിച്ചില്ലെന്നും ഇവർ പറയുന്നു. പിന്നീട് അമ്മ ഫോൺ വിളിച്ച് കരഞ്ഞുപറഞ്ഞപ്പോഴാണ് താനുമായി സംസാരിക്കാൻ അനുവദിച്ചതെന്നും ഇവർ പറയുന്നു. എന്നാലും, വീട്ടിൽ പോയി സഹോദരനെ സന്ദർശിക്കുവാനുള്ള അനുമതി നൽകിയില്ല.
മിഷിണറീസ് ഓഫ് ചാരിറ്റിയിൽ ചേരുന്നവരെ ഒന്നുമല്ലാതാക്കി തീർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അവിടത്തെ പട്ടാള രീതിയിലുള്ള പരിശീലനം എന്ന് അവിടെ നിന്നും വിട്ടുവന്ന മറ്റൊരു മുൻ കന്യാസ്ത്രീ ആയ കെല്ലി ഡൺഹാം പറയുന്നു. ആദ്യമാസങ്ങളിൽ നിങ്ങളെ കഴിയുന്നത്ര ഒറ്റപ്പെടുത്താനായിരിക്കും ശ്രമിക്കുക. ദാരിദ്ര്യമുള്ളവരെ സേവിക്കണമെങ്കിൽ നമ്മൾ ദാരിദ്ര്യമെന്തെന്ന് അറിയണമെന്ന മദർ തെരേസയുടെ വാക്കുകളുടെ അടിസ്ഥാനത്തിലാണ് അവിടെ ഇത്രയുംതീവ്രമായ പരിശീലനം നടക്കുന്നത് എന്നാണ് അവർപറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ