ഫ്രഞ്ച് സൈക്കോപ്പാത്തും സീരിയൽ കില്ലറുമായിരുന്ന ചാൾസ് ശോഭരാജിന്റെ മകൾ വഴിവിട്ട് സഞ്ചരിക്കുകയാണ്. ലോകമറിയുന്ന ക്രൂരനായ പിതാവിന്റെ മകൾ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള കുരിശൂയുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ ജനിച്ച ഉഷ സട്ട്ലിഫ് എന്ന ഈ 50 കാരി ഇപ്പോൾ അമേരിക്കൻ സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ പ്രവർത്തിക്കുകയാണ്. കൂട്ടത്തിൽ ആഭ്യന്തര സുരക്ഷയുടെ ചുമതലയും ഈ സ്‌ക്വാഡിനുണ്ട്. തന്റെ ഇരുണ്ട ഭൂതകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും അദ്ഭുതകരമായ കാര്യ ഇവർ ലോസ് ഏഞ്ചലസ് പൊലീസ് വകുപ്പിൽ ദീർഘകാലമായി റിസർവ് ഓഫീസറായും സേവനമനുഷ്ഠിക്കുന്നു എന്നതാണ്.

തന്റെ പാരീസ് സ്വദേശിനിയായ അമ്മയെ 1975-ൽ ലിയോൺ ഹാരിസ് വിവാഹം കഴിച്ചതോടെയാണ് ഉഷ അമേരിക്കയിൽ എത്തുന്നത്. ഇപ്പോൾ 75 വയസ്സുള്ള ലിയോൺ ഹാരിസ് പറയുന്നത് കുട്ടിയായിരുന്ന കാലം മുതൽ തന്നെ ഉഷയ്ക്ക് ശോഭരാജുമായി ബന്ധമില്ല എന്നാണ്. തനിക്ക് ജന്മം നൽകിയ പിതാവിനെ കാണണമെന്ന ആഗ്രഹം ഉഷയ്ക്ക് തീരിയില്ലെന്നാണ് ലിയോൺ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. അയാളുമായി സംസാരിക്കുവാനും തീരെ താത്പര്യമില്ല.

തികച്ചും രഹസ്യാത്മക സ്വഭാവം കാത്തുസൂക്ഷിക്കേണ്ടുന്ന ഒരു ജോലിയിലാണ് ഉഷ ഏർപ്പെട്ടിരിക്കുന്നത്. സ്വന്തം പിതവിനെ പോലെ തന്നെ നിശ്ചയദാർഢ്യമുള്ള മനസ്സിനുടമയും സൗന്ദര്യമുള്ളവളും ആണ്. എന്നാൽ അവർ തമ്മിലുള്ള സാമ്യം അവിടം കൊണ്ട് അവസാനിക്കുന്നു എന്നാണ് ലിയോൺ പറയുന്നത്. ഇപ്പോൾ എട്ടുവയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയായ ഉഷ വളരെ ചെറുപ്പത്തിൽ തന്നെ തന്റെ യഥാർത്ഥ പിതാവിനെ കുറിച്ചുള്ള വിവരങ്ങൾ എല്ലാമറിഞ്ഞിരുന്നു. എന്നാൽ, ഒരിക്കലും അവർ തന്റെ പിതാവിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല എന്നും ലിയോൺ പറയുന്നു.

തന്റെ ഭൂതകാലം മുഴുവനും മറക്കുവാൻ തന്റെ അമ്മയുമായുള്ള ബന്ധം പോലും ഉഷ ഉപേക്ഷിച്ചതായാണ് ലിയോൺ പറയുന്നത്. ബിക്കിനി കില്ലർ എന്നും സർപ്പം എന്നും അറിയപ്പെട്ടിരുന്ന ചാൾസ് ശോഭരാജിന് ഇപ്പോൾ 77 വയസ്സുണ്ട്. 1970-ൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് നേപ്പാളിൽ തടവുശിക്ഷ അനുഭവിച്ചു വരികയാണ് ഇയാൾ. ഇതിനിടയിൽ തന്റെ അഭിഭാഷകന്റെ മകളായ 23 വ്വയസ്സുള്ള ഒരു ടെലിവിഷൻ അവതാരികയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

പുതുവത്സര തലേന്ന് ബി ബി സി വണ്ണിൽ പ്രീമിയർ പ്രക്ഷേപണം ചെയ്തതിനുശേഷം ശോഭരാജിന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു സീരിയൽ ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ പ്രദർശിപ്പിച്ചു വരുന്നുണ്ട്. ബാങ്കോംഗ്, തായ്‌ലൻഡ് തുടങ്ങിയ ഇടങ്ങളിൽ 1975 ൽ നടത്തിയ കൊലപാതക ശ്രേണിയാണ് പ്രധാനമായും സീരിയലിന്റെ ഇതിവൃത്തം. സീരിയലിന്റെ അവസാന ഭാഗങ്ങളിൽ ശോഭരാജിന്റെ ആദ്യ ഭാര്യയും മകളും കഥാപാത്രങ്ങളായി വരുന്നുണ്ട്. ഇതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സീരിയൽ നിർമ്മാതാക്കൾ ഉഷയേയും അമ്മയേയും സമീപിച്ചിരുന്നെങ്കിലും അവർ ആ അഭ്യർത്ഥന നിരസിക്കുകയായിരുന്നു.

ശോഭരാജും ഭാര്യയും ഒളിവിൽ താമസിക്കുമ്പോൾ 1970-ൽ മുംബൈയിൽ ആയിരുന്നു ഉഷ ജനിച്ചത്. പാരിസിലെ ഒരു പരമ്പരാഗത കുടുംബത്തിലെ അംഗമായിരുന്നു ഉഷയുടെ അമ്മ. ഇന്ത്യൻ ബിസിനസ്സുകാരന് വിയറ്റ്നാമിലെ ഒരു ഷോപ്പിലെ വില്പനക്കാരിക്ക് പിറന്നയാളാണ് ചാൾസ് ശോഭരാജ്. ശോഭരാജിന്റെ ജനനശേഷം അമ്മ ഒരു ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും അയാൾ ശോഭരാജിനെ ദത്തെടുക്കുകയും ചെയ്തു. വളരെ ചെറുപ്പത്തിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ് ചാൾസ് ശോഭരാജ്.

ഉഷയുടെ ജനന ശേഷവും ഒളിവു ജീവിതം തുടർന്ന ശോഭരാജും ഭാര്യ ചന്റാലും 1973-ൽ കാബൂളിൽ വച്ച് ഒരു ഹോട്ടലിലെ ബില്ല് അടയ്ക്കാത്തതിന് അറസ്റ്റിലാവുകയായിരുന്നു. അന്ന് ഇവരോടൊപ്പമുണ്ടായിരുന്ന ഉഷയെ ചന്റാലിന്റെ അമ്മ പാരീസിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് തടവുചാടി രക്ഷപ്പെട്ട ചാൾസ് ശോഭരാജ് പാരീസിലെത്തി ഭാര്യാമാതാവിന് മയക്കുമരുന്ന് നൽകി തന്റെ മകളെയുംകൊണ്ട് അവിടെനിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഉഷയുമായി ഇറാനിലെത്തിയ ചാൾസ് ശോഭരാജ് അവിടെ ഒരു ചൂതാട്ട കേന്ദ്രത്തിൽ വച്ച് അറസ്റ്റിലായി.

1973-ൽ അഫ്ഗാനിസ്ഥാനിലെ ഒരു വനിത ജയിൽ സന്ദർശനത്തിനിടെയാണ് ലിയോൺ ചന്റാലിനെ കണ്ടുമുട്ടുന്നത്. പിന്നീട് ജയിൽ മോചിതയായ ഇവരെ വിവാഹം കഴിക്കുകയും പാരീസിലെത്തി ഉഷയേയും കൊണ്ട് അമേരിക്കയിലേക്ക് പറക്കുകയുമായിരുന്നു. അമേരിക്കയിലെ കണക്ടിക്യുട്ടിലെ ലിച്ച്ഫീൽഡ് എന്ന ഒരു ഇടത്തര പട്ടണത്തിൽ ജീവിതം തുടർന്ന ചന്റാൽ മ്യുസിക് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുവാൻ ആരംഭിച്ചു. ഇവിടെ വച്ചാണ് രണ്ടാമത്തെ മകൾക്ക് ഇവർ ജന്മം നൽകുന്നത്.