ഗൂഢാലോചന സിദ്ധാന്തങ്ങളും മതപരമായ തൊടുന്യായങ്ങളും ഉയർത്തി കോവിഡ് വാക്സിനെതിരെ എതിർപ്പുയർത്തുന്നവർക്ക് ചുട്ട മറുപടി നൽകുകയാണ് സൗദി അറേബ്യ. നിങ്ങൾ ഉംറ തീർത്ഥാടനത്തിനോ ഹജ്ജിനോ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് അത് സാധിക്കുകയില്ല. അതുപോലെ സൗദിയിലെ യൂണിവേഴ്സിറ്റികളിലും, മാളുകളിലും ഓഫീസുകളിലും പ്രവേശനം ലഭിക്കണമെങ്കിലും വാക്സിൻ എടുത്ത് അതിന്റെ തെളിവ് ഹാജരാക്കേണ്ടതായി വരും. വിദേശയാത്രയ്ക്കും വാക്സിൻ നിർബന്ധമാക്കുകയാണ്.

കോവിഡ് പ്രതിസന്ധിയിൽ തകർന്ന് കിടക്കുന്ന ടൂറിസം-സ്പോർട്സ് - വിനോദ മേഖലയെ ഉണർത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ റിയാദിൽ വാക്സിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. ആഗോളാടിസ്ഥാനത്തിൽ തന്നെ വാക്സിൻ വിരുദ്ധർ കോവിഡ് പ്രതിരോധ നടപടിയെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ സൗദി അറേബ്യ അവരെ കർശനമായി തന്നെ നേരിടാൻ ഒരുങ്ങുകയാണ്.

പെട്രോൾ അടിസ്ഥിതമായ സമ്പദ്ഘടനയെ, വൈവിധ്യമുള്ള സമ്പദ്ഘടനയായി മാറ്റുന്നതിന്റെ ഭാഗമായുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വാക്സിനേഷനും ഉൾപ്പെടുത്തിയിരിക്കുകയാണ്. വിവിധ ആഗോള കായിക മാമാങ്കങ്ങൾക്ക് വേദിയൊരുക്കിയും ടൂറിസം ഉൾപ്പടെയുള്ള മേഖലകളെ വിപുലപ്പെടുത്താനും ഉള്ള ശ്രമമാണ് ഈ പദ്ധതിയിൽ ഉള്ളത്. കോവിഡ് പ്രതിസന്ധിയിൽ ഈ മേഖലകൾ തകർന്നടിഞ്ഞതോടെയാണ് ഉയർത്തെഴുന്നേല്പിനുള്ള തീവ്ര ശ്രമങ്ങളുമായി സൗദി ഭരണകൂടം മുന്നോട്ട് വരുന്നത്.

തീർത്ഥാടനത്തിന് ആറുമാസം മുൻപ് കോവിഡ് ബാധിച്ച് സുഖപ്പെടുകയോ അല്ലെങ്കിൽ വാക്സിന്റെ രണ്ട് ഡോസുകളും എടുക്കുകയോ ചെയ്തവരെ മാത്രമെ ഇനി മുതൽ ഉംറ തീർത്ഥാടനത്തിന് അനുവദിക്കുകയുള്ളു. ഇത് തെളിയിക്കുന്ന സാക്ഷ്യപത്രം കൂടി ഇനിമുതൽ ഇതിനായുള്ള യാത്രാ രേഖകളുടെ ഭാഗമാകും. ഇസ്ലാമത വിശ്വാസികൾക്ക് ഏറ്റവും പ്രാധാന്യമുള്ള ഹജ്ജ് തീർത്ഥാടനത്തിനും ഈ നിബന്ധന ബാധകമാക്കിയേക്കും.

അതുപോലെ, കഴിഞ്ഞവർഷം മുതൽ നിർത്തിയിട്ടിരിക്കുന്ന വിദേശ യാത്രകൾ പുനരാരംഭിക്കുമ്പോൾ വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും വിദേശയാത്ര നടത്താനുള്ള അനുമതി നൽകുക. അതുകൂടാതെ, പൊതുജനാഭിപ്രായത്തിന് എതിരായാണെങ്കിൽ പോലും ഓഗസ്റ്റ് 1 മുതൽ സർക്കാർ-സ്വകാര്യ ഒഫീസുകളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. അതുപോലെ പൊതുഗതാഗതം ഉപയോഗിക്കുവാനും വാക്സിൻ നിർബന്ധമായി വരും.

സൗദി അറേബ്യയിൽ തൊഴിലെടുത്ത് ജീവിക്കുന്നതിനും ഇനി വാക്സിൻ എടുത്തേ മതിയാകൂ. തൊഴിലിടങ്ങളിൽ പ്രവേശിക്കുവാനും വാക്സിൻ നിർബന്ധമാക്കുകയാണ്. ഈ തീരുമാനങ്ങൾ സമൂഹമാധ്യമങ്ങളിൽ വാക്സിൻ വിരുദ്ധരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. വാക്സിൻ എന്നത് വ്യക്തിപരമായ കാര്യമാണെന്നും അതിനായി ഒരു വ്യക്തിയെ നിർബന്ധിക്കാൻ ഭരണകൂടത്തിന് അവകാശമില്ലെന്നുമാണ് അവർ ഉയർത്തുന്ന വാദം. എന്നാൽ, ഒരു ന്യുനപക്ഷത്തിന്റെ താത്പര്യത്തിനു വഴങ്ങി പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്താൻ അനുവദിക്കരുതെന്ന മറുവാദവും സജീവമാണ്.

തൊട്ടടുത്തുള്ള ദുബായിയും ഇതേ വഴി പിന്തുടരുകയാണ്. ഈ മാസം കലാ-കായിക വേദികളിൽ വാക്സിൻ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാളുകളീലും റെസ്റ്റോറന്റുകളീലും സിനിമാ ഹാളുകളിലും സലൂണുകളിലും പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് താത്ക്കാലികമായെങ്കിലും നിർബന്ധിതമാക്കാൻ ബഹ്റിനും ആലോചിക്കുന്നുണ്ട്.