ന്താരാഷ്ട്ര ഇടപെടലുകളുടെ ഫലമായി ഇസ്രയേലിനും ഹമാസിനും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും വീണ്ടും സംഘർഷാവസ്ഥ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഹമാസ്. ജറുസലേമിലെ വിവാദമായ അൽ-അസ്ഖ മോസ്‌കിനു സമീപത്ത് വച്ച് ഒരു ഫലസ്തീനിയൻ വംശജൻ ഇസ്രയേലി പട്ടാളക്കാരനെ ആക്രമിച്ചു. സൈനികന്റെ ദേഹത്ത് കത്തികുത്തിയിറക്കുകയായിരുന്നു ഇയാൾ. തുടർന്ന് നടന്ന പൊലീസ് വെടിവെയ്‌പ്പിൽ അക്രമി മരണമടയുകയും ചെയ്തു.

ഇസ്ലാമിക ഭീകരവാദികളുടെ പ്രവർത്തനം എന്ന് ഇസ്രയേലി പൊലീസ് വിശേഷിപ്പിച്ച ഈ സംഭവത്തിൽ ഒരു ഇസ്രയേലി പൗരനും കുത്തേറ്റിട്ടുണ്ട്. അക്രമി ഒരു തീവ്രവാദിയാണെന്നല്ലാതെ അയാളുടെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുത്തേറ്റ ഇരുവരും യുവാക്കളാണെന്നും അവർ ആശുപത്രിയിൽചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. അതിൽ ഒരാൾ സൈനികനാണെന്നും ഹഡാസാ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇസ്രയേലി സൈനിക വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം ഒന്നര മണിയോടെ ലൈറ്റ് റെയിൽ സ്റ്റേഷനിൽ എത്തിയ അക്രമി തന്റെ കൈവശം ഒളിപ്പിച്ചിരുന്ന കത്തി വലിച്ചൂരി രണ്ടുപേരെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ യഥാസമയം പ്രതികരിക്കുകയും അക്രമിയെ കീഴടക്കുന്നതിനുള്ള ശ്രമത്തിനിടയിൽ അയാൾ വെടിയേറ്റു മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പബ്ലിക് സെക്യുരിറ്റി വകുപ്പ് മന്ത്രി അമിർ ഒഹാനയും ഇത് ശരിവച്ചിട്ടുണ്ട്.

പാൽസ്തീനികളെ കൂട്ടമായി ഒഴിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഷെയ്ഖ് ജറയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്നായിരുന്നു 11 ദിവസം നീണ്ടുനിന്ന സംഘർഷം തുടങ്ങുന്നത്. ഈജിപ്തിന്റെ മദ്ധ്യസ്തതയിൽ കഴിഞ്ഞ തിങ്കളാഴ്‌ച്ചയായിരുന്നു ഇരു വിഭാഗവും വെടിനിർത്താൻ സമ്മതിച്ചത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ഈ ആഴ്‌ച്ച ഇവിടം സന്ദർശിക്കുവാൻ ഇരിക്കവേയാണ് പുതിയ സംഘർഷം ഉടലെടുക്കുന്നത്. ഇസ്രയേൽ, ഫലസ്തീൻ, ഈജിപ്ത്, ജോർദ്ദാൻ എന്നിവിടങ്ങളിലെ വിവിധ നേതാക്കളുമായി സന്ദർശനവേളയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ചർച്ചകൾ നടത്തും.

അതേസമയം പൊലീസ് അകമ്പറ്റിയോടെ 120 യഹൂദന്മാർജറുസലേമിലെ അവരുടെ പുണ്യസ്ഥലം സന്ദർശിച്ചു. അൽ-അഖ്സ മോസ്‌കിൽ നിന്നും 45 വയസ്സിൽ താഴെ പ്രായമുള്ള മുസ്ലീങ്ങളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. മെയ്‌ 4 ന് സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് യഹൂദന്മാർ തങ്ങളുടെ പുണ്യസ്ഥലം സന്ദർശിക്കുന്നത്. ഇസ്ലാമത വിശ്വാസികളുടെ മൂന്നാമത്തെ പ്രധാനപ്പെട്ട പുണ്യകേന്ദ്രമായ അൽഅഖ്സ മോസ്‌ക്സ്ഥിതിചെയ്യുന്ന ചെറിയ കുന്ന് യഹൂദർക്കും വിശുദ്ധസ്ഥലമാണ്. ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പല യഹൂദ ദേവാലയങ്ങളും നിലനിന്നിരുന്നത് ഇവിടെയായിരുന്നു.