ചെന്നൈ: കാമുകിയെ ദുരഭിമാനക്കൊലയിൽ നിന്നു രക്ഷിക്കാൻ, യുവാവ് പെൺകുട്ടിയുടെ മുന്നിലെത്തി തീകൊളുത്തി മരിച്ചു. രാമനാഥപുരം ജില്ലയിലെ താമസക്കാരനായ വിജയ്(25) എന്ന യുവാവാണു മരിച്ചത്. എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ച വിജയ്യും അപർണശ്രീയും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം വിജയ് ബന്ധുക്കൾക്കൊപ്പം അപർണയുടെ വീട്ടിലെത്തി വിവാഹമാലോചിച്ചു.

എന്നാൽ അപർണയെ വിവാഹം ചെയ്ത് നൽകില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ വാശിപിടിച്ചു. വിവാഹത്തിനു വിസമ്മതിച്ച അപർണയുടെ വീട്ടുകാർ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം അപർണയുടെ വീട്ടിലെത്തി വിജയ് വീണ്ടും വിവാഹാഭ്യർഥന നടത്തി. അഭ്യർത്ഥന നിരസിച്ച മാതാപിതാക്കൾ, അപർണ ഇല്ലാതായാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നു പറഞ്ഞു. അപർണ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കാമെന്ന ഭീതി വിജയ്‌നെ വേട്ടയാടി.

ഇന്നലെ വീട്ടിൽ നിന്നിറങ്ങിപ്പോയ വിജയ്, പെട്രോളുമായി അപർണയുടെ വീടിനു മുന്നിലെത്തി ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. അപർണയെ ഒന്നും ചെയ്യരുതെന്നു വിളിച്ചു പറഞ്ഞുകൊണ്ടാണു തീകൊളുത്തി ആത്മഹത്യ ചെയ്തത്.