- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2500 രോഗികളും 15 മരണവുമായി വീണ്ടും ബ്രിട്ടൻ; പരിശോധന കൂട്ടിയതോടെ രോഗത്തിനു നേരിയ വർദ്ധന; 30 കഴിഞ്ഞവർക്കുള്ള വാക്സിനും തുടങ്ങിയതോടെ സ്വാതന്ത്ര്യ പ്രതീക്ഷ ഇരട്ടിച്ചു
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ തിരിച്ചടിക്കുകയാണെന്ന് പറയാറായിട്ടില്ലെങ്കിലും ബ്രിട്ടനിലെ രോഗവ്യാപനത്തിൽ നേരിയ വർദ്ധനവ് ഉണ്ടായത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 3.4 ശതമാനമാണ് രോഗവ്യാപനതോതിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 2,493 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. അതുപോലെ 15 മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ച ഇത് വെറും 7 മരണങ്ങളായിരുന്നു എന്നതോർക്കണം.
കഴിഞ്ഞ ഒരാഴ്‌ച്ചയായി കോവിഡ് വ്യാപനതോതിൽ ക്രമമായ ഉയർച്ച ദൃശ്യമാകുന്നുണ്ട്. എന്നിരുന്നാൽ കൂടി, ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കണക്കിലെടുക്കുമ്പോൾ പൊതുവായ രോഗവ്യാപനം വളരെ കുറവാണ് എന്നുതന്നെ പറയാം. വാക്സിൻ പദ്ധതിയുടെ ഏറ്റവും അവസാനം ലഭ്യമായ കണക്കനുസരിച്ച് തിങ്കളാഴ്‌ച്ച 1,22,379 പേർക്ക് വാക്സിന്റെ ആദ്യ ഡോസും 3,32,955 പേർക്ക് രണ്ടാം ഡോസും നൽകുകയുണ്ടായി. ഇതോടെ രാജ്യത്ത് 38.2 ദശലക്ഷം പേർക്ക് വാക്സിന്റെ ആദ്യ ഡോസും 23.2 ദശലക്ഷം പേർക്ക് രണ്ടാം ഡോസും ലഭ്യമായിക്കഴിഞ്ഞു.
അതേസമയം ഇന്ത്യൻ വകഭേദം പടർന്നു പിടിക്കുന്ന ഇടങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം വലിയ വിവാദമായി മാറുകയാണ്. പിൻവാതിലിലൂടെ പ്രാദേശിക ലോക്ക്ഡൗൺ കൊണ്ടുവരാനുള്ള ശ്രമമായിട്ടാണ് വിമർശകർ ഇതിനെ കാണുന്നത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ പല രാഷ്ട്രീയ നേതാക്കളും ഈ നയത്തെ എതിർക്കുകയാണ്. ബോൾട്ടൺ, ബ്ലാക്ക്‌ബേൺ, കിർക്ലീസ്, ബെഡ്ഫോർഡ്, ബേൺലി, ലെസ്റ്റർ, ഹൺസ്ലോ, നോർത്ത് ടൈനിസൈഡ് എന്നിവിടങ്ങളിൽ സന്ദർശിക്കുന്നതിനെതിരെ ഓൺലൈനിൽ നൽകിയ മുന്നറിയിപ്പാണ് വിവാദത്തിന് കാരണമായത്.
അതേസമയം, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പുതിയ കണക്കിൽ രാജ്യത്ത് കോവിഡ് മരണനിരക്കിൽ കാര്യമായ കുറവ് വരുന്നുണ്ട് എന്നാണ് കാണിക്കുന്നത്. ഒരാഴ്‌ച്ചയിൽ ഏതെങ്കിലും ഒരു ദിവസം ഇംഗ്ലണ്ടിലെ മിക്ക ഭാഗങ്ങളിലും കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നത് സവിശേഷമായ ശ്രദ്ധ ആകർഷിക്കുന്ന വസ്തുതയാണെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഒരിടത്തും ഏതെങ്കിലും ഒരു ദിവസം 5 മരണങ്ങളിൽ കൂടുതൽ രേഖപ്പെടുത്തിയിട്ടുമില്ല.
ഈ സംഭവവികാസങ്ങൾക്കിടയിലാണ് ഇപ്പോൾ 30 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുവാൻ ആരംഭിക്കുന്നത്. 30 ഉം 31 ഉം വയസ്സുള്ള ഇംഗ്ലണ്ടിലെ 1 ദശലക്ഷം പൗരന്മാർക്ക് വാക്സിൻ എടുക്കുന്നതിനുള്ള ക്ഷണം ഉടനെ ലഭിക്കും. നിലവിൽ, ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ മുക്കാല്ഭാഗം പേർക്കും വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. പകുതിയിലധികം പേർക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ട്. നിലവിലെ വാക്സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലവത്താണ് എന്ന റിപ്പോർട്ടുകൂടി വന്നതോടെ നേരത്തേ നിശ്ചയിച്ചിരുന്നതുപോലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 21 ന് തന്നെ പൂർണ്ണമായും പിൻവലിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.