- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നുമാസമായി ഒരു കോവിഡ് രോഗിയെ പോലും സൃഷ്ടിക്കാതെ കാത്തുസൂക്ഷിച്ചത് വെറുതെയായി; ഒരു ഇന്ത്യാക്കാരൻ മെൽബോണിൽ രോഗം നൽകിയത് ഒമ്പത് പേർക്ക്; കടുത്ത നിയന്ത്രണങ്ങളുമായി ആസ്ട്രേലിയൻ നഗരം വീണ്ടും
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴത്തിന്റെ അവസ്ഥയാണ് ആസ്ട്രേലീയയ്ക്ക് ഇപ്പോൾ. അതിന് കാരണം ഒരു ഇന്ത്യാക്കാരനും. കോവിഡ് നിയന്ത്രണത്തിൽ ലോകത്തിന്റെ കൈയടി വാങ്ങിയ രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. അവിടത്തെ വിക്ടോറിയ സംസ്ഥാനത്ത് ഒരു കോവിഡ് രോഗിപോലുമില്ലാതെ മൂന്ന് മാസങ്ങളാണ് കഴിഞ്ഞുപോയത്. നീണ്ട മൂന്ന് മാസങ്ങളിലെ കോവിഡ് മുക്ത സംസ്ഥാനം എന്ന ബഹുമതി ഇല്ലാതെയാക്കി ഒരു ഇന്ത്യാക്കാരനിൽ നിന്നും ഒമ്പത് പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ആസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെല്ബോണിലാണ് ഇപ്പോൾ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യംസ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് മെൽബണിൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് ബാധിച്ച ഒരു വ്യക്തി ആസ്ട്രേലിയൻ ഫുട്ബോൾ ലീഗ് മത്സരം കാണുവാൻ മെൽബോണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 23,000 കാണികല്ക്ക് ഒപ്പമിരുന്നു എന്ന വാർത്ത വന്നതിനെ തുടർന്നാണ് അധികൃതർ സത്വര നടപടികൾ കൈക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മെൽബോണിന്റെ വടക്കൻ മേഖലയിൽ ഒമ്പത് പേരിൽ ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. അതീവ വ്യാപനശേഷിയുള്ള വകഭേദമായതിനാൽ ഇത് പെട്ടെന്ന് പടർന്ന് പിടിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിൽ അഞ്ചുപേർക്കും രോഗബാധയുണ്ടായത് 60 കാരനായ ഒരു രോഗിയിൽ നിന്നാണ്. അയാളുടെ തന്നെ കുടുംബത്തിലുള്ളവരാണ് രോഗബാധയുണ്ടായതിൽ നാലുപേരും. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 168 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനെ തുടർന്നാണ് നഗരത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വീടിനകത്ത് പോലും മാസ്‌ക് ധരിക്കുക, വീടിനുള്ളിൽ എത്തുന്ന അതിഥികളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തുക തുടങ്ങിയ നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മൂന്നുമാസത്തെ കോവിഡ് മുക്തകാലത്തിനു ശേഷം വീണ്ടും രോഗവ്യാപനം ആരംഭിച്ചതോടെ വിക്ടോറിയയിൽ നിന്നുള്ള ക്വാറന്റൈൻ രഹിത യാത്രാനുമതി ന്യുസിലാൻഡ് റദ്ദാക്കി. തൊട്ടടുത്ത ആസ്ട്രേലിയൻ സംസ്ഥാനമായ സൗത്ത് ആസ്ട്രേലിയയും വിക്ടോറിയയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം കൊറോണയുടെ രണ്ടാം വരവ് തിമിർത്താടിയപ്പോൾ ഏറ്റവുമധികം ദുരിതം അനുഭവിച്ച സംസ്ഥാനമാണ് വിക്ടോറിയ ആസ്ട്രേലിയയിൽ കോവിഡ് കേസുകളിൽ 70 ശതമാനവും കോവിഡ് മരണങ്ങളിൽ 90 ശതമാനവും രേഖപ്പെടുത്തിയത് ഇവിടെയായിരുന്നു. ബ്രിട്ടീഷ് ഇനത്തെ പോലെത്തന്നെ അതിവ്യാപന ശേഷിയുള്ളതാണ് ഇന്ത്യൻ ഇനവും എന്ന് പറഞ്ഞ വിക്ടോറിയയുടെ ചീഫ് ഹെൽത്ത് ഓഫീസർ പക്ഷെ കരുതലെടുത്താൽ ഇത് വ്യാപിക്കാതെ സൂക്ഷിക്കാനും കഴിയുമെന്ന് പറഞ്ഞു.
രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ ജിനോമിക് സ്വീക്വെനിസിംഗിൽ, മെൽബോണിന്റെ വടക്കൻ മേഖലയിലെ വോളെർട്ടിൽ നിന്നുള്ള ഒരു വ്യക്തിക്ക് അഡെലൈഡിൽ ഹോട്ടൽ ക്വാറന്റൈൻ സമയത്താണ് ആദ്യമായി രോഗബാധയുണ്ടായത് എന്ന് കണ്ടെത്തി. രണ്ടാഴ്‌ച്ച മുൻപായിരുന്നു ഇയാൾക്ക് രോഗബാധ ഉണ്ടായത്. എന്നാൽ, അയാളിൽ നിന്നും രോഗാണു മെൽബോണിലേക്ക് എത്തിയ വഴിയിലെ ഒരുപാട് കണ്ണികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നത് അധികൃതരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.
ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളിൽ മൂന്ന്പേർ അർഹതയുണ്ടായിട്ടും വാക്സിൻ എടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ഏറെനാൾ ഒരു രോഗിപോലുമില്ലാതിരുന്നിട്ട് പെട്ടെന്ന് ഒമ്പത് പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടുക, ആദ്യ രോഗിക്ക് ശേഷമുള്ള നിരവധി കണ്ണികളെ കണ്ടെത്താനാകാത്ത സാഹചര്യമുണ്ടാവുക തുടങ്ങിയവയൊക്കെ ആശങ്കാജനകമായ സാഹചര്യമാണ് ഉണ്ടാക്കുന്നത് എന്ന് അധികൃതർ സമ്മതിക്കുന്നു. രോഗവ്യാപനം കൈ വിട്ടുപോയാൽ മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമായി വരുമെന്ന കാര്യവും ആശങ്കയുണർത്തുന്നുണ്ട്.