ലോകം ഏതുസമയവും ഒരു യുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാമെന്നസാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ അതിർത്തിയിലും ചൈനാക്കടൽ മേഖലയിലും ചൈന നടത്തുന്ന അധിനിവേശങ്ങൾ, ഇസ്രയേൽ-ഫലസ്തീൻ സംഘർഷം അങ്ങനെ നിരവധി പ്രശ്നങ്ങൾ ഏതുസമയവും ഒരു ലോകമഹായുദ്ധത്തിന് വഴിമരുന്നിടാൻ പാകത്തിന് കത്തിയെരിഞ്ഞ് നിൽകുകയാണ്. ഇതിനിടയിലാണ് വൻശക്തികൾ അത്യാധുനിക ആയുധങ്ങൾ തയ്യാറാക്കുന്ന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈന ഏറ്റവും അവസാനം പുറത്തിറക്കിയിരിക്കുന്നത് ഒരു അത്യാധുനിക സ്റ്റീല്ത്ത് ബോംബറാണ്.

അമേരിക്കയിലെ ഗുവാം മേഖലയ്ക്കും അപ്പുറത്തേക്ക് ആണവായുധങ്ങൾ വർഷിക്കാൻ കെൽപുള്ളവയാണ് ചൈനയുടെ പുതിയ സ്റ്റീൽത്ത് ബോംബറുകളെന്ന് സൈനിക വിദഗ്ദർ വിലയിരുത്തുന്നു. സിയാൻ എച്ച്-20 എന്ന് പേരിട്ടിട്ടുള്ള ഈ പുതുതലമുറ യുദ്ധവിമാനങ്ങളുടെ കമ്പ്യുട്ടർ ചിത്രം കഴിഞ്ഞദിവസമാണ് നോറിങ്കോയിലെ സ്റ്റേറ്റ് ഡിഫൻസ് കോർപ്പറേഷൻ പുറത്തുവിട്ടത്.

ആയുധങ്ങൾ സംഭരിച്ചുവയ്ക്കുവാനുള്ള സ്ഥലം, ക്രമീകരിക്കാവുന്ന രണ്ട് വാലറ്റ ചിറകുകൾ, എയർബോൺ റഡാർ, കോക്ക്പിറ്റിന്റെ ഇരുവശങ്ങളിലുമായി രണ്ട് എയർ ഇൻടേക്കുകൾ എന്നിവയാണ് ഇതിനുള്ളത്. 90 കളുടെ അവസാനത്തിൽ അമേരിക്ക രൂപകല്പന ചെയ്ത യു എസ് എ എഫ് ബി-2 സ്പിരിറ്റുമായി സമനതകളുള്ള രൂപകല്പനയാണ് ഇതിന്റെതും. നോറിൻകോയുടെ മോഡേൺ വാർഫെയർ എന്ന മാസികയുടെ കവർ ചിത്രത്തിൽ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ആകാശയുദ്ധത്തിലെ ഭഗവാൻ എന്നാണ്.

കടുത്ത ചാരനിറമുള്ള, റഡാറുകളുടെ കണ്ണുകൾ വെട്ടിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന വാലറ്റ ചിറകുകൾ ഇതിന് ഭൂഖണ്ഡാന്തര യാത്ര സാധ്യമാക്കുകയും ചെയ്യും. മാത്രമല്ല, ആധുനിക റഡാറുകൾക്ക് പോലും ഇതിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. 200 ടൺ വരെ ഭാരം വഹിക്കാവുന്ന ഇതിൽ ആണവായുധങ്ങൾക്ക് പുറമേ പരമ്പരാഗത ക്രൂയിസ് മിസൈലുകളും ഉണ്ടാകും എന്ന് നേരത്തേ വന്ന റിപ്പോർട്ടുകളിൽ സൂചനയുണ്ടായിരുന്നു.

വേഗതയേക്കാൾ ഏറെ, ശത്രുക്കളുടെ ശ്രദ്ധയിൽ പെടാതിരിക്കാനാണ് ഇതിന്റെ രൂപകല്പനയിൽ കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത് എന്നാണ് പ്രശസ്ത വ്യോമയുദ്ധ വിദഗ്ദനായ ജോൺ ഗ്രെവാറ്റ് പറയുന്നത്. അതുകൊണ്ടുതന്നെ, വിദൂര ദേശങ്ങളിൽ തന്ത്രപ്രധാനമായ ആക്രമണങ്ങൾക്ക് വഴിവയ്ക്കുക എന്നതുതന്നെയാണ് ഈ പുതിയ ഫൈറ്റർ വിമാനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹ ചൂണ്ടിക്കാട്ടുന്നു.

ഈ ബോംബ് വാഹിനി പ്രവർത്തനക്ഷമമായാൽ ഏഷ്യാ പസഫിക് മേഖലയിലെ പല അമേരിക്കൻ താത്പര്യങ്ങൾക്കും ഇത് കനത്ത ഭീഷണി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.