തിരുവനന്തപുരം: അന്തരിച്ച സാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോ.കെ.ശാരദാമണി (93) ക്ക് ജന്മനാട് വിട നൽകി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അമ്പലമുക്കിലുള്ള വസതിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. കൊല്ലം പട്ടത്താനം സ്വദേശിനിയായ ശാരദാമണി അക്കാലത്ത് ഉന്നത വിദ്യാഭ്യാസം സ്വന്തമാക്കിയ വനിതകളിൽ ഒരാളായിരുന്നു.

തിരുവനന്തപുരം വിമൻസ് കോളജ്,യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഫ്രാൻസിൽ നിന്നാണു സാമൂഹിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയത്. ദീർഘകാലം ഡൽഹി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം അനുഷ്ഠിച്ചു. പുസ്തകങ്ങളും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച ശാരദാമണി അറിയപ്പെടുന്ന കോളമിസ്റ്റുമായിരുന്നു.

ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും ദി പേട്രിയട്ട്, യുഎൻഐ എന്നിവയുടെ ഡൽഹി ലേഖകനുമായിരുന്ന പരേതനായ എൻ.ഗോപിനാഥൻ നായരുടെ (ജനയുഗം ഗോപി) ഭാര്യയാണ് ഡോ.കെ.ശാരദാമണി. നിരവധി പുസ്തകങ്ഹൾ അവരുടേതായി പുറത്ത് വന്നിട്ടുണ്ട്.എമേർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്, പുലയാസ് ഓഫ് കേരള, വുമൻ ഇൻ പാഡി കൾട്ടിവേഷൻ; എ സ്റ്റഡി ഇൻ കേരള, തമിഴ്‌നാട് ആൻഡ് വെസ്റ്റ് ബംഗാൾ, മാട്രിലിനി ട്രാൻസ്‌ഫോംഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റീത് സെഞ്ചുറി ട്രാവൻകൂർ, 'സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം', 'മാറുന്ന ലോകം, മാറ്റുന്നതാര്', ഇവർ വഴികാട്ടികൾ എന്നീ പുസ്തകങ്ങൾ രചിച്ചു.

മക്കൾ: ഡോ.ആശ (ന്യൂറോ സയന്റിസ്റ്റ് ), ഡോ.അരുണിമ ( കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ).