കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ ജീവനക്കാരൻ യാതൊരു കാരണവുമില്ലാതെ എട്ട് സഹപ്രവർത്തകരെ വെടിവെച്ചിടുക ആയിരുന്നു. എട്ടുപേരെ കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. കാലിഫോർണിയയിലെ സാൻജോസിൽ റെയിൽ യാർഡിലാണ് തോക്കുമായി എത്തിയ ജീവനക്കാരൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്.

സാന്താ ക്ലാരാ വാല്ലി ട്രാൻസ്‌പോർട്ടേഷൻ അഥോറിറ്റിയുടെ ട്രെയിൻ യാർഡിലാണഅ സംഭവം. ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവെപ്പുണ്ടായത്. റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന വിഭാഗത്തിലാണ് വെടിവെപ്പ് നടന്നത്. മരിച്ചവർ യാർഡിലെ ജീവനക്കാരാണ്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു.അതേസമയം അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

അക്രമിയുടെ പേരോ പ്രായമോ സംഭവത്തിന് പിന്നിലുള്ള കാരണമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ യാർഡിലെ ജോലിക്കാരനായ സാമുവൽ കാസിഡി (57) ആണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.