കോഴിക്കോട്: രണ്ട് കോടി ചെലവിൽ നിർമ്മിക്കുന്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ആകാശപ്പാതയുടെ നിർമ്മാണം തുടങ്ങി. ഗവ. മെഡിക്കൽ കോളജിലെ പിഎംഎസ്എസ്വൈ ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യൽറ്റി കോംപ്ലക്‌സ്, മെഡിക്കൽ കോളജ് ആശുപത്രി എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് ആകാശപ്പാത. തറനിരപ്പിൽ നിന്നു 7 മീറ്റർ മുതൽ 11 മീറ്റർ വരെ ഉയരത്തിൽ 4 മീറ്റർ വീതിയിലാണ് ആകാശപ്പാത നിർമ്മിക്കുന്നത്.

തൂണുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി വലിയ കുഴികളെടുത്തു. 22 തൂണുകളുണ്ട്. പിഎംഎസ്എസ്വൈ ബ്ലോക്കിൽ നിന്ന് (കാഷ്വൽറ്റി കോംപ്ലക്സ്) എൻഎംസിഎച്ചിലേക്ക് 250 മീറ്ററാണ് ആകാശപ്പാതയുടെ നീളം. ഇതിലൂടെ രോഗികളെ കൊണ്ടുപോകുന്നതിനു ബാറ്ററി കാറുകൾ ഉപയോഗിക്കും. രണ്ടാം ഘട്ടമായി പിഎംഎസ്എസ്വൈ ബ്ലോക്കും മാതൃശിശു സംരക്ഷണവും കേന്ദ്രവും തമ്മിൽ ബന്ധിപ്പിച്ചും ആകാശപ്പാത നിർമ്മാണം പരിഗണനയിലുണ്ട്. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സൂപ്പർ സ്‌പെഷൽറ്റിയിലേക്കും തിരിച്ചും ആംബുലൻസ്, ഓട്ടോറിക്ഷ, സ്ട്രെച്ചർ, ചക്രക്കസേര എന്നിവയിലാണ് രോഗികളെ കൊണ്ടുപോകാറ്.

സ്ട്രെച്ചറിലും ചക്രക്കസേരയിലും കൊണ്ടുപോകുമ്പോൾ മഴയെത്തും വെയിലത്തുമെല്ലാം രോഗികളും ഒപ്പമുള്ളവരും ഏറെ ബുദ്ധിമുട്ടാറുണ്ട്. പദ്ധതിക്കായി ഒരു കോടി രൂപ നേരത്തെ മുൻ മന്ത്രി ടി.പി.രാമകൃഷ്ണന്റെ അഭ്യർത്ഥന പ്രകാരം ബിപിസിഎൽ അനുവദിച്ചിരുന്നു. മെഡിക്കൽ കോളജ് അലുംനെ അസോസിയേഷൻ ഒരു കോടിയിലേറെ രൂപയും ഇതിനകം സമാഹരിച്ചു കഴിഞ്ഞു. എൻഐടിയിലെ വിദഗ്ധരാണ് രൂപരേഖ തയാറാക്കിയത്. എൻഐടിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണവും. 4 മാസം കൊണ്ടു പ്രവൃത്തി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.