- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ഡോസായി നൽകിയത് കോവിഷീൽഡ്, രണ്ടാമത് കോ വാക്സിനും: ഉത്തർ പ്രദേശിൽ വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച
ലഖ്നൗ: ഉത്തർ പ്രദേശിൽ വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച. നേപ്പാൾ അതിർത്തിയോടു ചേർന്ന ഉൾനാടൻ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ വിതരണത്തിൽ വലിയ അപാകത സംഭവിച്ചത്. ഇവിടെ നിരവധി പേർക്ക് ആദ്യ ഡോസായി കോവിഷീൽഡും രണ്ടാമത്തെ ഡോസായി കോ വാക്‌സിനുമാണ് ലഭിച്ചത്. സിദ്ധാർഥ് നഗർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമപ്രദേശമായ ഇവിടെ ഏപ്രിൽ ആദ്യ ആഴ്ച നൽകിയത് കോവിഷീൽഡ് വാക്സിനാണ്. എന്നാൽ മെയ് 14ന് രണ്ടാം ഡോസ് ആയി നൽകിയത് കോവാക്സിൻ ആയിരുന്നു. 20 ഗ്രാമീണർക്കാണ് ഇങ്ങനെ വാക്സിൻ മാറി കുത്തിവെച്ചത്. കോവിഷീൽഡ്, കോവാക്സിൻ എന്നിവ മാറ്റി നൽകുകയായിരുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ സന്ദീപ് ചൗധരി പറഞ്ഞു. വാക്സിൻ വിതരണം ചെയ്തവർക്ക് സംഭവിച്ച പിഴവാണ് ഇതിനു കാരണം. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
അതേസമയം, വാക്സിൻ എടുത്തതിനു ശേഷം തങ്ങളെ ആരോഗ്യവകുപ്പിൽനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പരിശോധന നടത്തിയിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവർ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിൻ സ്വീകരിച്ചതിനു ശേഷമാണ് കോവാക്സിനാണ് എടുത്തതെന്ന് അറിഞ്ഞതെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഡോക്ടർ പറഞ്ഞതായും അവർ പ്രതികരിച്ചു.