ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം. വാക്‌സിനെടുത്തവർക്ക് വിവിധ മേഖലകളിലായി കൂടുതൽ ഇളവ് അനുവദിക്കും.കോവിഡ് രോഗികൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ ആണ് നിലവിലെ നിയന്ത്രണങ്ങൾ നീക്കുന്നത്. വാക്‌സിൻ രണ്ടുഡോസും എടുത്തവർക്ക് നിരവധി ഇളവുകളാണ് വെള്ളിയാഴ്ച മുതൽ വരാൻ പോകുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിൻ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച് തുറന്നുപ്രവർത്തിക്കാൻ ബാർബർ ഷോപ്പ്, ജിംനേഷ്യം, സിനിമ തിയറ്റർ, മസ്സാജ് പാർലറുകൾ എന്നിവക്ക് മന്ത്രിസഭ അംഗീകാരം നൽകി.

ഈസ്ഥാപനങ്ങൾ ആകെ ശേഷിയുടെ 30 ശതമാനത്തിലാണ് പ്രവർത്തനം പുനരാരംഭിക്കേണ്ടത്. എന്നാൽ, ജീവനക്കാരും വാക്‌സിൻ സ്വീകരിച്ചവരാകണമെന്നത് നിർബന്ധമാണ്.ഒരേ കുടുംബമാണെങ്കിൽ കാറിൽ ആരും മാസ്‌ക് ധരിക്കേണ്ടതില്ല. ഒറ്റക്കുള്ള യാത്രയിലും മാസ്‌ക് വേണ്ട. വാക്‌സിൻ എടുത്ത 10 പേർക്ക് വരെ പൊതുസ്ഥലത്ത് ഒത്തുകൂടാം. വാക്‌സിൻ എടുക്കാത്തവർ ആണെങ്കിൽ അഞ്ചുപേർക്ക് വരെയാണ് ഒത്തുകൂടാൻ അനുമതി.അടച്ചിട്ട സ്ഥലങ്ങൾ, വീടുകൾ, മജ്‌ലിസുകൾ എന്നിവിടങ്ങളിൽ വാക്‌സിൻ എടുത്തവർ ആണെങ്കിൽ പരമാവധി അഞ്ചുപേർക്കും

ഒത്തുകൂടാം.സർക്കാർ -സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ അമ്പതുശതമാനം ജീവനക്കാർ മാത്രമേ ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യാവൂ.എന്നാൽ വാണിജ്യവ്യവസായമന്ത്രാലയത്തിന്റെ നിരീക്ഷണത്തിനു ശേഷം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നേടാനാകും. ആകെ ജീവനക്കാരിൽ പകുതിപേർക്കും ജോലിക്കെത്താം.ബിസിനസ് യോഗങ്ങൾ വാക്‌സിൻ സ്വീകരിച്ച 15 പേരെ െവച്ച് ചേരാം. ഇതടക്കം നിരവധി ഇളവുകളാണ് മെയ്‌ 28 മുതൽ പ്രാബല്യത്തിൽ വരുന്നത്.

അതേസമയം, എന്തുകാര്യത്തിന് പുറത്തിറങ്ങിയാലും എല്ലാവരും മാസ്‌ക് ധരിക്കൽ നിർബന്ധമാണ്, മൊബൈലിൽ ഇഹ്തിറാസ് ആപ് വേണം എന്നീ ഉത്തരവുകളിൽ മാറ്റമില്ല. കല്യാണ ചടങ്ങുകൾ നടത്താൻ അനുമതിയില്ല. ഇതിനുള്ള നിരോധനം തുടരും. മൂന്ന് ആഴ്ചകൾ നീളുന്ന നാലുഘട്ടങ്ങളായി എല്ലാ നിയന്ത്രണങ്ങളും നീക്കും. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂലൈ ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.

കർവബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗതമേഖലക്ക് വെള്ളിയാഴ്ച മുതൽ 30 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. വെള്ളിയും ശനിയും കൂടി പ്രവർത്തനം പുനരാരംഭിക്കാം.

പള്ളികൾ നിലവിലുള്ളതുപോലെ പ്രവർത്തിക്കും. 12 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. ടോയ്‌ലറ്റുകൾ അടച്ചിടും. 30 ശതമാനം ശേഷിയിൽ റസ്റ്റാറന്റുകൾക്ക് പ്രവർത്തിക്കാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റുള്ള റസ്റ്റാറന്റുകൾ ആകെ ശേഷിയുടെ 30 ശതമാനത്തിൽ അകത്തിരുത്തി ഭക്ഷണം നൽകാം. പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അഞ്ച് ആളുകളുള്ള ചെറിയ ഗ്രൂപ്പുകൾക്കും ഒരേ കുടുംബത്തിൽ നിന്നുള്ളവർക്കും പ്രവേശനം ഉണ്ടാകും. 30 ശതമാനം ശേഷിയിലാണ് ഇവ പ്രവർത്തിക്കേണ്ടത്.

സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. ആഴ്ചയിൽ ഏഴു ദിവസവും 30 ശതമാനം ശേഷിയിൽ ആയിരിക്കണം ഇത്. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. സ്‌കൂളുകളിൽ ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള ബ്ലെൻഡഡ് പഠനസമ്പ്രദായം 30 ശതമാനം ശേഷിയിൽ തുടങ്ങാം. 30 ശതമാനം ശേഷിയിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും വാക്‌സിൻ എടുത്തവർ ആകണം.

ക്ലാസുകൾ നൽകാൻ വാക്‌സിൻ എടുത്ത ജീവനക്കാർ മാത്രമേ പാടുള്ളൂ. ഹോൾസെയിൽ മാർക്കറ്റുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്രാദേശിക അന്തർദേശീയ കായികമേളകൾക്കായി മുന്നൊരുക്ക പരിശീലനങ്ങൾ നടത്താം. വാക്‌സിൻ സ്വീകരിച്ച 10പേർക്ക് ഔട്ട്‌ഡോറിലും ഇൻഡോറിൽ അഞ്ചുപേർക്കും പരിശീലനം നടത്താം. ടൂർണമെന്റുകളിൽ വാക്‌സിൻ സ്വീകരിച്ച 30 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. അടച്ചിട്ട കേന്ദ്രങ്ങളിൽ ആരാധകരെ അനുവദിക്കില്ല. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, മറ്റ് ഇവന്റുകൾ എന്നിവ നീട്ടിവെക്കണം. ലൈബ്രറികൾ, മ്യൂസിയങ്ങൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 30 ശതമാനം ശേഷിയിൽ ഷോപ്പിങ് സെന്ററുകൾക്ക് പ്രവർത്തനം തുടരാം.

ഫുഡ് കോർട്ടുകൾ അടച്ചിടണം. പാർസൽ, ഡെലിവറി എന്നിവ അനുവദിക്കും. 12 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രം വാടകബോട്ടുകൾ, വിനോദസഞ്ചാര യാനങ്ങൾ, ഉല്ലാസനൗകകൾ എന്നിവ ഉപയോഗിക്കാം. മറ്റുള്ളവർക്ക് ഈസേവനം നൽകുന്നതിലുള്ള നിരോധനം തുടരും. വ്യക്തിഗത ബോട്ടുകൾ പരമാവധി 10 പേർക്ക് ഉപയോഗിക്കാം. വാക്‌സിൻ എടുക്കാത്ത നാലുപേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ.