- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ഇല്ലാത്തതിനാൽ ഗർഭിണിയായ യുവതിയെ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല; ചെളിയും വെള്ളക്കെട്ടും നിറഞ്ഞ വഴിയിലൂടെ നടക്കവെ കുട്ടി പുറത്തേക്ക് വരാൻ തുടങ്ങി; വാഹനത്തിനടുത്തേക്ക് നടക്കവെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു
പാലക്കാട്: റോഡ് ഇല്ലാത്തതിനാൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞ വഴിയിലൂടെ നടക്കവെ പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ചു. വിളയൂർ കുപ്പൂത്ത് തെങ്ങിങ്ങൽ മുഹമ്മദിന്റെ മകൾ ഖമറുന്നിസ (30) പ്രസവിച്ച ആൺകുഞ്ഞാണു മരിച്ചത്. വീടുവരെ വാഹനം ചെല്ലാത്തതിനാൽ യുവതിയെ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വന്നതാണ് ദുരന്തത്തിന് വഴിവെച്ചത്.
ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ കോവിഡ് ബാധിതരായതിനാൽ സഹായിക്കാനുമായില്ല. യുവതിക്ക് പ്രസവ വേദന കടുത്തതോടെ അയൽവാസിയും വാർഡ് ജാഗ്രതാസമിതി അംഗവുമായ സി. മൊയ്തീൻകുട്ടി വാഹനവുമായി എത്തിയെങ്കിലും വഴിക്കു വീതി കുറവായതിനാൽ വീടിനു150 മീറ്റർ അകലെ നിർത്തേണ്ടി വന്നു. ഖമറുന്നീസയെ വാഹനത്തിനടുത്തേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി പുറത്തുവരാൻ തുടങ്ങി. ഉടൻ പരിസരത്തെ വീട്ടിൽ കയറ്റി പ്രസവമെടുത്തെങ്കിലും കുഞ്ഞു മരിച്ചു.
എട്ടു മാസം ഗർഭിണിയായിരുന്ന യുവതിക്ക് ഇന്നലെ പുലർച്ചെ നാലോടെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഭർത്താവ് റഷീദ് തൃശൂർ വരവൂരിലെ വീട്ടിലായിരുന്നു. വീട്ടിൽ പ്രായമായ, അംഗപരിമിതനായ പിതാവ് മാത്രമാണുണ്ടായിരുന്നത്. സഹോദരൻ ഉൾപ്പെടെയുള്ളവർ കോവിഡ് പോസിറ്റീവായി ക്വാറന്റീനിലായതിനാൽ പുറത്തിറങ്ങാനായില്ല. ഖമറുന്നീസയ്ക്കു രണ്ടു വയസ്സുള്ള പെൺകുട്ടി കൂടിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ