- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റകർഷകരുടെയും സാധാരണക്കാരന്റെയും നിയമ വഴിയിലെ വെളിച്ചം; പാലായിൽ നിന്നെത്തി കോഴിക്കോട്ടുകാരുടെ പ്രിയങ്കരനായി മാറിയ വക്കീൽ: അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിത്വം: അഡ്വ വർക്കി പൈകട ഇനി മലബാറിന്റെ മനസ്സിലെ തിളങ്ങുന്ന ഓർമ

കോഴിക്കോട്: പാലായിൽ നിന്നെത്തി കോഴിക്കോട്ടുകാരുടെ പ്രിയങ്കരനായി മാറിയ വക്കീലായിരുന്നു അഡ്വ. വർക്കി പൈകട. കുടിയേറ്റക്കാരനായതുകൊണ്ട് തന്നെ കോഴിക്കോട്ടെ കുടിയേറ്റ കർഷകരുടെയും സാധാരണക്കാരുടെയും നിയമ വഴിയിലെ വെളിച്ചമായിരുന്നു അദ്ദേഹം. വനം വന്യജീവി നിയമങ്ങൾ അറിയാതെ കേസിൽ കുടുങ്ങുന്ന സാധാരണക്കാർക്കൊപ്പം പ്ലാന്റർമാരുടെ സ്വത്തുതർക്ക കേസുകളിലും ഹാജരായതോടെ അക്കാലത്ത് മലബാറിൽ ഏറ്റവും തിരക്കുള്ള അഭിഭാഷകരിൽ ഒരാളായി. 1956ൽ കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് കോടതിയിൽ ആരംഭിച്ച യാത്രയാണ് മാവൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ ഇന്നലെ അവസാനിച്ചത്.
പാലായിലെ പൈകട കുടുംബാംഗമായ വർക്കി പൈകട അഡ്വ. കേരളവർമയുടെ ജൂനിയറായാണ് കോഴിക്കോട്ട് പ്രക്ടീസിനു തുടക്കമിട്ടത്. കുറ്റ്യാടിയിലും വയനാട്ടിലും തോട്ടം വാങ്ങാനാണ് മലബാറിലേക്ക് എത്തിയത്. കോഴിക്കോട് ഇഷ്ടപ്പെട്ടതോടെ കോഴിക്കോട് ബാറിൽ പ്രാക്ടീസ് തുടങ്ങി അവിടെ താമസമാക്കുകയും ചെയ്തു. അറിവിലും പ്രവൃത്തിയിലുമുള്ള പൂർണ വിശ്വാസമായിരുന്നു വർക്കി പൈകടയുടെ വിജയത്തിനു പിന്നിൽ. ആരുടെ മുന്നിലും തല കുനിക്കാതെ പറയാനുള്ള കാര്യം ശിരസ് ഉയർത്തിപ്പിടിച്ച് പറയുന്ന രീതി മുതിർന്ന അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സിവിൽ വക്കീൽ എന്ന നിലയിലും തോട്ടം ഉടമയായും സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായി. കുടിയേറ്റ കർഷകർക്കെതിരെ വനം വകുപ്പിന്റെ കേസും കുടിയൊഴിപ്പിക്കലും ധാരാളം നടന്ന അക്കാലത്ത് അവർ സങ്കടം പറയാൻ ആദ്യം ഓടിയെത്തുക വർക്കി പൈകടയുടെ അടുത്തേയ്ക്കായിരുന്നു. കോടതിച്ചെലവു പോലും നൽകാനില്ലാത്ത സാധാരണക്കാരുടെ കേസുകളും അദ്ദേഹം ഏറ്റെടുത്തു വിജയിപ്പിച്ചു. മദ്രാസ് ലോ കോളജിലായിരുന്നു നിയമബിരുദ പഠനം.
ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും ആയിരിക്കുമ്പോഴും പൊലീസിന്റെ താൽപര്യങ്ങൾക്കനുസരിച്ചല്ല, നീതിയുടെ മാനദണ്ഡങ്ങൾക്കൊത്തായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങൾ. മുൻ മന്ത്രി കെ.എം. മാണിയുടെ സഹപാഠിയും അടുത്ത സുഹൃത്തും ആയിരുന്നു. പി.ടി ചാക്കോയുമായും അടുത്ത സൗഹൃദം പുലർത്തുകയും അദ്ദേഹത്തിന്റെ അന്ത്യസമയത്ത് ഒപ്പം ഉണ്ടാവുകയും ചെയ്തു. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഇരുവരും നിർബന്ധിച്ചിരുന്നെങ്കിലും നിയമവഴിയിൽ മാത്രമായിരുന്നു വർക്കി പൈകട സഞ്ചരിച്ചത്. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ്, കോസ്മോപൊളിറ്റൻ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും കോഴിക്കോടിന് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചാണ് വർക്കി പൈകട യാത്രയാകുന്നത്.


