- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോൾ പ്ലാസകളിൽ വാഹന നിര നൂറ് മീറ്ററിലധികം നീണ്ടാൽ ടോൾ ഇല്ലാതെ കടത്തി വിടും; ദേശീയ പാതാ അഥോറിറ്റി
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ വാഹന നിര 100 മീറ്ററിലധികം നീണ്ടാൽ ആ പരിധിക്കുള്ളിലെത്തുന്നതുവരെ ടോൾ ഈടാക്കാതെ കടത്തി വിടാൻ ദേശീയ പാതാ അഥോറിറ്റിയുടെ നിർദ്ദേശം. രാജ്യത്ത് ഫാസ്ടാഗുകൾ 96% ആയ സാഹചര്യത്തിൽ 10 സെക്കൻഡിൽ കൂടുതൽ ഒരു വാഹനം ടോൾപ്ലാസയിലുണ്ടാകരുതെന്നും എൻഎച്ച്എഐ നിർദേശിച്ചു. ടാഗ് നടപ്പാക്കിയ ശേഷവും പല ടോൾ പാതകളിലും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടെന്നു വന്നതോടെയാണു അഥോറിറ്റി പുതിയ നിർദ്ദേശം നൽകിയത്.
ഏറ്റവും തിരക്കേറിയ സമയത്തു പോലും 10 സെക്കൻഡിലധികം ഒരു വാഹനത്തിന് ടോൾപ്ലാസയിൽ ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകരുത്. 100 മീറ്ററിലധികം വാഹനനിര നീളരുത്. നീണ്ടാൽ 100 മീ. പരിധിക്കുള്ളിൽ നിര വരുന്നതുവരെ വാഹനങ്ങൾ സൗജന്യമായി കടത്തിവിടും. 100 മീറ്റർ പരിധി ഉറപ്പാക്കാൻ ഓരോ ടോൾ ലെയ്‌നിലും മഞ്ഞ നിറത്തിൽ വരകളുണ്ടാവും. ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം ടോൾ ബൂത്ത് ജീവനക്കാരിൽ നിന്നുണ്ടാകണമെന്നും എൻഎച്ച്എഐ നിർദേശിച്ചു.
തൃശൂർ പാലിയേക്കരയിൽ 30% വാഹനങ്ങൾ ഫാസ്ടാഗില്ലാതെയാണു കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അത്തരം വാഹനങ്ങളുടെ ക്യൂ തിരക്കേറിയതാണ്. ടാഗില്ലാത്തതും ടാഗിൽ മതിയായ പണമില്ലാത്തതുമായ വാഹനങ്ങൾ സാധാരണ ട്രാക്കിൽ കയറുന്നതു മൂലമുള്ള പ്രശ്‌നങ്ങളും ഏറെയാണ്. പുതിയ നിർദ്ദേശം ഫാസ്ടാഗുള്ള വാഹനങ്ങളുടെ ട്രാക്കിനു മാത്രമാണെന്നു ടോൾ കമ്പനി ചൂണ്ടിക്കാട്ടി.