- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരകളെ വേദനിപ്പിക്കാതിരിക്കാൻ ജഡ്ജിമാരെ പഠിപ്പിക്കും; നടപടി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ
കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ ഇരകളായ സ്ത്രീകളെ കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ ജഡ്ജിമാർക്ക് പരിശീലനം നൽകും. കീഴ്‌ക്കോടതി ജഡ്ജിമാർക്കാണ് പരിശീലനം നൽകുക. ഇരകളെ കൂടുതൽ വേദനിപ്പിക്കുന്ന പരാമർശങ്ങൾ കോടതികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത് ഒഴിവാക്കാൻ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരിശീലനം.
'ലിംഗനീതി അവബോധം' ജഡ്ജിമാരുടെ പരിശീലനത്തിന്റെയും തുടർവിദ്യാഭ്യാസത്തിന്റെയും ഭാഗമാക്കാൻ നാഷനൽ ജുഡീഷ്യൽ അക്കാദമി സംസ്ഥാന അക്കാദമികളുമായി ചേർന്നു നടപടിയെടുക്കണം. നിയമ സർവകലാശാലകളും കോളജുകളും ഈ വിഷയം ബിരുദ പഠനത്തിൽ ഉൾപ്പെടുത്തണം. പബ്ലിക് പ്രോസിക്യൂട്ടർമാർക്കും സ്റ്റാൻഡിങ് കൗൺസൽമാർക്കും പരിശീലനം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇരയായ യുവതിക്കു പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിയ വിധിന്യായത്തിലാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ ഓരോ ഘട്ടത്തിലും കോടതിയുടെ നിഷ്പക്ഷത ഇരകളെ ബോധ്യപ്പെടുത്താൻ കഴിയണമെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നതോ ഇരകളുടെ അന്തസ്സ് ഇടിക്കുന്നതോ ആയ ഭാഷ ഒഴിവാക്കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി. രാഖി കെട്ടിക്കൊടുക്കണമെന്നും മറ്റുമുള്ള ജാമ്യവ്യവസ്ഥകൾ ചോദ്യം ചെയ്തു വനിതാ അഭിഭാഷകർ നൽകിയ ഹർജിയിലാണു സുപ്രീം കോടതി ഇടപെട്ടത്.