സാംസ്‌കാരികത്തനിമയിൽ ഒരു തുള്ളിമദ്യം വീണാൽ പോലും സഹിക്കാത്തവർക്കും മൗനമാണ്, 2014 ഏപ്രിൽ 14 ന് ബോക്കോ ഹറാം എന്ന ഇസ്ലാമിക ഭീകരസംഘടന തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്ന 112 പെൺകുട്ടികളുടെ കാര്യത്തിൽ. ചിബോക്ക് ഗവണ്മെന്റ് സെക്കണ്ടറി സ്‌കൂളിലെത്തിയ ആയുധധാരികളായ ഭീകരരാണ് നിഷ്‌കളങ്കരായ സ്‌കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. സൈനികരാണെന്ന വ്യാജേനയായിരുന്നു അവർ എത്തിയത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വടക്കൻ നൈജീരിയയിലെ കൃസ്ത്യൻ ഭൂരിപക്ഷ പട്ടണമാണ് ചിബോക്ക്. ഇവിടത്തെ പാവപ്പെട്ട പെൺകുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളിലേക്കായിരുന്നു അന്നേദിവസം ഭീകരർ ഇരച്ചുകയറിയത്. വികസ്വര രാജ്യങ്ങളിൽ വിദ്യാഭ്യാസ കാര്യത്തിൽ നൈജെരിയ ഏറെ മുന്നിലാണെങ്കിലും, ഈ മേഖലയിൽ കഷ്ടി 4 ശതമാനം പെൺകുട്ടികൾക്ക് മാത്രമാണ് സെക്കൻഡറി വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുണ്ടായിരുന്നവരെല്ലാം തന്നെ ഏറെ ഭാഗ്യം സിദ്ധിച്ച പെൺകുട്ടികൾ എന്ന് അറിയപ്പെട്ടവരായിരുന്നു.

സ്‌കൂളിൽ ഉണ്ടായിരുന്ന ഭക്ഷണവും പെട്രോളും പിന്നെ ഒരു ബ്രിക്ക് മേക്കിങ് മെഷിനും കൊള്ളയടിച്ചതിനുശേഷം അവർ സ്‌കൂൾ അഗ്‌നിക്കിരയാക്കുകയായിരുന്നു. തുടർന്നായിരുന്നു ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 276 വിദ്യാർത്ഥിനികളെയാണ് അന്നവർ തട്ടിക്കൊണ്ടുപോയത്. വിദൂരങ്ങളിലെ ഏകാന്തമായ ഇടങ്ങളിൽ ഒളിപ്പിച്ചും മരങ്ങൾക്കടിയിൽ കിടത്തിയുറക്കിയും അവരെ അന്വേഷിക്കുന്നവരുടെ കണ്ണുകളിൽ നിന്നും ഒളിപ്പിച്ചുവയ്ക്കാൻ അബൂബക്കർ ഷെക്കവു എന്ന കൊടുംഭീകരന്റെ നേതൃത്വത്തിലുള്ള സംഘത്തിനായി.

ഇവരിൽ ഭൂരിപക്ഷവും കൃസ്തുമത വിശ്വാസികളായ പെൺകുട്ടികളായിരുന്നു. ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത് കൂട്ടത്തിലുള്ള ഏതെങ്കിലും ഒരു തീവ്രവാദിയെ വിവാഹം കഴിക്കണമെന്നായിരുന്നു ഭീകരർ അവരോട് ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ചവരിൽ പലരും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. പലരും മരണമടഞ്ഞു. ഇതിനിടയിൽ ചിലരെങ്കിലും ഭീകരരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.

മതാനുഷ്ഠാനങ്ങളുടെ പേരിലാണ് സംഘടന വളർത്തുന്നതെങ്കിലും ഇവരുടെ പിടിയിലായ ഇസ്ലാമിക വിശ്വാസികളായ പെൺകുട്ടികളുടെയും അവസ്ഥ തികച്ചും ദാരുണമായിരുന്നു എന്ന് അവിടെനിന്നും രക്ഷപ്പെട്ടെത്തിയവരിൽ ചിലർ പറയുന്നു. കൊടിയ രീതിയിലുള്ള ബലാത്സംഗങ്ങൾക്ക് അവരും വിധേയരാകുന്നുണ്ട്. ഇതിനോടകം തന്നെ പല പെൺകുട്ടികളും ഗർഭം ധരിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്തിരിക്കുന്നു എന്നും അവർ വെളിപ്പെടുത്തുന്നു.

ഇത്തരത്തിൽ ഭീകരന്മാരെ വിവാഹംകഴിക്കാൻ വിധിക്കപ്പെട്ട രണ്ട് മുസ്ലിം സഹോദരിമാരുടെ കദന കഥ ഈയിടെ ഒരു അമേരിക്കൻ മാധ്യമം പുറത്തുവിട്ടിരുന്നു. ബോക്കോ ഹറാമിനെ പേടിച്ച് ആളുകൾ ഒഴിച്ചിട്ടുപോയ ഒരു വീട്ടിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. പരിമിതമായ തോതിലുള്ള ഭക്ഷണം മാത്രമാണ് ഇവർക്ക് ലഭിക്കുക. രക്ഷപ്പെടാൻ ശ്രമിച്ചാൽ മരണമായിരിക്കും ഫലം. രാവിലെ വീടുവിട്ടിറങ്ങുന്ന ഭർത്താക്കന്മാർ വൈകിട്ട് തിരിച്ചെത്തി ബലാത്സംഗം ചെയ്യുന്നതും പ്രതീക്ഷിച്ച് നിർവികാരരായി പകൽ തള്ളിനീക്കുകയാണ് ഈ സ്വപ്നങ്ങൾ കാണേണ്ട പ്രായത്തിലുമവർ.

ഇവരെ ഭീകരരുടെ പിടിയിൽ നിന്നും മോചിപ്പിക്കുവാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ വിഫലമായിരിക്കുകയാണ്. നൈജീരിയയിലെ ഭരണകൂടം മാറിയപ്പോൾ അല്പം പ്രതീക്ഷ ഉണ്ടായെങ്കിലും ഇക്കാര്യത്തിൽ കാര്യമായ മുന്നേറ്റമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ബന്ധികളാക്കപ്പെട്ടവരിൽ 61 കുട്ടികൾ പല സമയങ്ങളിലായി രക്ഷപ്പെട്ടു.

ചിലർ നടത്തിയ സന്ധിസംഭാഷണങ്ങളിൽ 103 പെൺകുട്ടികൾ മോചിപ്പിക്കപ്പെട്ടു. ബാക്കിയുള്ളവരുടെ കാര്യമാണ് ഇപ്പോഴും പുറം ലോകത്തിന്അജ്ഞാതമായി തുടരുന്നത്.