ചെറുപ്പത്തിൽ മരിച്ചുപോയ കുഞ്ഞനുജത്തിയുടെ ഓർമകൾ പങ്കുവെച്ച് നടി പാർവതി ജയറാം. 25 വർഷങ്ങൾക്കു മുൻപായിരുന്നു പാർവതിയുടെ ഇളയ സഹോദരി ദീപ്തിയുടെ വേർപാട്. അവസാന ശ്വാസം വരെ ദീപ്തിയെ മിസ് ചെയ്യുമെന്ന് പറഞ്ഞ കുറിപ്പുമായാണ് പാർവ്വതി എത്തിയത്.

''നീണ്ട 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്... അവസാനശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു'', പാർവതി കുറിച്ചു.

തിരുവല്ല സ്വദേശിയാണ് പാർവതി. ദീപയെക്കൂടാതെ ഒരു സഹോദരി കൂടി പാർവതിക്കുണ്ട്. രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് അശ്വതി കുറുപ്പ് എന്ന പാർവതി. ജ്യോതിയാണ് പാർവതിയുടെ മൂത്ത സഹോദരി.

പതിനാറാം വയസിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയ രംഗത്തെത്തുന്നത്. പാർവ്വതിയെ പോലെ അഭിനയത്തിൽ കഴിവ് തെളിയിച്ചിരുന്നു സഹോദരിയും. ഹരിഹരൻ-എംടി വാസുദേവൻ നായർ ടീമിന്റെ ' ആരണ്യകം' എന്ന ചിത്രത്തിൽ പാർവതിക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഒന്നിച്ചെടുത്ത ഫോട്ടോ പങ്കുവച്ചാണ് പാർവ്വതി ഓർമ്മ പങ്കുവെച്ചത്.

എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവൾ, അവൾ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോൾ ചില കോളേജുകളുടെ വരാന്തകളിൽ ഞാൻ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും, ദീപ്തിയെ കുറിച്ച് ഒരിക്കൽ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞതിങ്ങനെ. തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ദീപ്തിയുടെ മരണമെന്നും പാർവതി പറയുന്നു.